ശ്രീനിവാസന്‍ എന്ന നടന്റെ തിരിച്ചുവരവ്
പ്രേക്ഷകരുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന നായകവേഷങ്ങള്‍ അവതരിപ്പിച്ച നടന്‍മാരുടെ നിരയില്‍ ശ്രീനിവാസനും സ്ഥാനമുണ്ട്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ ഒരു പിടി ചിത്രങ്ങളില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കോമഡി ശൈലിയിലുള്ള നായകവേഷങ്ങള്‍ പ്രേക്ഷകരെ ഒരു പോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു.
ഇടക്കാലത്ത് ശ്രീനിവാസന് അത്തരം നായകവേഷങ്ങള്‍ അന്യമായി. ചെറിയ വേഷങ്ങളില്‍ മാത്രമായി ശ്രീനിവാസന്റെ അഭിനയജീവിതം ഒതുങ്ങി. ഉദയനാണ് താരത്തിലെ തെങ്ങുംമൂട്ടില്‍ രാജപ്പനെയും ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിലെ മനശാസ്ത്രജ്ഞന്‍ ശാന്താറാമിനെയും പോലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലേക്ക് ശ്രീനിയിലെ നടന്‍ ചുരുങ്ങി. അത്തരം കഥാപാത്രങ്ങളെയും സൃഷ്ടിച്ചത് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തായിരുന്നു.
നല്ല വേഷങ്ങളുടെ വരള്‍ച്ചയില്‍ നിന്ന് മോചിതനായി ശ്രീനി വീണ്ടും നായകവേഷങ്ങളിലേക്ക് തിരിച്ചുവരികയാണ്. യെസ് യുവര്‍ ഓണറിലെ അഡ്വക്കറ്റ് രവിശങ്കര്‍ ശ്രീനിവാസന്‍ എന്ന നടന് നല്‍കിയിരിക്കുന്നത് പുതിയൊരു ഉണര്‍വാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും പോലെ ശ്രീനിവാസന്‍ നായകനായ ഒരു ചിത്രം പ്രേക്ഷകാഭിപ്രായത്തിന്റെ പിന്തുണയോടെ വിജയം നേടുന്നത്.
ക്ലാസ്മേറ്റ്സിനു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കും സിനിമാനിരൂപകര്‍ക്കും ഏറെ പ്രതീക്ഷകളുണ്ട്. ആ ചിത്രത്തില്‍ നായകനാവുന്നത് ശ്രീനിവാസനാണ്. ദുബായിലെ ലേബര്‍ ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന് ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത്. അതെ, ശ്രീനിവാസന്‍ എന്ന നടന്‍ തിരിച്ചുവരവ് നടത്തുകയാണ്.


Click it and Unblock the Notifications