പ്രിയാമണി നായികയാവുന്ന ഒറ്റനാണയം
പ്രിയാമണി നായികയാവുന്ന ഒറ്റനാണയം
ഡിസംബര്‍ 19, 2004
സത്യത്തിലൂടെ മലയാളത്തിലെത്തിയ പ്രിയാമണിയുടെ പുതിയ മലയാളചിത്രമാണ് ഒറ്റനാണയം. സുരേഷ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് ഡിനു ഡെന്നീസാണ്.
സത്യത്തിലെ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രിയാമണിക്ക് ഉടന്‍ വീണ്ടും മലയാളത്തില്‍ നിന്നും പുതിയ അവസരങ്ങളൊന്നും ലഭിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു. സത്യത്തിലെ പൃഥ്വിരാജിന്റെ നായികാവേഷത്തോടെ മലയാളത്തില്‍ സജീവമാവാമെന്ന പ്രതീക്ഷയുണ്ടായിരുന്ന പ്രിയാമണി തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഏതായാലും പ്രിയാമണിയുടെ നിരാശ അകറ്റികൊണ്ട് മലയാളത്തില്‍ വീണ്ടും നായികയായി വേഷമിടാന്‍ ഈ നടിക്ക് അവസരം ലഭിച്ചിരിക്കുന്നു.
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനായ ഡിനു ഡെന്നിസ് നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ്. ഡിനു നായകനായ ആദ്യചിത്രമായ സ്ഫുടം എന്ന ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ശ്രീനാഥ്, മാള അരവിന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കലൂര്‍ ഡെന്നീസാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഒ. എന്‍. വി. കുറുപ്പിന്റെ ഗാനങ്ങള്‍ക്ക് എസ്. പി. വെങ്കിടേഷ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം വിപിന്‍മോഹന്‍. ബാലു സിനി ഇന്റര്‍നാഷണലിന്റെ ബാനറില്‍ ബാലു ഇരിങ്ങാലക്കുടയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications