ക്ലാസ്മേറ്റ്സിന്റെ വിജയം ആവര്‍ത്തിക്കുമോ?
കഴിഞ്ഞ ഓണത്തിന് വലിയ ബഹളങ്ങളില്ലാതെയാണ് യുവതാര ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രമെത്തിയത്. സൂപ്പര്‍താരചിത്രങ്ങളെ പിന്നിലാക്കി ക്ലാസ്മേറ്റ്സ് അപ്രതീക്ഷിതമായ വന്‍വിജയത്തിന്റെ പുതിയ ചരിത്രം കുറിച്ചു. ഈ ക്രിസ്മസിനും സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിക്കാന്‍ ഒരു കൊച്ചുചിത്രമെത്തുന്നു.
റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്ക് ഇത്തവണത്തെ ക്രിസ്മസിനെത്തുന്നത് സൂപ്പര്‍താര സാന്നിധ്യമില്ലാതെയാണ്. പ്രശസ്തരായ യുവതാരങ്ങളും ഈ ചിത്രത്തിലില്ല. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന നോട്ട്ബുക്ക് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ്ഗോപിയുടെയും ചിത്രങ്ങളുമായി മത്സരിക്കാനെത്തുമ്പോള്‍ ചലച്ചിത്രരംഗം ഉറ്റുനോക്കുന്നത് ക്ലാസ്മേറ്റ്സ് നേടിയ വിജയം ആവര്‍ത്തിക്കപ്പെടുമോയെന്നാണ്.
ക്ലാസ്മേറ്റ്സ് കോളജ് കാമ്പസിന്റെ കഥയാണ് പറഞ്ഞതെങ്കില്‍ നോട്ട്ബുക്ക് വിദ്യാര്‍ത്ഥികളുടെ ലോകത്തിലേക്കാണ് നോക്കുന്നത്. മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ സംവിധായനകായ ലാല്‍ ജോസാണ് ക്ലാസ്മേറ്റ്സ് ഒരുക്കിയതെങ്കില്‍ കന്നിചിത്രം ഉദയനാണ് താരം മെഗാഹിറ്റാക്കി മാറ്റിയതിലൂടെ ശ്രദ്ധേയനായ റോഷന്‍ ആന്‍ഡ്രൂസിന്റെ രണ്ടാമത്തെ ചിത്രമാണ് നോട്ട്ബുക്ക്.
ക്ലാസ്മേറ്റ്സിനെന്ന പോലെ നോട്ട്ബുക്കിനും മികച്ച തിരക്കഥയുടെ പിന്‍ബലമുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ തിരക്കഥയുടെ മര്‍മറിയാവുന്നവരാണെന്ന് തെളിയിച്ച ബോബി-സഞ്ജയ് ടീമാണ് നോട്ട്ബുക്കിന് രചന നിര്‍വഹിച്ചിരിക്കുന്നത്.
സൂപ്പര്‍താരങ്ങളില്ലാത്ത ഇടത്തരം ചിത്രങ്ങള്‍ വിജയങ്ങളാക്കി മാറ്റുന്നതില്‍ പ്രശസ്തനായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ് നോട്ട്ബുക്ക് നിര്‍മിച്ചിരിക്കുന്നത്. പ്രമേയത്തിന്റെ കരുത്തുള്ള അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍ എന്നീ ചിത്രങ്ങള്‍ മികച്ച വിപണനതന്ത്രത്തിലൂടെ വിജയങ്ങളാക്കി മാറ്റിയ ഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ പി.വി.ഗംഗാധരന്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് നോട്ട്ബുക്ക് ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
സൂപ്പര്‍താരങ്ങള്‍ക്കു മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കാനാവൂവെന്ന വിശ്വാസത്തെയാണ് ക്ലാസ്മേറ്റ്സ് അട്ടിമറിച്ചത്. പുതുമയുള്ള കഥയും കാമ്പുള്ള തിരക്കഥയുമാണ് സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ക്ലാസ്മേറ്റ്സ് തെളിയിച്ചു. ബാബ കല്യാണി, പളുങ്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ ചിത്രങ്ങളുമായി സൂപ്പര്‍താരങ്ങള്‍ ക്രിസ്മസ് വിപണി കീഴടക്കാനെത്തുമ്പോള്‍ നോട്ട്ബുക്ക് മറ്റൊരു ക്ലാസ്മേറ്റ്സ് ആയി മാറുമോ?


Click it and Unblock the Notifications