ചതിക്കാത്ത ചന്തുവാകുന്നത് ജയസൂര്യ
ചതിക്കാത്ത ചന്തുവാകുന്നത് ജയസൂര്യ
ഡിസംബര്‍ 17, 2003
റാഫി മെക്കാര്‍ട്ടിന്റെ ചതിക്കാത്ത ചന്തു പൃഥ്വിരാജല്ല. പേരിന്റെ പേരില്‍ വിവാദമുണ്ടാക്കിയ ചിത്രത്തിന്റെ നായകന്‍ വീണ്ടും മാറി. ജയസൂര്യയാണ് ചതിക്കാത്ത ചന്തുവാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ അവസാനത്തില്‍ തുടങ്ങും.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിക്കാത്ത ചന്തുവില്‍ പൃഥ്വിരാജ് നായകനാവുമെന്നാണ് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നത്. ഇപ്പോള്‍ പകരം ജയസൂര്യ വന്നിരിക്കുന്നു. തെങ്കാശിപ്പട്ടണം പോലെ മുഴുനീള ചിരിപ്പടമായതിനാലാണ് ജയസൂര്യയെ നായകനാക്കിയത്.
നായകന്‍ മാറിയപ്പോള്‍ നായികയും മാറി. ഭാവനയാണ് ജയസൂര്യയുടെ നായികയാവുന്നത്. സ്വപ്നക്കൂടിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജിന്റെ ജോഡിയായി കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നവ്യാ നായര്‍ റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ നായികയാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
നേരത്തെ ദിലീപിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണിത്. ദിലീപ് നായകനാവുമെന്ന് അറിയിച്ചിരുന്ന സമയത്ത് ചിത്രത്തിന്റെ പേര് ചതിയന്‍ ചന്തു എന്നാണ് അനൗണ്‍സ് ചെയ്തിരുന്നത്. പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഈ ചിത്രത്തില്‍ നിന്ന് ദിലീപ് പിന്‍മാറിയപ്പോള്‍ പൃഥ്വിരാജ് നായകനാവുമെന്ന് അറിയിക്കുക മാത്രമല്ല ചിത്രത്തിന്റെ പേര് മാറ്റുകയും ചെയ്തു. ചതിയന്‍ ചന്തു ചതിക്കാത്ത ചന്തുവായി. ഈ പേര് മാറ്റം സിനിമാലോകത്ത് സംസാരവിഷയമായി മാറിയിരുന്നു.
ദിലീപിനായി കരുതിവച്ചിരുന്ന വേഷമാണ് ഇപ്പോള്‍ ജയസൂര്യയ്ക്ക് വന്നുപെട്ടിരിക്കുന്നത്. തെങ്കാശിപ്പട്ടണത്തിലൂടെ ദിലീപിന് ബ്രേക്ക് നല്‍കിയ സംവിധായക ജോഡിയാണ് റാഫി മെക്കാര്‍ട്ടിന്‍. അതുകൊണ്ടുതന്നെ ചതിയന്‍ ചന്തുവില്‍ ജയസൂര്യയ്ക്ക് ഏറെ പ്രതീക്ഷകളുണ്ട്.
ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.


Click it and Unblock the Notifications