twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താര വാഴ്ചയില്‍ 2005

    By Staff
    |

    സൂപ്പര്‍താര വാഴ്ചയില്‍ 2005
    ഡിസംബര്‍ 29, 2005

    മലയാള സിനിമയില്‍ സൂപ്പര്‍താര വാഴ്ച പൂര്‍വാധികം ശക്തമാവുന്നതാണ് 2005ല്‍ കണ്ടത്. മുന്‍വര്‍ഷങ്ങളില്‍ തിളങ്ങിനിന്ന യുവതാരങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ പോലുമില്ലാതായി. സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രമേ സൂപ്പര്‍ ഹിറ്റുകളാവൂവെന്ന വിശ്വാസമാണ് 2005 മലയാളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കു പൊതുവായി നല്‍കിയത്.

    2005ല്‍ മലയാള സിനിമ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി എന്നീ നാല് സൂപ്പര്‍താരങ്ങളെ കേന്ദ്രീകരിച്ച് വലംവയ്ക്കുകയായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ മാത്രം വിജയിക്കുന്ന സ്ഥിതി. പൃഥ്വിരാജ് ഒഴികെയുള്ള യുവതാരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ കിട്ടാതായപ്പോള്‍ സുരേഷ് ഗോപിയെ പോലെ ഫീല്‍ഡില്‍ നിന്ന് ഔട്ടായെന്ന് വിധിയെഴുതപ്പെട്ട മുതിര്‍ന്ന നടന്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

    മമ്മൂട്ടി

    2004ലെന്ന പോലെ 2005ലും താരമൂല്യത്തില്‍ മമ്മൂട്ടി തന്നെയാണ് മുന്നില്‍. 2004ല്‍ തുടര്‍ച്ചയായ വിജയങ്ങളും കാഴ്ച എന്ന സൂപ്പര്‍ഹിറ്റും ക്രെഡിറ്റിലുണ്ടായിരുന്ന മമ്മൂട്ടിക്ക് വിജയശോഭക്ക് കൂടുതല്‍ മിഴിവ് പകരാന്‍ ഈ വര്‍ഷം കഴിഞ്ഞു. അഭിനയിച്ച ഒരു ചിത്രം പോലും പരാജയപ്പെട്ടില്ല എന്ന സവിശേഷത ഈ വര്‍ഷവും മമ്മൂട്ടിക്ക് അവകാശപ്പെട്ടതാണ്.

    സൂപ്പര്‍താരങ്ങളില്‍ മമ്മൂട്ടി തന്നെയാണ് ഇത്തവണയും ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. 2004ലെന്ന പോലെ ഈ വര്‍ഷവും മമ്മൂട്ടി വേഷമിട്ടത് ആറു ചിത്രങ്ങളിലാണ്. അവയില്‍ രണ്ട് സൂപ്പര്‍ഹിറ്റുകളുമുണ്ട്.

    തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തോടെയാണ് മമ്മൂട്ടി 2005ലും വിജയക്കുതിപ്പ് പുനരാരംഭിച്ചത്. ഷാഫി സംവിധാനം ചെയ്ത ഈ ചിത്രം നേടിയ വന്‍വിജയത്തിനു ശേഷമെത്തിയ തസ്കരവീരന്‍ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും നിര്‍മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രം തന്നെയാണ്.

    കമലിന്റെ രാപ്പകല്‍ എന്ന ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തില്‍ ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ കൈയിലെടുത്ത മമ്മൂട്ടിയുടെ ആ ചിത്രവും ശരാശരി വിജയം നേടി. ഓണത്തിനെത്തിയ സിബിഐ പരമ്പരയിലെ നാലാമത്തെ ചിത്രം നേരറിയാന്‍ സിബിഐയും ശരാശരി വിജയം നേടിയ ഹിറ്റ് ചിത്രമാണ്.

    രാജമാണിക്യമാണ് ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ഇതുതന്നെ. ക്രിസ്മസ് ചിത്രമായെത്തിയ ബസ് കണ്ടക്ടറിന്റെ ബോക്സോഫീസ് പ്രകടനത്തെ കുറിച്ച് വിലയിരുത്താറായിട്ടില്ല.

    മോഹന്‍ലാല്‍

    2004ല്‍ ഒരു സൂപ്പര്‍ഹിറ്റ് പോലും ക്രെഡിറ്റിലില്ലാതിരുന്ന മോഹന്‍ലാലിന് രണ്ട് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞ വര്‍ഷമാണിത്. സൂപ്പര്‍താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിന് നേട്ടങ്ങളുണ്ടാക്കാനായി. അഭിനയമികവില്‍ ഈ വര്‍ഷം ഏറ്റവുമേറെ ശോഭിച്ച നടന്‍ മോഹന്‍ലാലാണ്. അഞ്ച് ചിത്രങ്ങളാണ് 2005ല്‍ മോഹന്‍ലാലിനുള്ളത്.

    ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റോടെയാണ് മോഹന്‍ലാല്‍ ഈ വര്‍ഷം തുടങ്ങിയത്. ജനവരിയില്‍ റിലീസ് ചെയ്ത ഈ ചിത്രം മോഹന്‍ലാലെന്ന നടന്റെ ഗംഭീരമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. പതിവുശൈലികളില്‍ തളയ്ക്കപ്പെട്ട ഒരു സൂപ്പര്‍താരത്തിന്റെ പരിമിതികളില്‍ നിന്ന് മോഹന്‍ലാല്‍ മുക്തനാവുന്നതാണ് ഈ ചിത്രത്തില്‍ കണ്ടത്. കോടികള്‍ വാരിക്കൂട്ടിയ ഈ ചിത്രം ബാലേട്ടനു ശേഷം ഒന്നര വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മോഹന്‍ലാലിന് ലഭിച്ച സൂപ്പര്‍ഹിറ്റാണ്.

    ഉദയനാണ് താരം നല്‍കിയ പ്രതീക്ഷകള്‍ ചന്ദ്രോത്സവം, ഉടയോന്‍ എന്നീ ചിത്രങ്ങളില്‍ നിറവേറ്റാന്‍ മോഹന്‍ലാലിന് കഴിഞ്ഞില്ല. ചന്ദ്രോത്സവം പ്രേക്ഷകരെ നിരാശപ്പെടുത്തിയപ്പോള്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച ഉടയോന്‍ നിര്‍മാതാവിന് നഷ്ടമുണ്ടാക്കിക്കൊടുത്ത ചിത്രമാണ്.

    എന്നാല്‍ നരന്‍ നേടിയ സൂപ്പര്‍വിജയം മോഹന്‍ലാലിനെ ഒരു ബാലന്‍സിംഗിന് സഹായിച്ചു. വീരപരിവേഷമുള്ള നാട്ടിന്‍പുറത്തുകാരന്‍ മുള്ളന്‍കൊല്ലി വേലായുധനായി മോഹന്‍ലാല്‍ നടത്തിയ മിന്നുന്ന പ്രകടനം ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന നിലയിലായിരുന്നു. ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികനേട്ടമുണ്ടാക്കിയത് നരനാണ്.

    ക്രിസ്മസ് ചിത്രമായെത്തിയ തന്മാത്രയുടെ ബോക്സോഫീസ് വിജയത്തെ കുറിച്ച് വിലയിരുത്താറായിട്ടില്ലെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഭിനയപ്രകടനമെന്ന നിലയില്‍ ഈ ചിത്രത്തിലെ ലാലിന്റെ രമേശന്‍ എന്ന കഥാപാത്രം സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തന്മാത്രയിലേത്. തന്റെ അഭിനയസിദ്ധിയുടെ സുവര്‍ണമുഹൂര്‍ത്തങ്ങള്‍ ലാല്‍ തിരിച്ചുപിടിക്കുന്നതാണ് ഈ ചിത്രത്തില്‍ കണ്ടത്.

    ദിലീപ്

    മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ക്രെഡിറ്റിലുള്ളതെങ്കിലും ഒരു ചിത്രവും പരാജയമായില്ല എന്ന മികവ് ദിലീപിനുണ്ട്. ചാന്തുപൊട്ടിലെ അഭിനയം ദിലീപിന് കൈയടി നേടിക്കൊടുക്കുകയും ചെയ്തു.

    കൊച്ചിരാജാവ്, പാണ്ടിപ്പട, ചാന്തുപൊട്ട് എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രങ്ങള്‍. ഇവയില്‍ കൊച്ചിരാജാവ് ശരാശരി വിജയം നേടി ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പാണ്ടിപ്പട വലിയ വിജയം നേടിയില്ലെങ്കിലും നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയില്ല.

    ഓണത്തിനെത്തിയ ചാന്തുപൊട്ട് ആണ് ഈ വര്‍ഷത്തെ ദിലീപിന്റെ സൂപ്പര്‍ഹിറ്റ്. സിഐഡി മൂസക്കു ശേഷം ദിലീപീന് ലഭിക്കുന്ന സൂപ്പര്‍ഹിറ്റാണ് ഈ ചിത്രം. ചാന്തുപൊട്ടില്‍ പെണ്‍സ്വഭാവമുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായി ദിലീപ് തിളങ്ങി.

