twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടീനേജ് നായികമാരുടെ വര്‍ഷം

    By Super
    |

    മലയാളത്തില്‍ പുതിയ നായികമാര്‍ ഒന്നാം നിരയില്‍ സ്ഥാനമുറപ്പിക്കുന്നതു കണ്ട വര്‍ഷമാണ് 2003. ഒന്നാം നിരയിലെത്തിയ ഈ ടീനേജ് നായികമാര്‍ അഭിനയരംഗത്തെ തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തു. മീരാ ജാസ്മിന്‍, നവ്യാ നായര്‍, കാവ്യാ മാധവന്‍, ഭാവന, ജ്യോതിര്‍മയി എന്നീ അഞ്ച് നായികമാര്‍ക്കും സിനിമ രംഗത്ത് നേട്ടങ്ങളുണ്ടാക്കാനും ഏറെ മുന്നോട്ടുപോവാനും കഴിഞ്ഞ വര്‍ഷമാണ് 2003.

    മീരാ ജാസ്മിന്‍

    നടിയെന്ന നിലയിലും താരമെന്ന നിലയിലും മീരാ ജാസ്മിന് വളര്‍ച്ചയുടെ വര്‍ഷമായിരുന്നു 2003. 2002ല്‍ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിയില്‍ അരങ്ങേറ്റം നടത്തിയ മീരാ ജാസ്മിന് 2003ല്‍ നാല് മലയാള ചിത്രങ്ങളാണ് ക്രെഡിറ്റിലുള്ളത്.

    ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് നീണ്ട കൈയടി നേടിയ മീരാ ജാസ്മിന് ഒരു മികച്ച നടിയാണ് താനെന്ന് തെളിയിക്കാനായി. പാഠം ഒന്ന് ഒരു വിലാപത്തിലെ പീഡിതയായ ഷാഹിന എന്ന കഥാപാത്രം മീരാ ജാസ്മിന് അഭിനയ ജീവിതത്തില്‍ എന്നും മുതല്‍ക്കൂട്ടായിരിക്കും.

    സൂപ്പര്‍ഹിറ്റായ സ്വപ്നക്കൂട്, കസ്തൂരിമാന്‍, ഗ്രാമഫോണ്‍ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയമാണ് മീര കാഴ്ചവച്ചത്. ഈ മൂന്ന് ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു മീരയുടേത്. 2003ലെ മീരാ ജാസ്മിന്റെ നാല് ചിത്രങ്ങളും ആ നടിയുടെ അഭിനയമികവിന് ഉദാഹരണങ്ങളായി.

    മലയാളത്തേക്കാള്‍ മീര ശ്രദ്ധ പതിപ്പിക്കുന്നത് തമിഴിലാണ്. ഭഗവതി, ബാല, ആഞ്ജനേയ എന്നീ ചിത്രങ്ങളാണ് മീരയുടേതായി തമിഴില്‍ പുറത്തിറങ്ങിയത്.

    നവ്യാ നായര്‍

    2002ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് തേടിയെത്തിയതാണ് നവ്യാ നായരുടെ പോയ വര്‍ഷത്തെ വലിയ നേട്ടം. നവ്യയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത നന്ദനം 2003ന്റെ ആദ്യദിവസങ്ങളിലാണ് തിയേറ്റര്‍ നിറച്ചോടിയത്. ഈ ചിത്രത്തിലെ ബാലാമണി നവ്യയ്ക്ക് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു.

    നാല് ചിത്രങ്ങളാണ് നവ്യയുടേതായി 2003ല്‍ പുറത്തിറങ്ങിയത്. ഗ്രാമഫോണ്‍, വെള്ളിത്തിര, അമ്മക്കിളിക്കൂട്, പട്ടണത്തില്‍ സുന്ദരന്‍. മീരാ ജാസ്മിനും ദിലീപും നായികാ നായകന്‍മാരായ ഗ്രാമഫോണില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചത്.

    വെള്ളിത്തിര, അമ്മക്കിളിക്കൂട്, പട്ടണത്തില്‍ സുന്ദരന്‍ എന്നീ ചിത്രങ്ങളിലൂടെ ഒന്നാം നിര നടിയെന്ന സ്ഥാനം നവ്യ ഭദ്രമാക്കി.

