twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയചിത്രങ്ങളുടെ വര്‍ഷം

    By Staff
    |

    വിജയചിത്രങ്ങളുടെ വര്‍ഷം
    ഡിസംബര്‍ 28, 2005

    മലയാള സിനിമയില്‍ പുതിയൊരുണര്‍വും സൂപ്പര്‍താരാധിപത്യത്തിന്റെ ശക്തമായ തിരിച്ചുവരവും പ്രകടമായ വര്‍ഷമാണ് 2005. തുടര്‍ച്ചയായ വിജയങ്ങള്‍ മലയാള സിനിമാ വ്യവസായത്തിന് പുതിയൊരുന്മേഷം നല്‍കിയിട്ടുണ്ട്. ഒപ്പം ഏതാനും നല്ല ചിത്രങ്ങളും 2005ലുണ്ടായി.

    2004ല്‍ മൂന്ന്സൂപ്പര്‍ഹിറ്റുകളാണ് മലയാളത്തിലുണ്ടായതെങ്കില്‍ 2005ല്‍ അവയുടെ എണ്ണം അഞ്ചായി. അഞ്ചോളം ഹിറ്റ്ചിത്രങ്ങളും ഈ വര്‍ഷമുണ്ടായി. വന്‍വിജയം നേടിയ ചിത്രങ്ങളെല്ലാം സൂപ്പര്‍താരങ്ങളുടേതാണെന്നതാണ് ഒരു സവിശേഷത. 2004ല്‍ പുതുമുഖചിത്രമായ ഫോര്‍ ദി പീപ്പിള്‍ സൂപ്പര്‍ഹിറ്റായിരുന്നെങ്കില്‍ അത്തരമൊരു യുവതാര ചിത്രത്തെ കുറിച്ച് ആലോചിക്കാന്‍ പോലും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു താത്പര്യമില്ലാത്ത നിലയിലേക്ക് സൂപ്പര്‍താര മേല്‍ക്കോയ്മ മലയാളത്തില്‍ ഈ വര്‍ഷം ശക്തമായിട്ടുണ്ട്.

    രാജമാണിക്യം, നരന്‍, ഉദയനാണ് താരം, തൊമ്മനും മക്കളും, ചാന്തുപൊട്ട് എന്നീ അഞ്ച് സൂപ്പര്‍ഹിറ്റുകളാണ് ഈ വര്‍ഷം മലയാളത്തിലുണ്ടായത്. അച്ചുവിന്റെ അമ്മ, ഭരത്ചന്ദ്രന്‍ ഐപിഎസ്, രാപ്പകല്‍, കൊച്ചിരാജാവ്, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ ശരാശരിക്ക് മുകളില്‍ വിജയം നേടിയ ഹിറ്റുകളുമായി. തരക്കേടില്ലാത്ത കളക്ഷനുമായി നിര്‍മാതാവിന് നേട്ടമുണ്ടാക്കിക്കൊടുത്ത ചിത്രങ്ങളാണ് ബെന്‍ ജോണ്‍സണ്‍, തസ്കരവീരന്‍ തുടങ്ങിയവ.

    ഉദയനാണ് താരം

    ഉദയനാണ് താരം എന്ന ചിത്രമാണ് ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്. ഒരു ഇടവേളക്കു ശേഷം മോഹന്‍ലാലിനു ലഭിച്ച ഈ സൂപ്പര്‍ഹിറ്റ് റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗത സംവിധായകന്റെ വരവറിയിച്ചു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ തിരിച്ചുവരവാണ് ഈ ചിത്രത്തിനു വിജയം നല്‍കിയ മറ്റൊരു ഘടകം.

    വന്‍വിജയം നേടിയ എന്ന ചിത്രമെന്നതിനു പുറമെ വ്യത്യസ്തതയും ആസ്വാദ്യതയുമുള്ള സിനിമയെന്ന പേരെടുക്കാനും ഉദയനാണ് താരത്തിനു കഴിഞ്ഞു. ശ്രീനിവാസന്റെ കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ ചിത്രത്തെ ആദ്യന്തം ഒരു നല്ല എന്റര്‍ടെയ്നറാക്കിയത്. മോഹന്‍ലാലിന്റെ അഭിനയമികവും ചിത്രത്തിന് തുണയേകി.

    തൊമ്മനും മക്കളും

    2004ല്‍ ഹിറ്റുകളുടെ തുടര്‍ച്ചയുമായി താരമൂല്യത്തില്‍ ഒന്നാമതെത്തിയ മമ്മൂട്ടിയുടെ വിജയക്കുതിപ്പ് തൊമ്മനും മക്കളും എന്ന ചിത്രത്തോടെ 2005ലും വീണ്ടും തുടരുന്നതാണ് കണ്ടത്. ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിന് കോമഡി രംഗങ്ങളാണ് ജനപ്രിയമാകാന്‍ തുണയായത്. തൊമ്മനും മക്കളും നേടിയ അസാധാരണ വിജയത്തെ തുടര്‍ന്ന് വിക്രം നായകനായി തമിഴിലും ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

    നരന്‍

    ഉദയനാണ് താരത്തിനു ശേഷം ചന്ദ്രോത്സവം, ഉടയോന്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഓണച്ചിത്രം നരനിലൂടെ മോഹന്‍ലാല്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. അതിമാനുഷിക സ്വഭാവവും സാധാരണത്വവും ഒരു പോലെ ലയിച്ചുചേര്‍ന്ന മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ചിത്രം സൂപ്പര്‍ഹിറ്റായി. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിനൊരുക്കിയ രഞ്ജന്‍ പ്രമോദിന്റെ തിരക്കഥക്ക് വിജയച്ചേരുവകള്‍ വേണ്ടത്രയുണ്ടായിരുന്നു.

    ചാന്തുപൊട്ട്

    കൊച്ചിരാജാവ് ശരാശരി വിജയമായെങ്കിലും 2005ല്‍ ദിലീപ് വന്‍തിരിച്ചുവരവ് നടത്തിയത് ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയാണ്. മീശമാധവനു ശേഷം ലാല്‍ജോസ്-ദിലീപ് ജോഡി മറ്റൊരു സൂപ്പര്‍വിജയം സൃഷ്ടിക്കുന്നതാണ് ചാന്തുപൊട്ടില്‍ കണ്ടത്. ഓണത്തിനെത്തിയ ഈ ചിത്രം മറ്റു സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിച്ചാണ് വിജയം നേടിയെടുത്തത്. പെണ്ണിന്റെ സ്വഭാവവും ചേഷ്ടകളുമുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചതിന് ദിലീപ് വലിയ കൈയടിയാണ് നേടിയത്. ലാല്‍ ജോസിന്റെ സംവിധാന മികവ് പ്രകടമായ മറ്റൊരു ചിത്രമായിരുന്നു ചാന്തുപൊട്ട്.

    രാജമാണിക്യം

    മമ്മൂട്ടിയുടെ വിജയക്കുതിപ്പ് പുതിയ ഉയരങ്ങളിലെത്തുന്നതാണ് റംസാന്‍ ചിത്രമായെത്തിയ രാജമാണിക്യത്തിന്റെ റെക്കോഡ് വിജയത്തോടെ കണ്ടത്. തിരോന്തരം ഭാഷ സംസാരിക്കുന്ന രാജമാണിക്യത്തെ തിയേറ്റര്‍ ഇളക്കിമറിക്കുന്ന ചേഷ്ടകളോടെയും സംസാരരീതിയിലൂടെയും മമ്മൂട്ടി നന്നായി അവതരിപ്പിച്ചു. അന്‍വര്‍ റഷീദ് എന്ന മറ്റൊരു നവാഗത സംവിധായകന്‍ കൂടി സൂപ്പര്‍ഹിറ്റ് തീര്‍ക്കുന്നതാണ് ഈ ചിത്രത്തിലൂടെ കണ്ടത്.

    ഹിറ്റുകള്‍

    ഈ സൂപ്പര്‍വിജയങ്ങള്‍ക്കു പുറമെ മികച്ച കളക്ഷനിലൂടെ ലാഭം കൊയ്ത ഒരു ഡസനോളം ഹിറ്റ് ചിത്രങ്ങളും കഴിഞ്ഞ വര്‍ഷമുണ്ടായി. സൂപ്പര്‍താര ആധിപത്യത്തിനിടയിലും ഹൃദയസ്പര്‍ശിയായ കഥ പറഞ്ഞ് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമാണ് അച്ചുവിന്റെ അമ്മ. മമ്മൂട്ടി ചിത്രങ്ങളായ രാപ്പകല്‍, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും മികച്ച വിജയമാണ് നേടിയത്. സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തിയ ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രവും ശരാശരി വിജയം കൊയ്തു. ദിലീപിന്റെ കൊച്ചിരാജാവ് ആണ് കളക്ഷനില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ചിത്രം. സൂപ്പര്‍താര വാഴ്ചയ്ക്കിടയിലും വിജയം നേടാന്‍ കലാഭവന്‍ മണി നായകനായ ബെന്‍ ജോണ്‍സണിനു കഴിഞ്ഞു.

    ക്രിസ്മസ് ചിത്രങ്ങളായെത്തിയ തന്മാത്ര, ബസ് കണ്ടക്ടര്‍ എന്നിവയുടെ ബോക്സോഫീസ് പ്രകടനത്തെ കുറിച്ച് വിധിയെഴുതാറായിട്ടില്ല. അതേ സമയം കഴിഞ്ഞ വര്‍ഷമുണ്ടായ ഏറ്റവും മികച്ച ചിത്രമായി ബ്ലെസ്സി-മോഹന്‍ലാല്‍ ചിത്രമായ തന്മാത്ര ഇതിനകം പേരെടുത്തുകഴിഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X