»   » സാവിത്രി അന്തര്‍ജനമായി നവ്യ

സാവിത്രി അന്തര്‍ജനമായി നവ്യ

Posted By:
Subscribe to Filmibeat Malayalam
Navya
ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥയെ ആസ്‌പദമാക്കി ആര്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന യുഗപുരുഷനില്‍ നവ്യാ നായര്‍ അഭിനയിക്കുന്നു. ഗുരുവിന്റെ സന്ദേശത്തില്‍ ആകൃഷ്ടയായി ജീവിയ്‌ക്കുന്ന സാവിത്രി അന്തര്‍ജനമായിട്ടാണ്‌ നവ്യ അഭിനയിക്കുന്നത്‌.

പ്രശസ്‌ത കവി കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിതയില്‍ സാവിത്രി അന്തര്‍ജനമെന്ന കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്‌. ഉന്നത കുലജാതയായ സാവിത്രി ഒരു പുലയകുടുംബാംഗത്തെ പ്രണയിച്ച്‌ വിവാഹം ചെയ്യുകയാണ്‌.

ആദ്യം കാവ്യാ മാധവനെയായിരുന്നുവത്രേ ഈ വേഷം ചെയ്യാന്‍ വേണ്ടി ക്ഷണിച്ചത്‌. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞതിനാല്‍ കാവ്യ പുതിയ ചിത്രങ്ങളൊന്നും സ്വീകരിക്കുന്നില്ല. പിന്നീടാണ്‌ സാവിത്രി അന്തര്‍ജനമാകാന്‍ നവ്യയെ തിരഞ്ഞെടുത്തത്‌.

ചിത്രത്തിന്റെ ഷൂട്ടിങ്‌ ജനുവരി 21ന്‌ ഒറ്റപ്പാലത്ത്‌ തുടങ്ങും. രണ്ടുമാസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ്‌ സംവിധായകന്റെ പദ്ധതി. താരസംഘടനയായ അമ്മയുടെ ചിത്രമായ ട്വന്റി20യ്‌ക്ക്‌ ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും യുഗപുരുഷനുണ്ട്‌.

സ്വാമി വിവേകാനന്ദനായിട്ടാണ്‌ മോഹന്‍ലാല്‍ വേഷമിടുന്നത്‌. മമ്മൂട്ടിയാകട്ടെ ഗുരുവിന്റെ അനുയായിയും അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചിരിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. തമിഴ്‌ നടനായ തലൈവാസല്‍ വിജയ്‌ ആണ്‌ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിക്കുന്നത്‌.

ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സായ്‌കുമാര്‍, സിദ്ദിഖ്‌, ബാബു ആന്റണി, ദേവന്‍, സൈജു കുറുപ്പ്‌, സുകുമാരി, ശോഭാ മേനോന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്‌. അമ്മയുടെ സഹകരണത്തോടെ എ.വി അനൂപാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

മുന്‍കാല നടന്‍ മഹേഷ്‌ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട്‌ നവ്യ ഇപ്പോള്‍ തിരക്കിലാണ്‌. കലണ്ടര്‍ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മുന്‍കാല നായിക നടി സെറീന വഹാബും അഭിനയിക്കുന്നുണ്ട്‌. നവ്യയുടെ കഥാപാത്രത്തിന്റെ അമ്മയായാണ്‌ സറീന വീണ്ടും മലയാള ചലച്ചിത്രലോകത്തേയ്‌ക്ക്‌ എത്തുന്നത്‌.

വിഷുവിന്‌ റിലീസ്‌ ചെയ്യത്തക്ക രീതിയിലാണ്‌ കലണ്ടര്‍ തയ്യാറാവുന്നത്‌ സുരേഷ്‌ ഗോപി നായകനാകുന്ന വയലറ്റ്‌ എന്ന ചിത്രത്തിലും നവ്യയാണ്‌ നായിക. ഈ ചിത്രം അടുത്തുതന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ്‌ സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam