»   » ലങ്ക ചെയ്തവര്‍ എന്നെ ചൂഷണം ചെയ്തു: മംമ്ത

ലങ്ക ചെയ്തവര്‍ എന്നെ ചൂഷണം ചെയ്തു: മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamta
ലങ്ക പോലൊരു ചിത്രം ആവര്‍ത്തിക്കാനുള്ള ധൈര്യം ഇനിയില്ലെന്ന് പറഞ്ഞ നടി മംമ്ത മോഹന്‍ദാസ് ബാബാ കല്യാണിയും വലിയൊരു അബദ്ധമായിരുന്നുവെന്ന് വിലയിരുത്തുന്നു. കൂടെ അഭിനയിക്കുന്ന നടന്മാരുടെ സീനിയോരിറ്റിയിലല്ല കഥാപാത്രത്തിലാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും മംമ്ത വ്യക്തമാക്കി.

മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ബാബാ കല്യാണി എന്ന ചിത്രം ഞാന്‍ ചെയ്ത വലിയൊരു അബദ്ധമായിരുന്നു എന്നാണ് ഒരു പ്രമുഖ മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞിരിക്കുന്നത്. ഈ ചിത്രം കാരണമാണ് താന്‍ കീര്‍ത്തിചക്രയില്‍ അഭിനയിക്കാതിരുന്നതെന്നും മംമ്ത പറയുന്നു.

ബാബാ കല്യാണി വലിയൊരു അബദ്ധമായിരുന്നു, തികച്ചും വേസ്റ്റ്. ഈ കാരണം കൊണ്ടാണ് കീര്‍ത്തിചക്രയിലേക്ക് വിളിച്ചപ്പോല്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസ് ആയത്. കീര്‍ത്തിചക്രയില്‍ ആദ്യം എനിക്ക് ഗോപിക ചെയ്ത വേഷമാണെന്ന് പറഞ്ഞിട്ട് പിന്നീട് ലക്ഷ്മി ഗോപാലസ്വാമി ചെയ്ത വേഷമാക്കി മാറ്റി. അങ്ങനെയൊരു മാറ്റത്തില്‍ എനിക്ക് താല്‍പ്പര്യം തോന്നിയില്ല. അതിനാല്‍ ആ ചിത്രം വേണ്ടെന്നുവച്ചു- മംമ്ത പറയുന്നു.

മമ്മൂട്ടിയോടൊപ്പം ബസ് കണ്ടക്ടര്‍ ചെയ്തു. വളരെ ചെറിയ വേഷമായിരുന്നു. അതുകഴിഞ്ഞ് മായാവിയിലേക്ക് വിളിച്ചെങ്കിലും തമിഴിലെ തിരക്കുകാരണം സ്വീകരിച്ചില്ല. കൂടെ അഭിനയിക്കുന്ന നടന്‍മാരുടെ സീനിയോറിറ്റിയെക്കാള്‍ നല്ല കഥയ്ക്കും കഥാപാത്രത്തിനുമാണ് ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്- മംമ്ത വ്യക്തമാക്കുന്നു.

തന്റെ അനുഭവക്കുറവിനെ ചൂഷണം ചെയ്താണ് ലങ്ക എടുത്തതെന്നും തന്റെ ചുംബനസീനാണ് അവര്‍ പരസ്യത്തിനായി ഉയര്‍ത്തിക്കാണിച്ചതെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു.

സിനിമയിലെ ചതിക്കുഴികള്‍ മനസിലാക്കാനുള്ള പ്രായം എനിക്ക് ആയിരുന്നില്ല. ലങ്ക കഴിഞ്ഞ് ഞാന്‍ ജോയിന്‍ ചെയ്ത മധുചന്ദ്രലേഖയുടെ സെറ്റില്‍ എല്ലാവരും എന്നേക്കുറിച്ച് മോശമായി മാത്രം സംസാരിച്ചു. ജീവിതത്തില്‍ ഇത്രയും വിഷമിച്ച ഒരു കാലം വേറെ ഉണ്ടായിട്ടില്ല-താരം ഓര്‍മ്മിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam