സുരേഷ് ഗോപിക്ക് വീണ്ടും ഇരട്ടവേഷം
ഇരട്ടവേഷം പൊതുവെ മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്ക് വലിയ ഗുണം ചെയ്യാറില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത ഇരട്ടവേഷ ചിത്രങ്ങളില്‍ വിജയമായത് മോഹന്‍ലാലിന്റെ രാവണപ്രഭുവും ദിലീപിന്റെ കുഞ്ഞിക്കൂനനും മാത്രമാണ്. സൂപ്പര്‍താരങ്ങള്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട മറ്റു ചിത്രങ്ങളെല്ലാം പരാജയമായി.
രാവണപ്രഭുവിനു ശേഷം മോഹന്‍ലാല്‍ വീണ്ടും അച്ഛനും മകനുമായി അഭിനയിച്ച ചിത്രമാണ് ഉടയോന്‍. ചിത്രം വന്‍പരാജയമായിരുന്നു. മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ മുമ്പ് അഭിനയിച്ച മായാമയൂരവും പരാജയത്തിന്റെ ഗണത്തിലാണ് പെടുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രങ്ങളാണ് ദാദാസാഹിബും ബല്‍റാം വേഴ്സസ് താരാദാസും. രണ്ടിനും വിജയം വരിക്കാനായില്ല. ഇരട്ടവേഷ സിനിമകളായ ജയറാമിന്റെ മയിലാട്ടം, സുരേഷ് ഗോപിയുടെ രണ്ടാം ഭാവം എന്നിവയും പരാജയമായി. ദിലീപ് ഇരട്ടവേഷത്തില്‍ അഭിനയിച്ച കുഞ്ഞിക്കൂനന്‍ വിജയിച്ചെങ്കിലും ഈ വര്‍ഷം വീണ്ടും ഇരട്ടവേഷ പരീക്ഷണം നടത്തിയ പച്ചക്കുതിര വന്‍പരാജയമായി. കാവ്യാമാധവന്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച മിഴി രണ്ടിലും പരാജയം ഏറ്റുവാങ്ങിയ മറ്റൊരു ചിത്രമാണ്.
ഇരട്ടവേഷ ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനത്തിന്റെ നില ഇതാണെങ്കിലും അതുകൊണ്ടൊന്നും സൂപ്പര്‍താരങ്ങള്‍ ഡബിള്‍ റോള്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്ന് കരുതേണ്ടതില്ല. ഡിറ്റക്ടീവ് എന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. രണ്ടാം ഭാവത്തിനു ശേഷം സുരേഷ് ഗോപിയുടെ മറ്റൊരു ഇരട്ടവേഷ പരീക്ഷണം.
നവാഗതനായ ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡിറ്റക്ടീവ് ഒരു ക്രൈം ത്രില്ലറാണ്. സിന്ധുമേനോനാണ് നായിക.


Click it and Unblock the Notifications