സുരേഷ് ഗോപി കമ്യൂണിസ്റാവുന്നു
സുരേഷ് ഗോപി കമ്യൂണിസ്റാവുന്നു
ഡിസംബര്‍ 30, 2003
സുരേഷ് ഗോപി വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കമ്യൂണിസ്റ്. രാമന്‍ പറയന്‍ എന്ന ദളിതനായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ വേഷമിടുന്നത്.
നവാഗത സംവിധായകനായ ദേവപ്രസാദ് ഒരുക്കുന്ന ചിത്രമാണ് കമ്യൂണിസ്റ്. ചിത്രത്തിന്റെ രചനയും ദേവപ്രസാദ് നിര്‍വഹിച്ചിരിക്കുന്നു.
ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട രാമന്‍ പറയന് ഉറ്റവനായി അടുത്ത സുഹൃത്ത് കണ്ടന്‍ മാത്രമേയുള്ളൂ. കാട്ടില്‍ ഈറ്റ വെട്ടിയും വയലില്‍ മാടിനെ പോലെ പണി ചെയ്തുമാണ് രാമന്‍ ജീവിച്ചുപോന്നത്. കണ്ടന്റെ നിര്‍ബന്ധ പ്രകാരം കുഞ്ഞിത്തേയി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തതോടെ രാമന്റെ ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടായി.
ഒളിവില്‍ കഴിഞ്ഞിരുന്ന കമ്യൂണിസ്റ് നേതാവ് കൃഷ്ണപിള്ള രാമന്റെ കുടിലിലെത്തിയത് അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ജോലിയ്ക്ക് കൂലിയായി ലഭിച്ചിരുന്ന രണ്ട് പറ നെല്ല് പോരെന്നും മൂന്ന് പറ നെല്ലെങ്കിലും ആവശ്യപ്പെടണമെന്നും കൃഷ്പിള്ള രാമനോട് പറഞ്ഞു. കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍കൊണ്ട രാമന്‍ പതുക്കെ ഒരു കമ്യൂണിസ്റായി മാറുകയായിരുന്നു.
സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന കഥാപാത്രമാണ് രാമന്‍ പറയന്‍. എം. ആര്‍. ഗോപകുമാര്‍, പി. സി. സോമന്‍, പി. എസ്. നാഥന്‍, സബിതാ സുരേഷ്, അംബികാ മോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ക്യാമറ എം. ജെ. രാധാകൃഷ്ണന്‍.


Click it and Unblock the Notifications