2001: നിറം മങ്ങിയ വര്‍ഷം

By Staff

2001: നിറം മങ്ങിയ വര്‍ഷം
ഡിസംബര്‍ 27, 2001

മികച്ചതൊന്നും മലയാള സിനിമയ്ക്ക് അവകാശപ്പെടാനില്ലാത്ത ഒരു വര്‍ഷമാണ് 2001. മലയാള സിനിമ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങള്‍ 2001ല്‍ കൂടുതല്‍ തീവ്രമായി.

78 ചിത്രങ്ങളാണ് 2001ല്‍ മലയാളത്തിലിറങ്ങിയത്. മലയാള സിനാമാ വ്യവസായം നേരിടുന്ന പ്രതിസന്ധി വെളിവാക്കുന്നതാണ് എണ്ണത്തിലെ ഈ ദാരിദ്യ്രം. ഇവയില്‍ വിജയിച്ച ചിത്രങ്ങളുടെ എണ്ണം പിന്നെയും ഏറെ താഴെയാണ്.

മേഘസന്ദേശം, കാക്കക്കുയില്‍, ഈ പറക്കുംതളിക, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, രാക്ഷസരാജാവ്, രാവണപ്രഭു, ഇഷ്ടം, നരിമാന്‍... 78 ചിത്രങ്ങളില്‍ വിജയമെന്ന് പറയാവുന്നത് ഒമ്പത് ചിത്രങ്ങള്‍ മാത്രം. (ഡിസംബറില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാളചിത്രങ്ങളെ ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.)ഇവയില്‍ കാക്കക്കുയിലും രാക്ഷസരാജാവും രാവണപ്രഭുവുമാണ് ശരാശരിയില്‍ കവിഞ്ഞ വിജയം നേടിയത്.

78 ചിത്രങ്ങളില്‍ പകുതിയോളം ചിത്രങ്ങളും എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളായിരുന്നുവെന്നത് മലയാള സിനിമ എവിടെ എത്തിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 34 മസാല ചിത്രങ്ങളാണ് 2001ല്‍ മലയാള സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ തിയേറ്ററിലെത്തിയത്. ഇവയില്‍ ഏറെ ചിത്രങ്ങളും ലാഭം കൊയ്യുകയും ചെയ്തു. ഷക്കീല തരംഗം ഇല്ലാതായെങ്കിലും പകരം മറ്റ് ഷക്കീലമാര്‍ എത്തിയതോടെ മസാല സിനിമാ മേഖല ഒന്നുകൊഴുക്കുകതന്നെ ചെയ്തു.

മസാലചിത്രങ്ങള്‍ ഓടിക്കുന്ന പതിവ് തിയറ്ററുകള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ 2001ല്‍ അത്തരം ബ്രാന്റുകള്‍ അപ്രസക്തമായി. ഷക്കീല ചിത്രങ്ങളും മറിയ ചിത്രങ്ങളും ഓടിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന അവസ്ഥയിലായിരുന്നു പ്രമുഖ തിയറ്ററുകളും.

കുടുംബചിത്രങ്ങള്‍ ഇല്ലാതാവുകയും പകരം ജീവിതഗന്ധിയല്ലാത്ത കഥകള്‍ പ്രമേയമാവുന്ന സിനിമകള്‍ ഏറുകയും ചെയ്യുന്ന പ്രവണത തന്നെയാണ് 2001ലും കണ്ടത്. നല്ല സിനിമകള്‍ വിരളമായി. കഥയില്ലായ്മ സിനിമയെ ഭരിക്കുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആവര്‍ത്തനങ്ങളുടെ മടുപ്പുമായെത്തിയ ചില ചിത്രങ്ങള്‍. മുന്‍കാലത്തുണ്ടായ നല്ല സിനിമകളുടെ കഷണങ്ങള്‍ ഒട്ടിച്ചുചേര്‍ത്ത് വിജയഫോര്‍മുലകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു മികച്ച സംവിധായകര്‍ പോലും.

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍വക, തീര്‍ഥാടനം, ഇഷ്ടം, കാറ്റ് വന്നു വിളിച്ചപ്പോള്‍, അഛനെയാണെനിക്കിഷ്ടം, സൂത്രധാരന്‍ തുടങ്ങിയ ഏതാനും ചിത്രങ്ങള്‍ മാത്രമാണ് നല്ല കഥകളെ ആസ്പദമാക്കിയുണ്ടായ ചിത്രങ്ങള്‍. ഇവയില്‍ പലതും വാണിജ്യവിജയമായതുമില്ല.

ദേശീയതലത്തില്‍ ശ്രദ്ധേയമാവുന്ന ചിത്രങ്ങളും കഴിഞ്ഞ വര്‍ഷമുണ്ടായില്ല. മലയാള സിനിമയ്ക്ക് ദേശീയതലത്തിലുള്ള ഖ്യാതി നിലനിര്‍ത്തുന്ന സിനിമാ സംരംഭങ്ങള്‍ 2001ല്‍ കാര്യമായി ഉണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X