twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ വര്‍ഷം

    By Staff
    |

    മമ്മൂട്ടിയുടെ വര്‍ഷം
    ഡിസംബര്‍ 31, 2004

    സിനിമാലോകത്ത് സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച വര്‍ഷമായിരുന്നു 2004. സൂപ്പര്‍താരങ്ങള്‍ക്ക് പ്രായമേറുന്നുവെന്നും അവരുടെ കാലം കഴിഞ്ഞുവെന്നുമുള്ള മുറവിളിക്ക് മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചതിലൂടെ മറുപടി നല്‍കി. ഇനിയും ഏതാനും വര്‍ഷങ്ങള്‍ ഈ സൂപ്പര്‍താരങ്ങള്‍ തന്നെയായിരിക്കും താരലോകത്തെ കൂടുതല്‍ പ്രഭയോടെ മിന്നിത്തിളങ്ങുന്നതെന്നാണ് ദിലീപിന്റെയും യുവനായകരുടെയും പരാജയത്തിന്റെയും വര്‍ഷമായിരുന്ന 2004 നല്‍കുന്ന സൂചന. 2003ല്‍ ഇമേജില്‍ വന്ന ക്ഷീണം അകറ്റി തിരിച്ചുവരവ് നടത്തിയ മോഹന്‍ലാലും മമ്മൂട്ടിയും 2004ല്‍ തങ്ങളുടെ സൂപ്പര്‍താര സിംഹാസനങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് കണ്ടത്.

    മമ്മൂട്ടി

    താരങ്ങളില്‍ മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു 2004. മുന്‍വര്‍ഷങ്ങളേക്കാന്‍ മമ്മൂട്ടി ഏറെ ദൂരം മുന്നോട്ടുപോവുന്നതാണ് 2004ല്‍ കണ്ടത്. 2002ല്‍ ഒരു സൂപ്പര്‍ഹിറ്റ് പോലുമില്ലാതെ രണ്ട് ചിത്രങ്ങള്‍ മാത്രം ക്രെഡിറ്റിലുണ്ടായിരുന്ന നടനാണ് മമ്മൂട്ടി. 2003ലും മമ്മൂട്ടിക്ക് രണ്ട് ചിത്രങ്ങള്‍ മാത്രമേയുണ്ടായുള്ളൂ. അതിലൊന്ന് ക്രോണിക് ബാച്ചിലര്‍ എന്ന സൂപ്പര്‍ഹിറ്റായിരുന്നു. ഈ വര്‍ഷമാകട്ടെ രണ്ട് സൂപ്പര്‍ഹിറ്റുകളടക്കം ആറ് ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചത്. ഉജ്വലമായ തിരിച്ചുവരവ് നടത്തിയ മമ്മൂട്ടി താരലോകത്ത് നിറഞ്ഞുനില്‍ക്കുന്നതാണ് 2004ല്‍ കണ്ടത്.

    2004ല്‍ ഉണ്ടായ നാല് സൂപ്പര്‍ഹിറ്റുകളില്‍ രണ്ടും മമ്മൂട്ടി ചിത്രങ്ങളാണ്. വര്‍ഷാരംഭത്തില്‍ തന്നെ സേതുരാമയ്യര്‍ സിബിഐ എന്ന സൂപ്പര്‍ഹിറ്റോടെയാണ് മമ്മൂട്ടി തുടങ്ങിയത്. തുടര്‍ന്നെത്തിയ വജ്രം സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗ് വൈകിയ ചിത്രമായിരുന്നെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കി. അപരിചിതന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വ്യത്യസ്ത മുഖമാണ് കണ്ടത്. ഈ ചിത്രവും സാമ്പത്തികമായി പരാജയമായില്ല.

    ഓണച്ചിത്രമായി വന്ന കാഴ്ച സൂപ്പര്‍ഹിറ്റായതോടെ മമ്മൂട്ടിയുടെ താരത്തിളക്കത്തിന് കൂടുതല്‍ പൊലിമ വന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു കാഴ്ചയിലെ ഫിലിം ഓപ്പറേറ്റര്‍ മാധവന്‍. കാഴ്ചയില്‍ അനായാസമായി കഥാപാത്രമായി മാറിയ ഈ നടന്‍ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

    റംസാന്‍-ദീപാവലി ചിത്രമായെത്തിയ ബ്ലാക്ക് ആണ് സൂപ്പര്‍താരത്തിന്റെ എല്ലാ പരിവേഷത്തോടെയും മമ്മൂട്ടി നിറഞ്ഞുനിന്ന ചിത്രം. വ്യത്യസ്തമായ ഈ ആക്ഷന്‍ ചിത്രത്തിലെ നായകവേഷത്തില്‍ മമ്മൂട്ടി തിളങ്ങുക തന്നെ ചെയ്തു. ഈ ചിത്രം ശരാശരി വിജയം നേടുകയും ചെയ്തു. ക്രിസ്തുമസിനെത്തിയ വേഷത്തില്‍ മമ്മൂട്ടിക്ക് കുടുംബവേഷമാണ്. വിശ്വതുളസി എന്ന തമിഴ് ചിത്രവും ഈ വര്‍ഷം മമ്മൂട്ടിയുടേതായി എത്തി.

    മമ്മൂട്ടി ചിത്രങ്ങളെ അവലോകനം ചെയ്യുമ്പോള്‍ കഥാപാത്ര വൈവിധ്യമാണ് എടുത്തു പറയേണ്ട സവിശേഷത. കുറ്റാന്വേഷകനായും (സേതുരാമയ്യര്‍ സിബിഐ) പ്രേതമായും (അപരിചിതന്‍) ഫിലിം ഓപ്പറേറ്ററായ കുട്ടനാട്ടുകാരനായും (കാഴ്ച) കുടുംബനായകനായും (വേഷം) ആക്ഷന്‍ ഹീറോയായും (ബ്ലാക്ക്, വജ്രം) മമ്മൂട്ടി വൈവിധ്യം സൃഷ്ടിച്ചു.

    മോഹന്‍ലാല്‍

    അതിഥി താരമായി വേഷമിട്ട വാണ്ടഡ് ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി 2004ല്‍ പുറത്തിറങ്ങിയത്. വാമനപുരം ബസ് റൂട്ട്, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, മാമ്പഴക്കാലം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. 2003ല്‍ മോഹന്‍ലാലിന് നാല് ചിത്രങ്ങളാണുണ്ടായിരുന്നത്.

    നാട്ടുരാജാവ് ആണ് മോഹന്‍ലാലിന് 2004ല്‍ ക്രെഡിറ്റിലുള്ള സൂപ്പര്‍ഹിറ്റ്. 2003ല്‍ ബാലേട്ടനിലൂടെ ഒരു ഇടവേളക്ക് ശേഷം സൂപ്പര്‍ഹിറ്റ് തീര്‍ത്ത മോഹന്‍ലാല്‍ ഇത്തവണത്തെ ഓണത്തിനും ആ വിജയം നാട്ടുരാജാവിലൂടെ ആവര്‍ത്തിക്കുന്നതാണ് കണ്ടത്.

    വാമനപുരം ബസ് റൂട്ട്, വിസ്മയത്തുമ്പത്ത് എന്നീ ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് നാട്ടുരാജാവിലൂടെ മോഹന്‍ലാല്‍ തിരിച്ചുവരവ് നടത്തിയത്. വീണ്ടും മീശപിരിച്ച് കാലുമടക്കിയടിക്കുന്ന വീരനായകകഥാപാത്രത്തിന് കുടുംബനായകന്റെ സംഘര്‍ഷങ്ങളുടെ കുപ്പായമിട്ടുകൊടുക്കുകയായിരുന്നു നാട്ടുരാജാവില്‍. കഥാസന്ദര്‍ഭങ്ങളിലും പ്രമേയത്തിലും പുതുമയില്ലാഞ്ഞിട്ടും മോഹന്‍ലാലിന്റെ സാന്നിധ്യമാണ് ചിത്രത്തെ വന്‍വിജയമാക്കിയത്.

