ടൈഗര്‍ മുടന്തുന്നു
ടൈഗര്‍ മുടന്തുന്നു
ഡിസംബര്‍ 24, 2005
ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ ഉജ്വലമായ തിരിച്ചുവരവ് നടത്തിയ സുരേഷ്ഗോപിക്ക് ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് ക്രെഡിറ്റിലുള്ളത്. ഭരത്ചന്ദ്രന്‍ പോലെ മറ്റൊരു വന്‍വിജയം പ്രതീക്ഷിച്ചാണ് ഷാജി കൈലാസും സുരേഷ്ഗോപിയും നീണ്ട ഇടവേളക്കു ശേഷം ഒന്നിച്ച ടൈഗര്‍ തിയേറ്ററുകളിലെത്തിയത്.
എന്നാല്‍ ഭരത്ചന്ദ്രന്‍ പോലെ സുരേഷ്ഗോപിയുടെ മറ്റൊരു ടൈപ്പ് പൊലീസ് വേഷവും പ്രേക്ഷകര്‍ അംഗീകരിക്കുമെന്ന വിശ്വാസം തകരുകയാണെന്നാണ് ടൈഗറിനോടുള്ള പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത്. പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ടൈഗര്‍ ബോക്സോഫീസില്‍ മുടന്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കണ്ടു പഴകിയ ശൈലിയിലുള്ള രംഗങ്ങളും സുരേഷ്ഗോപിയുടെ അമിതാഭിനയവുമാണ് ടൈഗറിനെ പ്രതികൂലമായി ബാധിച്ചത്. കവര്‍സ്റോറി, ശിവം തുടങ്ങിയ പരാജിത ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ബി.ഉണ്ണിക്കൃഷ്ണന് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒരുക്കാനുമായിട്ടില്ല.
ആദ്യദിവസങ്ങളില്‍ പ്രേക്ഷകര്‍ കൂവലോടെ എതിരേറ്റ ഇരുപത് മിനുട്ടോളം വരുന്ന ചില രംഗങ്ങള്‍ ഇപ്പോള്‍ വെട്ടിമാറ്റിയിട്ടുണ്ട്. അതുകൊണ്ടും ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനം മെച്ചപ്പെട്ടിട്ടില്ല. എറണാകുളം സരിത തിയേറ്ററില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം താരതമ്യേന ചെറിയ തിയേറ്ററായ സവിതയിലേക്ക് മാറ്റിയത് ചിത്രത്തിന്റെ കളക്ഷന്‍ അത്രത്തോളം മോശമായതിനാലാണ്.
ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ വന്‍വിജയത്തെ തുടര്‍ന്ന് ട്രെന്റുകള്‍ക്ക് പിന്നാലെ പോവുന്ന മലയാളത്തിലെ പല സംവിധായകരുടെയും അരഡസനോളം ചിത്രങ്ങള്‍ക്കാണ് സുരേഷ്ഗോപി ഡേറ്റ് നല്‍കിയത്. എല്ലാ ചിത്രങ്ങളിലും ടൈപ്പ് വേഷങ്ങള്‍ തന്നെ. ടൈഗറിന്റെ പരാജയത്തോടെ ആ സംവിധായകര്‍ മാറിചിന്തിക്കുമോയെന്ന് കണ്ടറിയണം.


Click it and Unblock the Notifications