    സുരേഷ് ഗോപി

    മൂന്ന് വര്‍ഷത്തോളം മുന്‍നിര താരങ്ങള്‍ക്കൊത്ത പ്രകടനം നടത്താനാവാതെ പോയ സുരേഷ് ഗോപിയുടെ ഉജ്വലമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2005. സുരേഷ് ഗോപിയുടെ പൊലീസ് നായകനെ കാണാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററുകളില്‍ പ്രേക്ഷകരുടെ തിക്കും തിരക്കും നിറയുന്നത് ഈ വര്‍ഷത്തെ കൗതുകമുള്ള കാഴ്ചയായി.

    സുരേഷ് ഗോപിയുടെ വന്‍വിജയചിത്രം കമ്മിഷണറുടെ രണ്ടാം ഭാഗമായി രഞ്ജി പണിക്കര്‍ ഒരുക്കിയ ഭരത്ചന്ദ്രന്‍ ഐപിഎസ് ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഭരത്ചന്ദ്രന്‍ ഐപിഎസിനു ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം ടൈഗര്‍ ക്രിസ്മസ് ചിത്രമെന്ന നിലയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.

    ജയറാം

    ഈ വര്‍ഷവും പരാജയം മാത്രം നുണയാനായ നടനാണ് ജയറാം. മറ്റ് സൂപ്പര്‍താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനു മുന്നില്‍ ജയറാം നിഷ്പ്രഭനാവുന്നതാണ് കണ്ടത്.

    ഫിംഗര്‍പ്രിന്റ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പൗരന്‍, സര്‍ക്കാര്‍ ദാദ എന്നീ നാല് ചിത്രങ്ങളാണ് ഈ വര്‍ഷം ജയറാമിന്റേതായെത്തിയത്. ഇവയില്‍ ഒരു ചിത്രവും വിജയിച്ചില്ല. താരമൂല്യത്തില്‍ ഏറെ താഴേക്ക് പോവാന്‍ മാത്രമാണ് ഈ ചിത്രങ്ങള്‍ ജയറാമിനെ സഹായിച്ചത്.

    പൃഥ്വിരാജ്

    യുവതാരങ്ങള്‍ക്കിടയില്‍ ഇപ്പോഴും അവസരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഏകനടനാണ് പൃഥ്വിരാജ്. ഉപനായകവേഷം ചെയ്ത് ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റ് യുവതാരങ്ങളെ പോലെ പൃഥ്വിരാജിന് പാടുപെടേണ്ടിവരുന്നില്ല. എങ്കിലും വിജയങ്ങള്‍ ഈ നടനെ അനുഗ്രഹിക്കാതെ പോവുന്നു.

    അത്ഭുതദ്വീപ്, കൃത്യം, ദി പൊലീസ്, അനന്തഭദ്രം എന്നീ നാല് ചിത്രങ്ങളാണ് ഈ വര്‍ഷം പൃഥ്വിരാജിന് ക്രെഡിറ്റിലുള്ളത്. ഈ ചിത്രങ്ങളില്‍ അനന്തഭദ്രം മാത്രമാണ് ഭേദപ്പെട്ട ബോക്സോഫീസ് പ്രകടനം കാഴ്ചവച്ചത്. കൃത്യവും ദി പൊലീസും വന്‍പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ചിത്രങ്ങളാണ്. അത്ഭുതദ്വീപും നിര്‍മാതാവിന് നേട്ടമുണ്ടാക്കിയില്ല.

    യുവതാരങ്ങള്‍

    യുവതാരങ്ങളെ പ്രേക്ഷകര്‍ തീര്‍ത്തും അവഗണിച്ച വര്‍ഷം കൂടിയാണ് 2005. ജനവരിയില്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിന്റെ വന്‍പരാജയത്തിനു ശേഷം ജയസൂര്യ അഭിനയിച്ച ഒരു ചിത്രം ഈ വര്‍ഷം പുറത്തുവരുന്നത് ഡിസംബറിലാണ്. മമ്മൂട്ടി ചിത്രമായ ബസ് കണ്ടക്ടറില്‍ ഉപനായകന്റെ വേഷത്തിലാണ് ഒരു പിടി ചിത്രങ്ങളില്‍ നായകനായ ഈ യുവതാരം വേഷമിടുന്നത്.

    കുഞ്ചാക്കോ ബോബന്റെ ഫൈവ് ഫിംഗേഴ്സ്, ഇരുവട്ടം മണവാട്ടി എന്നീ ചിത്രങ്ങളും ബോക്സോഫീസില്‍ മൂക്കുംകുത്തി വീണു. ജിഷ്ണുവിന് ഈ വര്‍ഷം ലഭിച്ചത് മമ്മൂട്ടി ചിത്രമായ നേരറിയാന്‍ സിബിഐയിലെ ചെറിയ വേഷം മാത്രമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X