»   » അഭിപ്രായം പറഞ്ഞതില്‍ ഖേദിക്കുന്നു: സുരേഷ് ഗോപി

അഭിപ്രായം പറഞ്ഞതില്‍ ഖേദിക്കുന്നു: സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
സിനിമാ താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളുമായി സഹകരിയ്ക്കരുതെന്ന ഫിലിം ചേംബര്‍ നിലപാടില്‍ മാധ്യമങ്ങളോട് അഭിപ്രായം പറഞ്ഞതില്‍ ഖേദിയ്ക്കുന്നതായി നടന്‍ സുരേഷ ്‌ഗോപി. ഇനി മേലില്‍ കേരളത്തിലെ ഒരു പ്രശ്‌നത്തിലും അഭിപ്രായം പറയില്ല.

അതേ സമയം പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ പേര് തട്ടിക്കളിയ്ക്കാന്‍ ആരേയും അനുവദിയ്ക്കില്ല. ഇനിയും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ജഗദീഷിനോട് അഭ്യര്‍ത്ഥിയ്ക്കുന്നു. ജഗദീഷിന്റെ പ്രതികരണം തീര്‍ത്തും വ്യക്തിപരമായിപ്പോയെന്നും ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താരം പറഞ്ഞു.

തന്റെ പ്രസ്താവനയിലൂടെ ആരെയും ലക്ഷ്യം വെച്ചിട്ടില്ല. അത് യാദൃച്ഛികമായി സംഭവിച്ചതാണ്. കൊല്ലത്തുള്ള നടനുമായി തനിയ്ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഈ നടനുമായി കഴിഞ്ഞ മാസം പോലും സിനിമയില്‍ ഒരുമിച്ചഭിനയിച്ചു.

ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അതിഥിയായി പങ്കെടുക്കുന്നത് പണം പറ്റിയിട്ടില്ല. സര്‍ഗ്ഗാത്മകമായ ബന്ധത്തിലൂന്നിയാണ് ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്. അമ്മയുടെ തീരുമാനങ്ങള്‍ അനുസരിയ്ക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കോടികള്‍ വാങ്ങുന്ന ചലച്ചിത്രതാരങ്ങള്‍ സിനിമയോട് കൂറു കാണിയ്ക്കണമെന്ന സുരേഷ് ഗോപിയുടെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ നടന്‍ ജഗദീഷ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി പരസ്യമായി അഭിപ്രായം പറയേണ്ടിയിരുന്നില്ലെന്നും താര സംഘടനയായ അമ്മയിലാണ് ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. വിവാദത്തില്‍ സുരേഷ് ഗോപി എടുത്തുചാടി അഭിപ്രായം പറഞ്ഞത് കൊല്ലത്തുള്ള നടന്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകനാകുന്നതിലുള്ള അതൃപ്തി കൊണ്ടാണെന്നും ജഗദീഷ് ആരോപിച്ചിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam