കാവ്യ ആ രഹസ്യം വെളിപ്പെടുത്തുന്നു
മലയാളത്തിലെ ടീനേജ് നടിമാരെ നായികമാരാക്കാന്‍ സൂപ്പര്‍താരങ്ങള്‍ വലിയ താത്പര്യം കാണിക്കാറില്ലെങ്കിലും ചിലപ്പോഴൊക്കെ അവര്‍ക്ക് അത്തരം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മീരാ ജാസ്മിനും നവ്യാ നായരും ഗോപികയും സൂപ്പര്‍താരങ്ങളുടെ നായികമാരായി വേഷമിട്ടവരാണ്.
മീരാ ജാസ്മിന്‍ രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി. നവ്യാ നായര്‍ ചരുരംഗത്തില്‍ മോഹന്‍ലാലിന്റെ നായികാവേഷത്തില്‍ അഭിനയിച്ചു. ഗോപിക പോത്തന്‍വാവയില്‍ മമ്മൂട്ടിയുടെ നായികയായി. ഇപ്പോള്‍ മായാവിയിലും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നു. ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത് ഭാവനയാണ്. എന്നിട്ടും മലയാളത്തിലെ മറ്റൊരു മുന്‍നിര നടിക്ക് സൂപ്പര്‍താരങ്ങളുടെ നായികയാവാന്‍ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായികാനടിയായ കാവ്യാ മാധവനാണ് അത്.
ഈ നടിമാരുടെ പ്രായം തന്നെയാണ് കാവ്യക്കും. എന്നിട്ടും സൂപ്പര്‍താരങ്ങളുടെ നായികയായി കാവ്യ അഭിനയിച്ചിട്ടില്ല. മോഹന്‍ലാലിനൊപ്പം ഒന്നാമനിലും വടക്കുംനാഥനിലും മമ്മൂട്ടിയൊപ്പം രാക്ഷസരാജാവിലും അഭിനയിച്ചെങ്കിലും നായികാവേഷമായിരുന്നില്ല. മീരക്കും ഗോപികക്കും ഭാവനക്കും നവ്യക്കും ലഭിക്കുന്ന അവസരം കാവ്യക്കു മാത്രം കിട്ടാത്തതെന്തു കൊണ്ടാണ്? സൂപ്പര്‍താരങ്ങള്‍ കാവ്യയെ നായികയാക്കാന്‍ താത്പര്യപ്പെടാത്തതു കൊണ്ടാണോ?
അല്ലെന്നാണ് കാവ്യ പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെ നായികയാക്കാന്‍ താത്പര്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നുവെന്നുമാണ് കാവ്യയുടെ വെളിപ്പെടുത്തല്‍!!
മോഹന്‍ലാല്‍ ചിത്രങ്ങളായ വടക്കുംനാഥനിലും മഹാസമുദ്രത്തിലും മമ്മൂട്ടി ചിത്രങ്ങളായ തുറുപ്പുഗുലാനിലും മായാവിയിലും നായികയാകാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് കാവ്യ പറയുന്നു. വടക്കുംനാഥനില്‍ കാവ്യ അഭിനയിച്ചിട്ടുണ്ടെങ്കിലും നായിക പത്മപ്രിയ ആയിരുന്നു. പത്മപ്രിയ അവതരിപ്പിച്ച വേഷം ചെയ്യാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നാണ് കാവയുടെ വെളിപ്പെടുത്തല്‍. എന്നിട്ടും കാവ്യ ആ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നുവത്രെ.
ഏത് നടിയും കൊതിക്കുന്ന അവസരങ്ങള്‍ വന്നെത്തിയിട്ടും കാവ്യ അതൊക്കെ വേണ്ടെന്നു വയ്ക്കാന്‍ കാരണമെന്താണ്? അതിനെ കുറിച്ചും കാവ്യ പറയുന്നുണ്ട്. ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയാവുക ചെറിയ കാര്യമല്ലെന്നും പക്ഷേ അവരുടെ നായികയാവാനുള്ള മാനസികപക്വത തനിക്കായിട്ടില്ല എന്ന തോന്നലാണ് തനിക്കുള്ളതെന്നും കാവ്യ പറയുന്നു.


Click it and Unblock the Notifications