twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരങ്ങളും ദിലീപും നേട്ടമുണ്ടാക്കി

    By Staff
    |

    സൂപ്പര്‍താരങ്ങളും ദിലീപും നേട്ടമുണ്ടാക്കി
    ഡിസംബര്‍ 31, 2003

    സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂപ്പര്‍താരങ്ങളുടെ ഉയരങ്ങളിലേക്ക് വളര്‍ന്നുകഴിഞ്ഞ ദിലീപിനും 2003 മികച്ച വര്‍ഷമായിരുന്നു. ഓരോ സൂപ്പര്‍ഹിറ്റുകള്‍ ഈ മൂന്ന് നടന്‍മാരുടെയും ക്രെഡിറ്റിലുണ്ട്. അതേ സമയം ജയറാമിനും സുരേഷ് ഗോപിയ്ക്കും അത്ര മികച്ച വര്‍ഷമായിരുന്നില്ല 2003.

    മമ്മൂട്ടി

    രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും 2003 മമ്മൂട്ടിക്ക് കരിയറില്‍ തിരിച്ചുവരവിന് കളമൊരുക്കി. ക്രോണിക് ബാച്ചിലര്‍ എന്ന സിദ്ദിക്ക് ചിത്രം മമ്മൂട്ടിക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ലഭിച്ച സൂപ്പര്‍ഹിറ്റാണ്. ഇളക്കം തട്ടിത്തുടങ്ങിയ സൂപ്പര്‍താര സിംഹാസനം ഉറപ്പിയ്ക്കാന്‍ മമ്മൂട്ടിക്ക് ഈ ചിത്രത്തിലൂടെ കഴിഞ്ഞു.

    പട്ടാളം ആണ് രണ്ടാമത്തെ മമ്മൂട്ടി ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പര്‍ ഹിറ്റ് ആവുമെന്ന പ്രതീക്ഷയോടെയാണ് തിയേറ്ററിലെത്തിയതെങ്കിലും തിരക്കഥയിലെ പിഴവുകള്‍ ചിത്രത്തിന് തിരിച്ചടിയായി.

    മോഹന്‍ലാല്‍

    നാല് ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി 2003ല്‍ ഇറങ്ങിയത്- മിസ്റര്‍ ബ്രഹ്മചാരി, കിളിച്ചുണ്ടന്‍ മാമ്പഴം, ബാലേട്ടന്‍, ഹരിഹരന്‍പിള്ള ഹാപ്പിയാണ്. ഇവയില്‍ ബാലേട്ടന്‍ സൂപ്പര്‍ഹിറ്റായി.

    അമാനുഷിക വേഷങ്ങളില്‍ നിന്ന് മാറി വീണ്ടും നര്‍മപ്രധാനമായ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചുതുടങ്ങുന്നത് മിസ്റര്‍ ബ്രഹ്മചാരിയോടെയാണ്. ചിത്രം ശരാശരി വിജയമായിരുന്നു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം മോഹന്‍ലാലിന് നേട്ടങ്ങളൊന്നും ഉണ്ടാക്കിക്കൊടുത്തില്ല. അതേ സമയം വി. എം. വിനുവിന്റെ ബാലേട്ടന്‍ സൂപ്പര്‍ഹിറ്റായതിന് പുറമെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമെന്ന സ്ഥാനം തിരിച്ചുപിടിക്കാന്‍ മോഹന്‍ലാലിനെ സഹായിച്ചു.

    ബാലേട്ടനിലൂടെ തിരിച്ചുവരവ് നടത്തിയ മോഹന്‍ലാലിന് പക്ഷേ ഹരിഹരന്‍പിള്ള ഹാപ്പിയാണ് ചീത്തപ്പേര് ഉണ്ടാക്കിക്കൊടുത്തു. മോഹന്‍ലാലിന്റെ നിലവാരമില്ലാത്ത ചിത്രങ്ങളുടെ കൂട്ടത്തിലാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ പെടുത്തിയത്.

    ദിലീപ്

    യഥാര്‍ഥത്തില്‍ 2002 പോലെ 2003ഉം തന്റെ വര്‍ഷമാക്കാന്‍ ദിലീപിന് കഴിഞ്ഞു. ദിലീപ് തന്നെ നിര്‍മിച്ച സിഐഡി മൂസ സൂപ്പര്‍ഹിറ്റായി. തിളക്കം മികച്ച വിജയം നേടുകയും ചെയ്തു.

    കഴിഞ്ഞ ക്രിസ്തുമസിന് പുറത്തിറങ്ങിയ കല്യാണരാമന്റെ മികച്ച വിജയത്തോടെയാണ് ദിലീപിന്റെ ഈ വര്‍ഷം തുടങ്ങിയത്. വിഷുവിനെത്തിയ ജയരാജ് ചിത്രംതിളക്കം വന്‍വിജയം നേടി. ഈ ചിത്രത്തിലെ ദിലീപ് അവതരിപ്പിക്കുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച യുവാവിന്റെ കഥാപാത്രം സൃഷ്ടിക്കുന്ന നര്‍മരംഗങ്ങളാണ് ചിത്രം വിജയിക്കാന്‍ പ്രധാന ഘടകമായത്.

    തിളക്കത്തിന് തൊട്ടുപിന്നാലെ തിയേറ്ററുകളിലെത്തിയ ദിലീപ് ചിത്രമാണ് സദാനന്ദന്റെ സമയം. ദിലീപിന്റെ തീര്‍ത്തും പരാജയപ്പെട്ട 2003ലെ ഏക ചിത്രം സദാനനന്ദന്റെ സമയം ആണ്. ഗ്രാമഫോണ്‍ ആണ് തുടര്‍ന്ന് പുറത്തിറങ്ങിയ ദിലീപ് ചിത്രം. കമല്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാല്‍ ദിലീപ് തന്നെ നിര്‍മിച്ച സിഐഡി മൂസ സൂപ്പര്‍ഹിറ്റായി.

    ഓണത്തിന് റിലീസ് ചെയ്ത രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തില്‍ ദിലീപിന്റെ സാന്നിധ്യം ആദ്യം പരസ്യമായിക്കിയിരുന്നില്ല. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ചിത്രത്തിന്റെ പരസ്യങ്ങളില്‍ ദിലീപിന്റെ മുഖം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

    റംസാന്‍ റിലീസായ വാര്‍ ആന്റ് ലൗ വലിയ വിജയമായില്ലെങ്കിലും ദിലീപിന്റെ താരപദവിയ്ക്ക് ചേരുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തിലേത്. ക്രിസ്തുമസിന് പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് പട്ടണത്തില്‍ സുന്ദരന്‍. വിപിന്‍മോഹന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം വിജയമാണോയെന്ന് പറയാറായിട്ടില്ല. ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നാണ് പ്രാഥമികമായ റിപ്പോര്‍ട്ട്.

    ജയറാം

    ജയറാമിന്റെ മൂന്ന് ചിത്രങ്ങളാണ് 2003ല്‍ പുറത്തിറങ്ങിയത്- എന്റെ വീട് അപ്പൂന്റേം, ഇവര്‍, മനസിനക്കരെ. ഇതില്‍ ആദ്യത്തെ രണ്ടു ചിത്രങ്ങളും വിജയമായില്ല.

    സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ ജയറാമിനോടൊപ്പം മകന്‍ കാളിദാസനും അഭിനയിച്ചിരുന്നു. ടി. കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത ഇവറില്‍ ആദ്യമായി ജയറാം ആക്ഷന്‍ ഹീറോയുടെ വേഷം ചെയ്തു.

    സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ ക്രിസ്തുമസിനാണ് പുറത്തിറങ്ങിയത്. ഷീല ഏറെ കാലത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

    സുരേഷ് ഗോപി

    സുരേഷ് ഗോപിയ്ക്ക് 2003ലും മികച്ചതൊന്നും അവകാശപ്പെടാനില്ല. രണ്ട് ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയത്- തില്ലാന തില്ലാന, സ്വപ്നം കൊണ്ട് തുലാഭാരം. രണ്ട് ചിത്രങ്ങളും തീര്‍ത്തും പരാജയമായി.

    പൃഥ്വിരാജ്

    2002ല്‍ മലയാള സിനിമയിലെ പുതിയ നായകനായി രംഗപ്രവേശം ചെയ്ത പൃഥ്വിരാജ് താരനിരയില്‍ ഉയരങ്ങളിലെത്തുന്നതാണ് 2003ല്‍ കണ്ടത്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വെള്ളിത്തിര എന്നീ ചിത്രങ്ങള്‍ പൃഥ്വിരാജിന്റെ അഭിനയശേഷിയ്ക്ക് സാക്ഷ്യങ്ങളായപ്പോള്‍ സ്വപ്നക്കൂടിന്റെ സൂപ്പര്‍ വിജയം ഈ നടന്റെ താരപരിവേഷം വളര്‍ത്തി.

    പൃഥ്വിരാജിന്റെ ആദ്യചിത്രമായ നന്ദനവും തിയേറ്ററുകള്‍ നിറച്ചോടിയത് 2003ലെ ആദ്യദിവസങ്ങളിലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ നടന്‍മാരുടെ ഒന്നാം നിരയിലേക്ക് പൃഥ്വിരാജ് വളര്‍ന്നുകഴിഞ്ഞു.

    കുഞ്ചാക്കോ ബോബന്‍

    കുഞ്ചാക്കോ ബോബന് അതിജീവനത്തിന്റെ വര്‍ഷമായിരുന്നു 2003. നല്ല ചിത്രമെന്ന പ്രേക്ഷക പ്രശംസയോടെ വിജയമായ കസ്തൂരിമാന്‍, സൂപ്പര്‍ഹിറ്റായ സ്വപ്നക്കൂട് എന്നീ ചിത്രങ്ങളിലൂടെ യുവനായകരുടെ ഇടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കുഞ്ചാക്കോ ബോബന് കഴിഞ്ഞു.

    മുല്ലവള്ളിയും തേന്മാവും എന്ന മികച്ച ചിത്രവും 2003ല്‍ കുഞ്ചാക്കോ ബോബന്റെ ക്രെഡിറ്റിലുണ്ട്.

    ജയസൂര്യയും ജിഷ്ണവും

    സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം എന്നീ ചിത്രങ്ങളാണ് ജയസൂര്യയുടെ ക്രെഡിറ്റിലുള്ളത്. ഏതാനും ചിത്രങ്ങളിലൂടെ ഈ നടന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, ചൂണ്ട എന്നീ ചിത്രങ്ങള്‍ ക്രെഡിറ്റിലുള്ള ജിഷ്ണുവും 2003ല്‍ തിരക്കുള്ള നടനായി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X