    ജോഷിയുടെ മാമ്പഴക്കാലം എന്ന മോഹന്‍ലാല്‍ ചിത്രവും കുടുംബപ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായം നേടി. ശരാശരി വിജയം നേടിയ ചിത്രമാണ് മാമ്പഴക്കാലം. എന്നാല്‍ ബാലേട്ടനെ ഓര്‍മിപ്പിക്കുന്ന ഈ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം പകരുന്നതില്‍ പരാജയപ്പെട്ടു.

    വാമനപുരം ബസ് റൂട്ട് പോലുള്ള മൂന്നാം കിട ചിത്രങ്ങളില്‍ നായകനായി വേഷം കെട്ടാന്‍ മോഹന്‍ലാല്‍ തയ്യാറായത് പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും സ്വീകരിക്കുന്നതില്‍ ഈ സൂപ്പര്‍നടന്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. മണിച്ചിത്രത്താഴിനെ ഓര്‍മിപ്പിക്കുന്ന മോഹന്‍ലാല്‍ ചിത്രം വിസ്മയത്തുമ്പത്തിന് വിജയമാവാന്‍ കഴിഞ്ഞില്ല. മമ്മൂട്ടിയെ പോലെ പുതുമയും വ്യത്യസ്തതയുമുള്ള കഥാപാത്രങ്ങളൊന്നും 2004ല്‍ മോഹന്‍ലാലിന് ലഭിച്ചില്ല.

    ദിലീപ്

    ജനപ്രിയ നായകന്‍ എന്ന വിശേഷണവുമായി 2002ലും 2003ലും നിറഞ്ഞുനിന്ന ദിലീപ് താരനിരയില്‍ പിന്നോട്ടേക്ക് പോവുന്നതാണ് 2004ല്‍ കണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷവും വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ താരങ്ങളില്‍ മുന്നിലായിരുന്ന ദിലീപിന് ഈ വര്‍ഷം ഒരു സൂപ്പര്‍ഹിറ്റ് പോലും ഉണ്ടാക്കാനായില്ല.

    തെക്കേക്കര സൂപ്പര്‍ഫാസ്റ്, റണ്‍വേ, വെട്ടം, പെരുമഴക്കാലം, കഥാവശേഷന്‍, രസികന്‍ എന്നീ ആറ് ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തിറങ്ങിയത്. ഇതില്‍ റണ്‍വേ മാത്രമാണ് ശരാശരി വിജയം നേടിയത്.

    തെക്കേക്കര സൂപ്പര്‍ഫാസ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ ചിത്രമാണ്. പെരുമഴക്കാലത്തില്‍ ദിലീപ് ഏതാനും രംഗങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ടി. വി. ചന്ദ്രന്‍ ചിത്രം എന്ന നിലയില്‍ കഥാവശേഷന്‍ ശ്രദ്ധേയമായെങ്കിലും സമാന്തര സിനിമകളില്‍ മോഹന്‍ലാലും മമ്മൂട്ടിയും അവതരിപ്പിച്ചതു പോലുള്ള വ്യത്യസ്തവും അഭിനയപ്രധാനവുമായ കഥാപാത്രമല്ല ഈ ചിത്രത്തില്‍ ദിലീപിന് ലഭിച്ചത്.

    പ്രിയദര്‍ശന്‍ ചിത്രമായ വെട്ടം സാമ്പത്തിക പരാജയമായിരുന്നു. ലാല്‍ ജോസും ദിലീപും വീണ്ടും ഒരുമിച്ച രസികന്‍ സമിശ്രപ്രതികരമാണുണ്ടാക്കിയത്. ഈ ചിത്രവും വന്‍വിജയത്തിലേക്ക് കടക്കാന്‍ സാധ്യതയില്ല.

    2002ലും 2003ലും ദിലീപ് നിലനിര്‍ത്തിയ ജനപ്രിയനായക പരിവേഷത്തിന് 2004ല്‍ മങ്ങലേല്‍ക്കുകയായിരുന്നു. ഒന്നാം നിര സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അത് ദിലീപിന് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാക്കിയില്ല.

    ജയറാം

    സല്‍പ്പേര് രാമന്‍കുട്ടി, മയിലാട്ടം, അമൃതം എന്നീ മൂന്ന് ജയറാം ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. സല്‍പ്പേര് രാമന്‍കുട്ടി പരാജയമായെങ്കിലും മയിലാട്ടം ശരാശരി വിജയം നേടി. ക്രിസ്തുമസ് ചിത്രമായ അമൃതം പൊതുവെ നല്ല അഭിപ്രായമാണ് നേടിയെടുത്തിരിക്കുന്നത്. മിനിമം ഗ്യാരന്റി നടന്‍ എന്ന പദവി 2004ലും ം നിലനിര്‍ത്താന്‍ ജയറാമിന് കഴിഞ്ഞു.

    സുരേഷ് ഗോപി

    പരാജയത്തിന്റെ തുടര്‍ക്കഥ സുരേഷ് ഗോപി ഇത്തവണയും ആവര്‍ത്തിച്ചു. സസ്നേഹം സുമിത്ര, അിനക്ഷത്രം എന്നീ രണ്ടു ചിത്രങ്ങളും വന്‍പരാജയമായിരുന്നു.

    യുവനായകര്‍

    2003ല്‍ തിളങ്ങിനിന്ന യുവനായകര്‍ 2004ല്‍ മങ്ങിപ്പോവുന്നതാണ് കണ്ടത്. വെള്ളിനക്ഷത്രം, അകലെ, സത്യം എന്നീ മൂന്ന് ചിത്രങ്ങള്‍ ഈ വര്‍ഷം പൃഥ്വിരാജിന്റേതായിറങ്ങി. ഇവയില്‍ വെള്ളിനക്ഷത്രം മാത്രമാണ് ശരാശരി വിജയം നേടിയത്. അമ്മ-ഫിലിം ചേംബര്‍ തര്‍ക്കത്തില്‍ അമ്മക്കെതിരെ തിരിഞ്ഞത് മൂലം ചിത്രങ്ങളൊന്നുമില്ലാത്ത സ്ഥിതിയിലാണ് പൃഥ്വിരാജ്.

    മൂന്ന് ചിത്രങ്ങളാണ് ജയസൂര്യയുടേതായി പുറത്തിറങ്ങിയത്- കേരളഹൗസ് ഉടന്‍ വില്പനയ്ക്ക്, ചതിക്കാത്ത ചന്തു, ഗ്രീറ്റിംഗ്സ്. വെള്ളിനക്ഷത്രത്തില്‍ അതിഥിവേഷം ചെയ്ത ജയസൂര്യ വസൂല്‍രാജ എംബിബിഎസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ചതിക്കാത്ത ചന്തു മാത്രമാണ് സാമ്പത്തിക വിജയം നേടിയ ജയസൂര്യ ചിത്രം.

    കുഞ്ചാക്കോ ബോബന്‍ തീര്‍ത്തും മങ്ങിപ്പോയ വര്‍ഷമാണ് 2004. ജലോത്സവം, ഈ സ്നേഹതീരത്ത് എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രമാണ് ഈ നടന്റേതായിറങ്ങിയത്. രണ്ടും വന്‍പരാജയങ്ങളായിരുന്നു.

    ജിഷ്ണു, സിദ്ധാര്‍ഥ് തുടങ്ങിയ പുതിയ താരങ്ങള്‍ തീര്‍ത്തും മങ്ങിപ്പോവുന്നതാണ് 2004ല്‍ കണ്ടത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X