ക്രിസ്തുമസിന് മൂന്ന് ചിത്രങ്ങള്‍
ക്രിസ്തുമസിന് മൂന്ന് ചിത്രങ്ങള്‍
ഡിസംബര്‍ 20, 2004
ഇത്തവണ ക്രിസ്തുമസിന് മൂന്ന് ചിത്രങ്ങളാണ് തിയേറ്ററുകളില്‍. ക്രിസ്തുമസ് ചിത്രങ്ങളുടെ കൂട്ടത്തില്‍ ദിലീപിന്റെ രസികന്‍ കഴിഞ്ഞയാഴ്ച റിലീസായി കഴിഞ്ഞു. മമ്മൂട്ടിയുടെ വേഷം, ജയറാം ചിത്രം അമൃതം എന്നിവയാണ് മറ്റ് ക്രിസ്തുമസ് ചിത്രങ്ങള്‍.
ഓണത്തിന് നാട്ടുരാജാവിലൂടെയും റംസാന്‍-ദീപാവലി സീസണില്‍ മാമ്പഴക്കാലത്തിലൂടെയും ഹിറ്റുകള്‍ സൃഷ്ടിച്ച മോഹന്‍ലാലിന് ഇത്തവണ ക്രിസ്തുമസ് ചിത്രമില്ല. അതേ സമയം ഓണച്ചിത്രമായ കാഴ്ചയും റംസാന്‍-ദീപാവലി ചിത്രമായ ബ്ലാക്കും കൊയ്ത വന്‍വിജയം ആവര്‍ത്തിക്കാന്‍ വേഷവുമായി മമ്മൂട്ടി ക്രിസ്തുമസിനും തന്റെ സാന്നിധ്യം അറിയിക്കുന്നു.
വേഷം സംവിധാനം ചെയ്തിരിക്കുന്നത് വി. എം. വിനുവാണ്. മമ്മൂട്ടി ഒരിക്കല്‍ കൂടി കുടുംബനായകന്റെ വേഷമണിയുകയാണ് ഈ ചിത്രത്തില്‍. ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന മോഹിനിയാണ് വേഷത്തില്‍ മമ്മൂട്ടിയുടെ നായിക. മമ്മൂട്ടി അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രത്തിന്റെ അനുജനായി ഇന്ദ്രജിത്ത് വേഷമിടുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യയായി ഗോപികയും. ഇന്നസെന്റാണ് മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ചിത്രമായ മനസിനക്കരെ നേടിയ വന്‍വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണ അമൃതം എന്ന ചിത്രവുമായാണ് ജയറാമെത്തുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജയറാമിന് കുടുംബനാഥന്റെ വേഷമാണ്. ഗോപി എന്ന കര്‍ഷകനായാണ് ജയറാം അഭിനയിക്കുന്നത്. പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ജയറാമിന്റെ അനുജനായി അരുണ്‍ വേഷമിടുന്നു.
ക്രിസ്തുമസിന് ഒരാഴ്ച മുമ്പുതന്നെ ദിലീപ് ചിത്രമായ രസികന്‍ തിയേറ്ററിലെത്തിക്കഴിഞ്ഞു. നേരത്തെ തിയേറ്ററിലെത്തിയത് ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തിന് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടല്‍. മീശമാധവന് ശേഷം ലാല്‍ ജോസും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഒരു ദിലീപ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകളെല്ലാം രസികനിലുണ്ട്. സംവൃത, ഹരിപ്രിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.


Click it and Unblock the Notifications