പ്രതീക്ഷകളുണര്‍ത്തുന്ന 2002

By Staff

പ്രതീക്ഷകളുണര്‍ത്തുന്ന 2002
പ്രതിസന്ധിയില്‍ പെട്ടുഴലുന്ന മലയാള സിനിമാ രംഗത്തിന് പ്രതീക്ഷകളുടെ ഇത്തിരി വെളിച്ചം കാണാനായിയെന്നതാണ് 2002ന്റെ സവിശേഷത. സിനിമകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. പുതിയ നിര്‍മാതാക്കള്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നു. സിനിമകളോടുന്നില്ല എന്ന മുറിവിളിക്കിടയിലും ചില ചിത്രങ്ങള്‍ മാസങ്ങളോളം തിയേറ്ററുകള്‍ നിറച്ചു.

നൂറിലേറെ ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത്. (ഇവയില്‍ അറുപതിലേറെയും എസര്‍ട്ടിഫിക്കറ്റുള്ള അശ്ലീല ചിത്രങ്ങളാണെങ്കിലും.) കഴിഞ്ഞ വര്‍ഷങ്ങളില്‍ 80ല്‍ താഴെ ചിത്രങ്ങള്‍ മാത്രമേ മലയാളത്തിലിറങ്ങിയിട്ടുള്ളൂ. ഇത്തവണ അത് കൂടാനുള്ള പ്രധാന കാരണം പുതിയ നിര്‍മാതാക്കളുടെ കടന്നുവരവാണ്.

പ്രതിസന്ധിയുടെ പരിഹാരമായി മലയാള സിനിമയെ മുന്നോട്ടു കൊണ്ടുപോവാനുള്ള വഴി ചെലവ് കുറഞ്ഞ ചിത്രങ്ങളെടുക്കുകയാണെന്ന പുതിയൊരു മാര്‍ഗം തെളിഞ്ഞത് 2002ലാണ്. സൂപ്പര്‍ സംവിധായകര്‍ പോലും കോടികളുടെ കണക്കുകള്‍ പറയുന്ന മെഗാ പദ്ധതികള്‍ ഒഴിവാക്കി ചെലവ് കുറഞ്ഞ ചിത്രങ്ങളെടുക്കാന്‍ തയ്യാറായി. അതിന് ഉചിതമായ പ്രമേയങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമുണ്ടായി. വേര്‍തിരിഞ്ഞു നടക്കാനുളള ശ്രമത്തിന്റെ പുതുമ കഴിഞ്ഞ വര്‍ഷത്തെ ചില ചിത്രങ്ങള്‍ക്കുണ്ടായിരുന്നു.

രാവണപ്രഭുവിന് ശേഷം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞ നന്ദനത്തിലൂടെ രഞ്ജിത്ത് ആണ് ഇതിനൊരു മാതൃക തീര്‍ത്തത്. നരസിംഹം, ആറാം തമ്പുരാന്‍ എന്നീ മെഗാ പദ്ധതികള്‍ക്ക് തിരക്കഥ രചിക്കുകയും രാവണപ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്ത രഞ്ജിത്ത് തന്നെ താന്‍ ഉണ്ടാക്കിയെടുത്ത വീരസാഹസിക കഥാപാത്ര ഫോര്‍മുലയില്‍ നിന്ന് ആദ്യം മാറിനടന്നു. മൂന്നും നാലും കോടി മുടക്കി ചിത്രങ്ങളെടുത്ത് വന്‍വിജയം കൊയ്യുക എന്ന അതിമോഹത്തിന്റെ ഫോര്‍മുല 2002 അവസാനത്തോടെ നിരാകരിക്കപ്പെട്ടു. താണ്ഡവം, ചതുരംഗം എന്നീ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ പ്രതികരണം ഈ ഫോര്‍മുലയിലുള്ള അവസാന ചിത്രങ്ങളാണ് ഇവയെന്ന സൂചനയാണ് നല്‍കുന്നത്.

കൊച്ചുപദ്ധതികളില്‍ വിരിയിക്കുന്ന കൊച്ചുചിത്രങ്ങള്‍ എന്ന സങ്കല്പം പല പുതുമുഖ താരങ്ങളുടെയും സിനിമയിലേക്കുള്ള വരവിന് വഴിയൊരുക്കി. നന്ദനത്തിലൂടെ പൃഥ്വിരാജ് എന്ന പുതിയ യുവനായകനെ രഞ്ജിത്ത് പരിചയപ്പെടുത്തി. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ ജയസൂര്യ, ഇന്ദ്രജിത്ത്, കണ്‍മഷിയിലൂടെ വിനീത്കുമാര്‍, ഫാസിലിന്റെ കയ്യെത്തും ദൂരത്തിലൂടെ ഷാനു, കമലിന്റെ നമ്മളിലൂടെ സിദ്ധാര്‍ഥ്, ജിഷ്ണു എന്നീ പുതുമുഖങ്ങള്‍ സിനിമയിലെത്തി. പുതുമുഖങ്ങളുടെ തലമുറയെ പരിചയപ്പെടുത്തുന്ന പുതുമയുള്ള ചിത്രങ്ങളുടെ വരവിന് 2002 നാന്ദി കുറിച്ചു.

മീശമാധവന്റെ വിജയം

സിനിമ വിജയിക്കാന്‍ നല്ല കഥയും നല്ല തിരക്കഥയും നല്ല അവതരണരീതിയും മാത്രം മതിയെന്നും മറ്റെല്ലാം ബിഗ് ബജറ്റ് ചിത്രമാതൃകയിലെ കോപ്രായങ്ങളും അനാവശ്യമാണെന്നും അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ലാല്‍ ജോസിന്റെ മീശ മാധവന്‍ തിയേറ്ററുകളെ നിറച്ചത്.

ഗ്രാമപശ്ചാത്തലത്തിലുള്ള നര്‍മവും കൗതുകങ്ങളും നിറഞ്ഞ ജീവിതം വ്യത്യസ്തമായ രീതിയില്‍ പകര്‍ത്തുകയാണ് ലാല്‍ ജോസ് മീശ മാധവനില്‍ ചെയ്തത്. പഴയ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ പുതിയ ക്യാന്‍വാസില്‍ ദൃശ്യഭംഗി നിറഞ്ഞ ഫ്രെയിമുകളില്‍ പകര്‍ത്തിയാലെങ്ങനെയിരിക്കും അതായിരുന്നു മീശമാധവന്‍. അപ്രതീക്ഷിത വിജയം കൊയ്ത് 180-ാം ദിവസം കടന്ന മീശമാധവന്‍ സിനിമയുടെ വിജയരഹസ്യം എന്ന ദുരൂഹ സമസ്യയ്ക്ക് പുതിയൊരു സമവാക്യം കുറിച്ചു. മുമ്പേ പോയവന്റെ പിമ്പേ നടക്കുന്ന സിനിമക്കാര്‍ ആ സമസ്യ അനുകരിച്ചു തുടങ്ങി.

സിനിമയെ കുറിച്ച് നല്ല ധാരണയുള്ള മിടുക്കനായ ഒരു സംവിധായകന്റെ സാന്നിധ്യവും ഭദ്രമായ തിരക്കഥയും വിജയത്തിലെത്തിച്ച മീശമാധവന്‍ പുതിയൊരു പ്രവണതയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രാമപശ്ചാത്തലത്തിലുള്ള മീശമാധവന്‍ മോഡല്‍ ചിത്രങ്ങള്‍ അണിയറയിലൊരുങ്ങിത്തുടങ്ങി. അവയുടെ ഗതിയെന്താവുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

മീശ മാധവന് പിന്നാലെയെത്തിയ കുഞ്ഞിക്കൂനനും നല്ല കഥയുടെയും തിരക്കഥയുടെയും ബലത്തില്‍ വിജയിച്ച ചിത്രമാണ്.

ചില നല്ല ചിത്രങ്ങള്‍

വ്യത്യസ്തമായ ചില മികച്ച ചിത്രങ്ങള്‍ 2002ലുണ്ടായി. ടി. വി. ചന്ദ്രന്റെ ഡാനി, ടി. കെ. രാജീവ് കുമാറിന്റെ ശേഷം എന്നിവ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടും. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെ വ്യത്യസ്ത കാഴ്ച്ചപ്പാടില്‍ അവതരിപ്പിക്കുന്ന ഡാനി മമ്മൂട്ടിയുടെ അഭിനയമികവ് കൊണ്ടും ശ്രദ്ധേയമായി.

സിനിമയുടെ അവതരണത്തില്‍ പുതിയൊരു രീതി പരിചപ്പെടുത്തിയെന്നതാണ് ടി. കെ. രാജീവ് കുമാറിന്റെ ശേഷത്തിന് കയ്യടി നേടികൊടുത്തത്. കച്ചവട സിനിമയുടെ പാതയില്‍ നിന്ന് വ്യതിചലിച്ച് ടി. കെ. രാജീവ്കുമാര്‍ ഒരുക്കിയ ഈ ചിത്രം സമൂഹത്തിന് പുറത്ത് കഴിയുന്ന ഒരു മനുഷ്യന്റെ ലോകത്തിന്റെ ആവിഷ്കാരമാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിന്റെ അഭിനയം പ്രശംസനീയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X