    ചില സംവിധായകര്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തിയതും ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയതും നവ്യയെ വിവാദങ്ങളിലെ നായികയുമാക്കി. കമല്‍, ഭദ്രന്‍ എന്നീ സംവിധായകര്‍ക്കെതിരെ പ്രസ്താവന നടത്തിയാണ് നവ്യ വിവാദ കോളങ്ങളില്‍ നിറഞ്ഞുനിന്നത്. പ്രതിഫലപ്രശ്നത്തിന്റെ പേരില്‍ ഫിലിം ചേംബര്‍ വിലക്കിയെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ വിലക്ക് നീക്കി.

    കാവ്യാ മാധവന്‍

    കാവ്യാ മാധവനും 2003ല്‍ നാല് ചിത്രങ്ങളിലാണ് അഭിനയിച്ചത്- തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, പുലിവാല്‍ കല്യാണം.

    മിഴി രണ്ടിലും എന്ന ചിത്രത്തിലെ ഇരട്ടവേഷം കാവ്യാ മാധവന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ദുരിതങ്ങളുടെ നടുവില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന ഭദ്ര എന്ന കഥാപാത്രത്തെ കാവ്യ അഭിനയ മികവിലൂടെ ഒന്നാന്തരമാക്കി.

    സൂപ്പര്‍ഹിറ്റായ തിളക്ക ത്തിലെ നായികയായും കാവ്യ ശ്രദ്ധിക്കപ്പെട്ടു. തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും എന്നീ ചിത്രങ്ങളില്‍ ദിലീപായിരുന്നു കാവ്യയുടെ നായകന്‍. ക്രിസ്തുമസിന് പുറത്തിറങ്ങിയ ഷാഫിയുടെ പുലിവാല്‍ കല്യാണത്തില്‍ ജയസൂര്യയാണ് കാവ്യയുടെ നായകന്‍.

    ഭാവന

    2002ലെ ക്രിസ്തുമസ് ചിത്രമായ നമ്മളിലൂടെ അരങ്ങേറിയ ഭാവന 2003ല്‍ അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്. സിഐഡി മൂസ, സ്വപ്നക്കൂട്, ക്രോണിക് ബാച്ചിലര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ഭാവന നടിമാരുടെ ഒന്നാം നിരയിലേക്ക് ഉയര്‍ന്നു.

    സിഐഡി മൂസ, സ്വപ്നക്കൂട് എന്നിവ കൂടാതെ ക്രോണിക് ബാച്ചിലര്‍, ഇവര്‍, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്നീ ചിത്രങ്ങളിലാണ് ഭാവന അഭിനയിച്ചത്. സ്വപ്നക്കൂട്, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളില്‍ ഉപനായികയുടെ വേഷമായിരുന്നു.

    നമ്മളിലെ തുടക്കത്തിന് ശേഷം ഭാവനയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ചിത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഈ ടീനേജ് താരത്തെ തേടിയെത്തുകയാണ്.

    ജ്യോതിര്‍മയി

    ഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയ ജ്യോതിര്‍മയിയ്ക്ക് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2003.

    പൈലറ്റ്, ഇഷ്ടം, മീശ മാധവന്‍, നന്ദനം എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജ്യോതിര്‍മയി 2003ല്‍ ഒന്നാം നിര നടിയായി ഉയര്‍ന്നു. 2003ല്‍ ജ്യോതിര്‍മയി അഭിനയിച്ച നാല് ചിത്രങ്ങളില്‍ മൂന്നിലും നായികാ വേഷമായിരുന്നു.

    ഹരിഹരന്‍പിള്ള ഹാപ്പിയില്‍ മോഹന്‍ലാലിന്റെയും എന്റെ വീട്.. അപ്പൂന്റേം.. എന്ന ചിത്രത്തില്‍ ജയറാമിന്റെയും നായികയായ ജ്യോതിര്‍മയി പുതിയ നായികമാരില്‍ സൂപ്പര്‍താരങ്ങളുടെ നായികയാവാനുള്ള പക്വതയുള്ള നടി എന്ന പേര് നേടി.

    ലെനിന്‍ രാജേന്ദ്രന്റെ അന്യരി ല്‍ കേന്ദ്രകഥാപാത്രത്തെയാണ് ജ്യോതിര്‍മയി അവതരിപ്പിച്ചത്. പട്ടാളത്തില്‍ ബിജു മേനോന്റെ നായികയായി ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ജ്യോതിര്‍മയി അഭിനയിച്ചത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X