മോഹന്‍ലാലിന് സൗന്ദര്യ വീണ്ടും നായിക
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തിരക്കുള്ള നടിയായ സൗന്ദര്യ വീണ്ടും മോഹന്‍ലാലിന്റെ നായികയായി അഭിനയിയ്ക്കുന്നു. ഡോ. എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ഹരിശ്രീ എന്ന ചിത്രത്തിലാണ് സൗന്ദര്യ മോഹന്‍ലാലിന് നായികയായി വീണ്ടും വേഷമണിയുന്നത്.
പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലാണ് ആദ്യമായി മോഹന്‍ലാലും സൗന്ദര്യയും ഒന്നിച്ച് അഭിനയിച്ചത്. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു സൗന്ദര്യ ഈ ചിത്രത്തില്‍.
വിവാഹത്തിന് ശേഷവും അഭിനയം തുടരുന്ന സൗന്ദര്യ തമിഴിലും തെലുങ്കിലും കന്നഡയിലും ഒരു പോലെ തിരക്കുള്ള നടിയാണ്. ഹരിശ്രീ സൗന്ദര്യയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. സത്യന്‍ അന്തിക്കാട്-ജയറാം ടീമിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ മലയാളത്തിലെത്തുന്നത്.
സീരിയല്‍ രംഗത്തു നിന്ന് സിനിമയിലെത്തുന്ന ഡോ. എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ഹരിശ്രീ. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ജനാര്‍ദനന്‍ തന്നെ. ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം ഒരു നവാഗത സംവിധായകന്റെ സിനിമയില്‍ വീണ്ടും അഭിനയിക്കുകയാണ് മോഹന്‍ലാല്‍.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ചിത്രം അടുത്ത ഓണത്തിന് തിയേറ്ററുകളിലെത്തുന്ന വിധത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഷിര്‍ദിസായി ക്രിയേഷന്‍സിന്റെ ബാനറില്‍ പി. കെ. ആര്‍. പിള്ള നിര്‍മിക്കുന്ന ചിത്രം ഷിര്‍ദിസായി ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications