twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിളങ്ങാതെ പോയ നായികമാര്‍

    By Staff
    |

    തിളങ്ങാതെ പോയ നായികമാര്‍
    ഡിസംബര്‍ 30, 2004

    മലയാളത്തില്‍ മുന്‍നിര നായികമാരായ ടീനേജ് നടിമാരില്‍ എല്ലാവര്‍ക്കും തിളങ്ങിനില്‍ക്കാന്‍ ഒരു പിടി കഥാപാത്രങ്ങളിലൂടെ അവസരം ലഭിച്ച വര്‍ഷമായിരുന്നു 2003. എന്നാല്‍ 2004ല്‍ നായികമാരില്‍ ആര്‍ക്കും തന്നെ ഇത്തരമൊരു തിളക്കം അവകാശപ്പെടാനില്ല. മൂന്നോ നാലോ ചിത്രങ്ങളില്‍ നായികയാവാന്‍ അവസരം ലഭിച്ച മുന്‍നിര നടിമാര്‍ക്ക് പോലും ശ്രദ്ധേയമായതൊന്നും 2004ല്‍ ചെയ്യാനായില്ല.

    കാവ്യാമാധവന്‍

    2004ലെ ചിത്രങ്ങളുടെ കണക്കെടുക്കുമ്പോള്‍ നാല് ചിത്രങ്ങളില്‍ നായികയായ കാവ്യയാണ് എണ്ണത്തില്‍ മുന്നില്‍. എന്നാല്‍ എണ്ണത്തിലെ ഈ മികവ് ഗുണത്തില്‍ കാണാനില്ലെന്നതാണ് സത്യം. അപരിചിതന്‍, റണ്‍വേ, ഗ്രീറ്റിംഗ്, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലാണ് 2004ല്‍ നായികയായത്. ഈ ചിത്രങ്ങളില്‍ റണ്‍വേ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. പെരുമഴക്കാലത്തിലെ ഗംഗ എന്ന കഥാപാത്രം മാത്രമാണ് കാവ്യക്ക് എടുത്തുപറയാനുള്ളത്. കാവ്യയുടെ അഭിനയജീവിതത്തിലെ ഒരു വ്യത്യസ്ത കഥാപാത്രമായിരുന്നു ഗംഗ.

    മീരാ ജാസ്മിന്‍

    നീണ്ട ഇടവേളക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലേക്ക് കൊണ്ടുവന്ന മീരാജാസ്മിന്‍ അവാര്‍ഡിന്റെ തിളക്കത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും 2004ല്‍ ഈ നടിയുടേതായി ഒരു മലയാള ചിത്രം മാത്രമാണ് പുറത്തിറങ്ങിയത്- പെരുമഴക്കാലം. അന്യഭാഷകളില്‍ തിരക്കുളള മീര മലയാളത്തില്‍ ഏറെ സെലക്ടീവാണെന്നതു തന്നെയാണ് ചിത്രങ്ങളുടെ എണ്ണം ഒന്ന് മാത്രമായി പോയതിന്റെ കാരണം. പെരുമഴക്കാലത്തില്‍ മീര അവതരിപ്പിച്ച റസിയ ഈ വര്‍ഷത്തെ മികച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാണ്. വീട്ടുകാരുമായുണ്ടായ സ്വത്തുതര്‍ക്കവും 2004ല്‍ മീരയെ വാര്‍ത്താകേന്ദ്രമാക്കി.

    നവ്യാനായര്‍

    മൂന്ന് ചിത്രങ്ങളാണ് നവ്യാനായരുടേതായി 2004ല്‍ പുറത്തിറങ്ങിയത്- സേതുരാമയ്യര്‍ സിബിഐ, ജലോത്സവം, ചതിക്കാത്ത ചന്തു. സേതുരാമയ്യര്‍ സിബിഐയില്‍ ഏതാനും രംഗങ്ങളില്‍ മാത്രമൊതുങ്ങുന്ന കഥാപാത്രമായിരുന്നു നവ്യക്ക്. ജലോത്സവത്തിലും ചതിക്കാത്ത ചന്തുവിലും നവ്യ നായികയായെങ്കിലും മികച്ച കഥാപാത്രങ്ങളായിരുന്നില്ല ഈ നടിക്ക് ലഭിച്ചത്. അഴകിയ തീയേ എന്ന തമിഴ് ചിത്രവും ഈ വര്‍ഷം നവ്യയുടേതായി പുറത്തിറങ്ങി.

    നയന്‍താര

    2003 ക്രിസ്തുമസിന് പുറത്തിറങ്ങിയ മനസിനക്കരെയിലൂടെയാണ് നയന്‍താര സിനിമയിലെത്തുന്നത്. 2004ല്‍ ആണ് ഈ ചിത്രം തിയേറ്ററുകള്‍ നിറച്ചോടിയത്. വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലും നയന്‍താര അഭിനയിച്ചു. വിസ്മയത്തുമ്പത്തിലെ കഥാപാത്രം ഏറെ അഭിനയപ്രാധാന്യമുള്ളതായിരുന്നു. ശരത്കുമാറിന്റെ അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ നയന്‍താര ഇപ്പോള്‍ രജനീകാന്ത് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്.

    ഭാവന

    യൂത്ത് ഫെസ്റിവല്‍, ചതിക്കാത്ത ചന്തു, അമൃതം എന്നീ ചിത്രങ്ങളിലാണ് ഭാവന അഭിനയിച്ചത്. യൂത്ത് ഫെസ്റിവലിലും ചതിക്കാത്ത ചന്തുവിലും ഇരട്ടനായികമാരിലൊരാളായിരുന്നു. അമൃതത്തില്‍ ഉപനായികാ വേഷവും. റണ്‍വെയില്‍ ഭാവന ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടു. മികവുറ്റ കഥാപാത്രങ്ങളൊന്നും ഭാവനക്കും 2004ല്‍ ലഭിച്ചില്ല. മികച്ച വിജയം നേടിയ ചിത്രത്തില്‍ നായികയാവാനും ഈ നടിക്ക് സാധിച്ചില്ല.

    ഗീതു മോഹന്‍ദാസ്

    അകലെ, തുടക്കം എന്നീ ചിത്രങ്ങളിലാണ് ഗീതു മോഹന്‍ദാസ് നായികയായത്. അകലെയിലെ ശാരീരികദൗര്‍ബല്യങ്ങളുള്ള റോസ് എന്ന കഥാപാത്രത്തെ ഗീതു മോഹന്‍ദാസ് ഗംഭീരമാക്കി. ഗീതുവിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് റോസ്. കഴിഞ്ഞ വര്‍ഷത്തെ നടിമാരുടെ പ്രകടനത്തില്‍ ഗീതുവിന്റെ റോസ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

    സൂപ്പര്‍ഹിറ്റായ ഫോര്‍ ദി പീപ്പിളിലെ നായികായ ഗോപികക്ക് മലയാളത്തില്‍ പിന്നീട് ലഭിച്ച അവസരം വേഷത്തിലെ ഉപനായികാവേഷമാണ്. 2003ല്‍ നായികമാരില്‍ മുന്‍നിരയിലുണ്ടായിരുന്ന ജ്യോതിര്‍മയിക്ക് ഈ വര്‍ഷം കഥാവശേഷന്‍ എന്ന ചിത്രം മാത്രമേയുള്ളൂ. ഫ്രീഡം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലാണ് നിത്യാദാസിന് പ്രത്യക്ഷപ്പെടാന്‍ അവസരം ലഭിച്ചത്.

    അന്യഭാഷയില്‍ നിന്നെത്തിയ പത്മപ്രിയയും മീനാക്ഷിയും ശ്രദ്ധിക്കപ്പെട്ടു. കാഴ്ചയുടെ സൂപ്പര്‍വിജയത്തോടെ പത്മപ്രിയ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. ക്രിസ്തുമസിന് റിലീസ് ചെയ്ത അമൃതമാണ് പത്മപ്രിയയുടെ രണ്ടാമത്തെ മലയാള ചിത്രം.

    വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മീനാക്ഷി കാക്കക്കറുമ്പന്‍, യൂത്ത് ഫെസ്റിവല്‍ എന്നീ ചിത്രങ്ങളിലും നായികയായി. ബ്ലാക്കില്‍ മീനാക്ഷി ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

    ഏതാനും പുതുമുഖ നടിമാരും ഈ വര്‍ഷം അരങ്ങേറ്റം നടത്തി- രഞ്ജിനി മേനോന്‍ (സസ്നേഹം സുമിത്ര), സെറിന്‍ (മസനഗുഡി മന്നാഡിയാര്‍ സ്പീക്കിംഗ്), മുത്ത് (കുസൃതി), സംവൃത (രസികന്‍).

    രണ്ട് മുന്‍കാല നായികമാര്‍ ഈ വര്‍ഷം മലയാളത്തിലേക്ക് തിരിച്ചെത്തി- മാമ്പഴക്കാലത്തിലൂടെ ശോഭനയും വേഷത്തിലൂടെ മോഹിനിയും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X