ജയറാമിന്റെ നായികയായി ജ്യോതിര്‍മയി
ജയറാമിന്റെ നായികയായി ജ്യോതിര്‍മയി
ഡിസംബര്‍ 30, 2002
കിസാന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി ജ്യോതിര്‍മയി അഭിനയിക്കുന്നു. ജയറാമിന്റെ മകന്‍ കാളിദാസനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ടി വി സീരിയല്‍ വേഷങ്ങള്‍ക്കും സിനിമയിലെ ചെറിയ കഥാപാത്രങ്ങള്‍ക്കും ശേഷം ജ്യോതിര്‍മയി നായികാപട്ടമണിയുകയാണ് സിബി മലയിലിന്റെ ചിത്രത്തിലൂടെ. നവാഗത സംവിധായകനായ സതീഷ് മേനോന്റെ ഭവത്തിലും ജ്യോതിര്‍മയി നായികയായി അഭിനയിക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കു ശേഷം ജയറാമിന്റെ മകന്‍ കാളിദാസന്‍ വീണ്ടും അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങളിലേതു പോലെ അഛനും മകനുമായാണ് ജയറാമും കാളിദാസനും ഈ ചിത്രത്തിലും അഭിനയിക്കുന്നത്. അസാധാരണമായ കഴിവുകളുള്ള ഒരു കുട്ടിയായാണ് കാളിദാസന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കു ശേഷം കാളിദാസനെ തേടി അവസരങ്ങള്‍ പലതുമെത്തിയിരുന്നെങ്കിലും തത്കാലം മകനെ സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് ജയറാം തീരുമാനിക്കുകയായിരുന്നു. അഭിനയം പഠനത്തെ ബാധിക്കുമെന്നതിനാലാണ് സിനിമയില്‍ നിന്ന് കാളിദാസനെ മാറ്റിനിര്‍ത്തിയത്. ഒഴിവുകാലത്താണ് കാളിദാസന്‍ സിബി മലയിലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
നടന്‍ ജോസ് പ്രകാശിന്റെ സഹോദരന്‍ പ്രേംപ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും ആണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജോസ് പ്രകാശ്, ലാലു അലക്സ്, മാമുക്കോയ, സുകുമാരി, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.


Click it and Unblock the Notifications