മായാവിയും ഗരുഡനും
തെറ്റ് ചെയ്യുന്നവന് മായാവിയെ പോലെ വന്ന് ഇരുട്ടടി സമ്മാനിച്ച് മറയുന്നവനാണ് ഒരാള്‍. മറ്റൊരാള്‍ എന്തെങ്കിലും ഒരു കാര്യം വിചാരിച്ചാല്‍ പരുന്ത് റാഞ്ചി കൊണ്ടു പോകുന്ന വേഗത്തില്‍ അത് ചെയ്തുതീര്‍ക്കും. സമാനമായ അമാനുഷിക സ്വഭാവമുള്ള രണ്ട് കഥാപാത്രങ്ങള്‍. ആദ്യത്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെങ്കില്‍ രണ്ടാമത്തെയാളാവുന്നത് ദിലീപാണ്.
മമ്മൂട്ടിയുടെയും ദിലീപിന്റെയും പുതിയ ചിത്രങ്ങളിലാണ് കൗതുകം ജനിപ്പിക്കുന്ന സമാന രീതികളുള്ള ഈ രണ്ട് കഥാപാത്രങ്ങള്‍. ഒരാള്‍ മായാവിയാണെങ്കില്‍ മറ്റേയാള്‍ ഇന്‍സ്പെക്ടര്‍ ഗരുഡാണ്.
മായാവിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മഹിയെന്നാണ്. പ്രവര്‍ത്തിക്കുന്ന രീതിയുടെ സവിശേഷത കൊണ്ട് മായാവിയെന്ന് അറിയപ്പെടുന്നയാള്‍. അനീതിക്കെതിരെയാണ് ഈ മായാവി പൊരുതുന്നതെങ്കില്‍ ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ കാര്യം അല്പം വ്യത്യാസമുണ്ട്.
കൈക്കൂലി കൊടുത്ത് പൊലീസ് സര്‍വീസില്‍ കയറിപ്പറ്റിയ ആളാണ് മാധവന്‍കുട്ടി. പത്ത് ലക്ഷം രൂപ മുടക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ആള്‍. സര്‍വീസിലെത്തി അധികം വൈകാതെ മുടക്കിയ കാശ് അയാള്‍ തിരിച്ചുപ്പിടിച്ചു. കാശുണ്ടാക്കാന്‍ എന്ത് അനീതിക്കും അയാള്‍ കൂട്ടുനില്‍ക്കും. ഒരു കാര്യം വിചാരിച്ചാല്‍ പരുന്ത് റാഞ്ചുന്ന വേഗത്തില്‍ അത് ചെയ്തുതീര്‍ക്കുകയും ചെയ്യും. അങ്ങനെയാണ് മാധവന്‍കുട്ടിയെ മറ്റ് പൊലീസുകാര്‍ ഗരുഡന്‍ എന്ന് വിളിച്ചുതുടങ്ങിയത്.
രണ്ട് ചിത്രവും നര്‍മത്തിന്റെ രസക്കൂട്ടിലാണ് ഒരുക്കുന്നത്. തമാശ ചിത്രങ്ങള്‍ ചെയ്ത് സൂപ്പര്‍ഹിറ്റുകള്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്ത സംവിധായകരാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സിഐഡി മൂസ, തുറുപ്പുഗുലാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ജോണി ആന്റണിയുടേതാണ് ഇന്‍സ്പെക്ടര്‍ ഗരുഡ്. കല്യാണരാമന്‍, തൊമ്മനും മക്കളും തുടങ്ങിയ തമാശചിത്രങ്ങള്‍ ഒരുക്കിയ ഷാഫിയാണ് മായാവി സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications