For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയങ്ങളുടെ രസതന്ത്രങ്ങളില്‍ 2006

  By Staff
  |

  ഏതാനും മികച്ച സിനിമകള്‍ 2006നെ വ്യത്യസ്തമാക്കുന്നുണ്ട്. മികച്ച കഥയും തിരക്കഥയും പരിചരണരീതിയുമുണ്ടെങ്കില്‍ താരമാരെന്ന് നോക്കാതെ പ്രേക്ഷകര്‍ സിനിമയ്ക്കെത്തുന്നതും 2006ല്‍ കണ്ടു.

  2005ല്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ സൂപ്പര്‍താരാധിപത്യം 2006ലും തുടരുന്നതാണ് കണ്ടത്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്കു തന്നെയാണ് ഇപ്പോഴും മികച്ച വിപണനമൂല്യം. എന്നാല്‍ സൂപ്പര്‍താരമില്ലെങ്കിലും സിനിമ സൂപ്പര്‍ഹിറ്റാവുമെന്ന് ക്ലാസ്മേറ്റ്സ് എന്ന ചിത്രം തെളിയിച്ചു. സൂപ്പര്‍താര ചിത്രങ്ങള്‍ക്കിടയിലും ക്ലാസ്മേറ്റ്സിന്റെ സാന്നിധ്യം 2006ന് സമിശ്രമായ ഭാവമാണ് നല്‍കുന്നത്.

  ക്സാസ്മേറ്റ്സ് ബ്ലോക്ക്ബസ്റര്‍ എന്ന വിശേഷണം അര്‍ഹിക്കുമ്പോള്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ രസതന്ത്രവും കീര്‍ത്തിചക്രയുമുണ്ട്. തുറുപ്പുഗുലാന്‍, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റുകളാണ്.

  ക്ലാസ്മേറ്റ്സ്

  മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമാണ് ക്ലാസ്മേറ്റ്സ്. സൂപ്പര്‍താരങ്ങളുടെ പ്രഭാവത്തിനിടയില്‍ ക്ലാസ്മേറ്റ്സ് നേടിയത് എല്ലാ അര്‍ത്ഥത്തിലും അത്ഭുതവിജയമാണ്. ഓണത്തിനെത്തിയ സൂപ്പര്‍താര ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ക്ലാസ്മേറ്റ്സ് കളക്ഷനില്‍ റെക്കോഡ് നേട്ടം കൈവരിച്ചത്.

  ലാല്‍ ജോസിന്റെ സംവിധാന മികവ്, നവാഗത തിരക്കഥാകൃത്തായ ജോസഫ് ആല്‍ബര്‍ട്ടിന്റെ ശില്പഭദ്രതയുള്ള തിരക്കഥ, യുവനായകരുടെ മികച്ച അഭിനയം ഇതൊക്കെയാണ് ക്ലാസ്മേറ്റ്സിന് സൂപ്പര്‍വിജയം നേടിക്കൊടുത്തത്.

  രസതന്ത്രം

  11 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ ഈ ടീമിന്റെ ഏറ്റവും വലിയ വിജയത്തിനാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. 2006ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായ രസതന്ത്രത്തിന് തിരക്കഥയെഴുതിയതും സത്യന്‍ അന്തിക്കാടായിരുന്നു. സത്യന്‍ എഴുതുന്ന ആദ്യത്തെ തിരക്കഥ.

  ചിത്രത്തിലെ മീരാ ജാസ്മിന്റെ വേഷവും രസതന്ത്രത്തിന്റെ വിജയത്തില്‍ ഘടകമായി. ആദ്യമായി മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റുവാങ്ങുകയായിരുന്നു.

  കീര്‍ത്തിചക്ര

  സൈനിക പശ്ചാത്തലത്തില്‍ ഒട്ടേറെ സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായി സൈനികരുടെ കഥ പറയുന്ന ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാനായിയെന്നതാണ് മേജര്‍ രവിയുടെ കീര്‍ത്തിചക്രയെ വന്‍വിജയമാക്കിയത്.

  സൈനിക ഓഫീസറായി അഭിനയിച്ച മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ വിജയത്തിന് മിഴിവ് പകര്‍ന്നു. റിലീസ് ചെയ്തത് ശരിയായ സമയത്തല്ലാതിരുന്നിട്ടും ചിത്രം പ്രധാനകേന്ദ്രങ്ങളില്‍ വിജയക്കൊയ്ത്താണ് നേടിയത്.

  തുറുപ്പുഗുലാന്‍

  മമ്മൂട്ടിയുടെ കോമഡി ശൈലിയിലുള്ള മറ്റൊരു ചിത്രം കൂടി ഹിറ്റാവുന്നത് 2006ല്‍ കണ്ടു. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കാര്‍ട്ടൂണ്‍ സ്വഭാവം കുട്ടികളെയും ആകര്‍ഷിച്ചു. ആക്ഷനും കോമഡിയും ചേര്‍ന്നുള്ള ചിത്രം സാധാരണ പ്രേക്ഷകരാണ് വിജയമാക്കിയത്.

  വടക്കുംനാഥന്‍

  റിലീസിംഗ് വൈകുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്ന പതിവ് മറികടന്നാണ് വടക്കുംനാഥന്‍ വിജയം വരിച്ചത്. ഒന്നര വര്‍ഷത്തോളം പെട്ടിയില്‍ കിടന്നതിനു ശേഷമാണ് ചിത്രം 2006ല്‍ തിയേറ്ററുകളിലെത്തിയത്. ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കിയത് രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു.

  ദി ലയേണ്‍, പോത്തന്‍വാവ, ചെസ്, ചിന്താമണി കൊലക്കേസ് എന്നീ ചിത്രങ്ങള്‍ ശരാശരി വിജയം നേടി. മഹാസമുദ്രം, ബഡാദോസ്ത് എന്നീ ചിത്രങ്ങളും നിര്‍മാതാവിന് ശരാശരി വിജയത്തിന്റെ പട്ടികയില്‍പ്പെടും. പ്രതീക്ഷകളോടെയെത്തി വന്‍പരാജയം ഏറ്റുവാങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് ഫോട്ടോഗ്രാഫറും ലങ്കയും.

  ബന്ധപ്പെട്ട വാര്‍ത്തകള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X