സൂപ്പര്‍താര പ്രഭാവം തുടരുന്നു

By Staff

സൂപ്പര്‍താരങ്ങളുടെ പ്രഭാവം തുടരുന്നതാണ് 2006ലും കണ്ടത്. യുവതാരചിത്രമായ ക്സാസ്മേറ്റ്സ് ഏറ്റവും വലിയ വിജയം കണ്ടെങ്കിലും അതൊന്നും സൂപ്പര്‍താര വാഴ്ചയെ ബാധിച്ചിട്ടില്ല. സൂപ്പര്‍താരങ്ങള്‍ക്ക് വെല്ലുവിളിയാവും വിധം ഒരു യുവതാരത്തിന്റെയും റേറ്റിംഗ് ഉയര്‍ന്നിട്ടുമില്ല. സൂപ്പര്‍താര ചിത്രങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു.

ഒരു താരത്തിന്റെ പേര് കൊണ്ടു മാത്രം സിനിമ വിജയിപ്പിക്കാന്‍ കഴിയുന്നവര്‍ എന്ന മികവ് തന്നെയാണ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും 2006ലും മുന്നിലെത്തിക്കുന്നത്. തൊട്ടുപിന്നില്‍ ദിലീപും സുരേഷ് ഗോപിയും താരത്തിളക്കത്തിന് മങ്ങലേല്‍ക്കാതെ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തി. ഈ നാല് താരങ്ങള്‍ക്കും ഏറെ തിരക്കേറിയ വര്‍ഷമായിരുന്നു 2006. മുന്‍വര്‍ഷത്തേക്കാള്‍ ഇവരുടെ കൂടുതല്‍ ചിത്രങ്ങള്‍ 2006ല്‍ പുറത്തിറങ്ങി.

2004ലും 2005ലും മമ്മൂട്ടിയാണ് ഹിറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്തിയതെങ്കില്‍ 2006ല്‍ അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ക്ക് പരാജയം നേരിടേണ്ടിവന്നു. മമ്മൂട്ടിയുടെ വിജയക്കുതിപ്പിന്റെ വേഗം കുറഞ്ഞപ്പോള്‍ സൂപ്പര്‍ഹിറ്റുകളുമായി മോഹന്‍ലാല്‍ താരമൂല്യത്തിന്റെ പുതിയ ഉയരങ്ങളിലെത്തി.

മോഹന്‍ലാല്‍

ക്സാസ്മേറ്റ്സ് കഴിഞ്ഞാല്‍ 2006ല്‍ ഏറ്റവും മികച്ച വിജയങ്ങള്‍ നേടിയ രണ്ട് ചിത്രവും മോഹന്‍ലാലിന്റേതാണ്. രസതന്ത്രം, കീര്‍ത്തിചക്ര എന്നീ സൂപ്പര്‍ഹിറ്റുകള്‍ 2006ലെ മോഹന്‍ലാലിന്റെ പ്രകടനത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

ആറ് ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ 2006ല്‍ അഭിനയിച്ചത്- രസതന്ത്രം, വടക്കുംനാഥന്‍, കീര്‍ത്തിചക്ര, മഹാസമുദ്രം, ഫോട്ടോഗ്രാഫര്‍, ബാബാ കല്യാണി. 2005ല്‍ മോഹന്‍ലാലിന്റേതായി അഞ്ച് ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.

രണ്ട് സൂപ്പര്‍ഹിറ്റുകള്‍ക്കു പുറമെ വടക്കുംനാഥന്‍ എന്ന ഹിറ്റ് ചിത്രവും മോഹന്‍ലാലിന്റേതായി ഈ വര്‍ഷമുണ്ട്. മഹാസമുദ്രം ശരാശരി വിജയം നേടിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ അപ്രതീക്ഷിതമായ പരാജയമാണ് ഏറ്റുവാങ്ങുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ഫോട്ടോഗ്രാഫര്‍. ഫോട്ടോഗ്രാഫറിന്റെ പരാജയദുരന്തം വന്‍വിജയങ്ങളുടെ തിളക്കത്തിന് നേരിയ മങ്ങലേല്പിച്ചു.

ക്രിസ്മസ് ചിത്രമായ ബാബാ കല്യാണിയും മറ്റൊരു ഹിറ്റ് ചിത്രമാവുമെന്നാണ് ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ നൂറ്റാണ്ട് ആരംഭിച്ചതിനു ശേഷം മോഹന്‍ലാലിന്റെ ഏറ്റവും മികച്ച വര്‍ഷമാണ് 2006.

മമ്മൂട്ടി

2005ല്‍ മമ്മൂട്ടിയുടെ ആറ് ചിത്രങ്ങളാണ് പുറത്തിറങ്ങിയതെങ്കില്‍ 2006ല്‍ അത് ഏഴായി. പക്ഷേ വിജയങ്ങളുടെ എണ്ണം കുറഞ്ഞു. ഒരു ഹിറ്റ് ചിത്രം മാത്രമാണ് ഈ വര്‍ഷം മമ്മൂട്ടിയുടെ ക്രെഡിറ്റിലുള്ളത്. 2005ലും 2006ലും മമ്മൂട്ടി നേടിയ തുടര്‍ച്ചയായ വിജയങ്ങള്‍ 2007ല്‍ ആവര്‍ത്തിക്കാനായില്ല.

തുറുപ്പുഗുലാന്‍, ബല്‍റാം വേഴ്സസ് താരാദാസ്, പ്രജാപതി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, പോത്തന്‍വാവ, കറുത്ത പക്ഷികള്‍, പളുങ്ക് എന്നിവയാണ് ഈ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങള്‍. ഇവയില്‍ ഹിറ്റ് ചിത്രങ്ങളുടെ നിരയില്‍ വരുന്നത് തുറുപ്പുഗുലാന്‍ മാത്രം. പോത്തന്‍വാവ ശരാശരി വിജയം നേടി. അതേ സമയം ബല്‍റാം വേഴ്സസ് താരാദാസ്, പ്രജാപതി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ ചിത്രങ്ങള്‍ പരാജയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

കറുത്ത പക്ഷികള്‍ വലിയ കളക്ഷന്‍ നേടിയില്ലെങ്കിലും നല്ല ചിത്രമെന്ന പേര് സമ്പാദിച്ചു. ക്രിസ്മസ് ചിത്രമായ പളുങ്കിന് ആദ്യദിവസങ്ങളില്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പതിഞ്ഞ പ്രതികരണമാണെങ്കിലും മികച്ച ചിത്രമെന്ന പേര് നേടിയെടുത്ത ചിത്രം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കളക്ഷന്‍ മെച്ചപ്പെടുത്തുന്നുണ്ട്.

ദിലീപ്

ദി ലയേണ്‍, പച്ചക്കുതിര, ചെസ്, ഡോണ്‍, ചക്കരമുത്ത് എന്നീ അഞ്ച് ചിത്രങ്ങള്‍ പുറത്തിറക്കിയ ദിലീപിന് 2006ല്‍ സൂപ്പര്‍ഹിറ്റുകളൊന്നുമില്ല. 2005ല്‍ ചാന്തുപൊട്ട് നേടിയതുപോലുള്ള സൂപ്പര്‍വിജയം ഈ വര്‍ഷം ദിലീപിന്റെ ഒരു ചിത്രത്തിനും എത്തിപ്പിടിക്കാനായില്ല.

ലയേണു ചെസും ശരാശരി വിജയം നേടി. മറ്റ് മൂന്ന് ചിത്രങ്ങളും പരാജയത്തിന്റെ പട്ടികയില്‍ പെടുന്നു. നിലവാരമില്ലാത്ത ചിത്രങ്ങളാണ് ദിലീപിന് തിരിച്ചടിയായത്.

സുരേഷ് ഗോപി

സുരേഷ് ഗോപിക്കും ഈ വര്‍ഷം ആറു ചിത്രങ്ങളാണ്- ലങ്ക, രാഷ്ട്രം, ചിന്താമണി കൊലക്കേസ്, പതാക, ബഡാദോസ്ത്, സ്മാര്‍ട്ട് സിറ്റി. ചിന്താമണി കൊലക്കേസ് ഹിറ്റായപ്പോള്‍ ബഡാദോസ്തും ശരാശരി വിജയം നേടി. ലങ്ക, രാഷ്ട്രം, പതാക എന്നീ ചിത്രങ്ങള്‍ കനത്ത പരാജയം ഏറ്റുവാങ്ങി.

ജയറാം

ജയറാമിന് ഈ വര്‍ഷം മൂന്ന് ചിത്രങ്ങളുണ്ട്- മധുചന്ദ്രലേഖ, മൂന്നാമതൊരാള്‍, ആനച്ചന്തം. ഈ ചിത്രങ്ങള്‍ക്കൊന്നും ജയറാമിന്റെ മുങ്ങിക്കൊണ്ടിരിക്കുന്ന കരിയറിന് പിടിവളളിയാകാന്‍ കഴിഞ്ഞില്ല.

പൃഥ്വിരാജ്

ക്ലാസ്മേറ്റ്സ് എന്ന സൂപ്പര്‍ഹിറ്റിലെ നായകന്‍ പൃഥ്വിരാജാണെങ്കിലും ആ ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും സംവിധായകനും തിരക്കഥാകൃത്തിനുമാണ്. അഞ്ച് നായകരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും അവകാശപ്പെടാനാവുന്നതു പോലെ പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം എന്ന് ക്ലാസ്മേറ്റ്സിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും ക്ലാസ്മേറ്റ്സിന്റെ വിജയം പൃഥ്വിയുടെ കരിയറില്‍ പുതിയ ഊര്‍ജം നല്‍കിയിട്ടുണ്ട്. വാസ്തവം, പകല്‍ എന്നീ ചിത്രങ്ങളും പൃഥ്വിയുടേതായി 2006ല്‍ ഇറങ്ങി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X