തിലകന്‍ വീണ്ടും സജീവമാവുന്നു
തിലകന്‍ വീണ്ടും സജീവമാവുന്നു
ഡിസംബര്‍ 18, 2003
ഒരു ഇടവേളയ്ക്ക് ശേഷം തിലകന്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് രാമനാഥന്റെ കുടുംബവിശേഷങ്ങള്‍. രാമനാഥന്‍ എന്ന കഥാപാത്രമായാണ് തിലകന്‍ വേഷമിടുന്നത്.
തിലകന്‍ അഭിനയിച്ച് അവിസ്മരണീയമാക്കിയ പല അഛന്‍ കഥാപാത്രങ്ങളുടെയും മാതൃകയില്‍ സൃഷ്ടിച്ച ഒരു വേഷമാണ് രാമനാഥന്റെ കുടുംബവിശേഷങ്ങളിലേത്. ബൈജു റ്റുഡിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കുടുംബത്തിന്റെ നെടുംതൂണായ രാമനാഥമേനോന്‍ എന്ന കഥാപാത്രം കുറച്ചുകാലത്തിന് ശേഷം തിലകന് ലഭിക്കുന്ന പ്രധാന വേഷമാണ്.
അസുഖം ബാധിച്ച് ചികിത്സയിലായതിനെ തുടര്‍ന്ന് അഭിനയരംഗത്തു നിന്ന് കുറച്ചുകാലം വിട്ടുനിന്ന തിലകന്‍ സിനിമാരംഗത്തേക്ക് തിരിച്ചെത്തിയതിന് ശേഷവും വേണ്ടത്ര സജീവമായിരുന്നില്ല. വാല്‍ക്കണ്ണാടി പോലുള്ള ചിത്രങ്ങളിലാണ് തിലകന്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം ലഭിക്കുന്നത് ഇപ്പോഴാണ്.
രാമനാഥ മോനോന്റെയും അയാളുടെ മൂന്ന് മക്കളുടെയും കഥയാണ് രാമനാഥന്റെ കുടുംബവിശേഷങ്ങള്‍ പറയുന്നത്. ഭാര്യ നേരത്തെ മരിച്ചുപോയ ജീവിതത്തില്‍ രാമനാഥന് മക്കളാണ് തുണ. അവര്‍ക്കു വേണ്ടിയാണ് അയാള്‍ ജീവിക്കുന്നത്. മൂത്ത മകന്‍ കൃഷ്ണദാസ് ഒരു സാഹിത്യകാരനാണ്. രണ്ടാമത്തെ മകന്‍ അയ്യപ്പദാസ് പാരലല്‍ കോളജ് അധ്യാപനവും സ്വതസിദ്ധമായ കുസൃതികളുമായി കഴിയുന്നു. ഇളയമകനാണ് ശിവദാസ്. സ്നേഹക്കൂടുതല്‍ കൊണ്ട് ഈ മകനെ രാമനാഥന്‍ പലപ്പോഴും ശിക്ഷിക്കാറുണ്ട്.
കൃഷ്ണദാസിനെ വിജയരാഘവനും അയ്യപ്പദാസിനെ പ്രേംകുമാറും ശിവദാസിനെ അബാസുമാണ് അവതരിപ്പിക്കുന്നത്. അനുജോസഫ് എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക.
നവാഗത സംവിധായകനായ ബൈജു റ്റുഡിയുടെ ചിത്ത്രതിന് തിരക്കഥ രചിച്ചിരിക്കുന്നത് കെ. എസ്. നൗഷാദാണ്. ഒട്ടേറെ ആല്‍ബങ്ങള്‍ ഒരുക്കിയതിന്റെ അനുഭവ പരിചയത്തിലാണ് ബൈജു സിനിമയിലേക്ക് പ്രവേശിക്കുന്നത്.
ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോസ് പെല്ലിശേരി, രാഗസുധ, ഗീതാ വിജയന്‍, അഫ്സല്‍, കവിയൂര്‍ പൊന്നമ്മ, ബേബി സനുഷ, മാസ്റര്‍ വില്യംസ്, മാസ്റര്‍ വിഷ്ണു, മാസ്റര്‍ ദേവദത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications