റഹ്മാന്റെ തിരിച്ചുവരവ് ഉജ്വലം
റഹ്മാന്റെ തിരിച്ചുവരവ് ഉജ്വലം
ഡിസംബര്‍ 23, 2004
മലയാളത്തില്‍ ഒരു കാലത്ത് യുവപ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു റഹ്മാന്‍. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലെ സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തില്‍ അഭിനയിച്ച് സിനിമയില്‍ അരങ്ങേറ്റം നടത്തിയ റഹ്മാന്‍ പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി. മമ്മൂട്ടിയും മോഹന്‍ലാലും നായകരായ പല ചിത്രങ്ങളിലും റഹ്മാന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരക്കുകള്‍ക്കിടയില്‍ മലയാളത്തില്‍ നിന്ന് അകലേണ്ടിവന്ന റഹ്മാന്‍ ബ്ലാക്കിലൂടെ നടത്തിയ തിരിച്ചുവരവിന് ഇപ്പോഴിതാ ഗംഭീരമായ ചില തുടര്‍ച്ചകള്‍ ഒരുങ്ങുന്നു.
റഹ്മാന്റെ മലയാളത്തിലെ തിരിച്ചുവരവ് സംഭവബഹുലമാവുകയാണ്. ബ്ലാക്കിലെ അശോക് ശ്രീനിവാസന്‍ എന്ന പൊലീസ് ഓഫീസറെ അവതരിപ്പിച്ച് മലയാളത്തിലേക്ക് ഉജ്വലമായ തിരിച്ചുവരവ് നടത്തിയ റഹ്മാനെ വന്‍പ്രൊജക്ടുകളാണ് തേടിയെത്തുന്നത്.
രഞ്ജിത്ത് തന്റെ അടുത്ത രണ്ട് ചിത്രങ്ങളില്‍ റഹ്മാനെ ഉള്‍പ്പെടുത്തുന്നുണ്ട്. അതിലൊന്ന് റഹ്മാന്‍ നായകനായി വരുന്ന ചിത്രമാണ്. രഞ്ജിത്ത് അടുത്ത് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിലും റഹ്മാന് ഒരു പ്രധാന കഥാപാത്രമുണ്ട്. മമ്മൂട്ടി ചിത്രമായ ബ്ലാക്കിലേതു പോലെ വ്യത്യസ്തവും ശക്തവുമായ ഒരു കഥാപാത്രം. ഈ ചിത്രത്തിനായി റഹ്മാന്‍ 35 ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്.
ജോഷിയുടെ അടുത്ത രണ്ട് ചിത്രങ്ങളിലും റഹ്മാന്റെ ഡേറ്റ് തേടിയിട്ടുണ്ട്. അതിലൊന്ന് മോഹന്‍ലാല്‍ ചിത്രവും മറ്റേത് ദിലീപ് ചിത്രവുമാണ്. രണ്ട് ചിത്രത്തിലും റഹ്മാന് ശ്രദ്ധേയമായ കഥാപാത്രങ്ങളാണുള്ളത്.
ഇതിനിടിയില്‍ മികച്ച ഒരു കഥാപാത്രം റഹ്മാന് നിരസിക്കേണ്ടിവന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ധിക്കാരിയായ സഹോദരനായി അഭിനയിക്കാന്‍ റഹ്മാനെ ക്ഷണിച്ചതാണ്. എന്നാല്‍ ഒരു തെലുങ്ക് ചിത്രത്തിന് നേരത്തെ ഡേറ്റ് നല്‍കിയതിനാല്‍ ഈ ഓഫര്‍ റഹ്മാന് വേണ്ടെന്നു വയ്ക്കേണ്ടിവന്നു.
കോളജ്വിദ്യാര്‍ഥികളുടെ ഹരമായിരുന്ന മലയാള നടന്‍മാരുടെ കൂട്ടത്തില്‍ റഹ്മാന്‍ തന്നെയാണ് എന്നും മുന്നില്‍. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച് പാകതയും അനുഭവബലവും കൈവന്ന ഈ നടന്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.


Click it and Unblock the Notifications