»   » സ്വാമി ഹിമവല്‍ ചൈതന്യയായി ജഗതി

സ്വാമി ഹിമവല്‍ ചൈതന്യയായി ജഗതി

Posted By:
Subscribe to Filmibeat Malayalam
സമകാലീന സംഭവങ്ങള്‍ സിനിമയ്‌ക്ക്‌ വിഷയമാവുകയെന്നത്‌ പുതുമയുള്ള കാര്യമല്ല. സിസ്റ്റര്‍ അഭയ കേസ്‌ പോലെയുള്ള വിവാദമായ സംഭവങ്ങളും പല സ്‌ത്രീപീഡനക്കേസുകളും രാഷ്ട്രീയപ്രശ്‌നങ്ങളും ഇതിവൃത്തമാക്കിക്കൊണ്ട്‌ മലയാളത്തില്‍ പലകാലങ്ങളിലായി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്‌.

ഈയിടെ കേരളം ചര്‍ച്ചചെയ്‌തുപോയ ഒരു പ്രധാന വിഷയമായിരുന്നു ആത്മീയതയുടെ വില്‍പന. സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദന്‍ തുടങ്ങി ഒട്ടേറെ കള്ളസ്വാമിമാര്‍ കേരളത്തില്‍ അരങ്ങുവാണു. ഇപ്പോഴിതാ ഈ വിഷയം വളരെ പ്രാധാന്യത്തോടെ വെള്ളിത്തിരയിലും എത്തുന്നു.

ജഗതി ശ്രീകുമാറാണ്‌ കള്ളസ്വാമിയായി അഭിനയിക്കുന്നത്‌. ശ്രീനിവാസനും മകന്‍ വിനീത്‌ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലാണ്‌ ജഗതി സ്വാമിവേഷത്തില്‍ എത്തുന്നത്‌. വി. എം വിനുവാണ്‌ മകന്റെ അച്ഛന്‍ സംവിധാനം ചെയ്യുന്നത്‌.

സ്വാമി ഹിമവല്‍ ചൈതന്യയെന്നാണ്‌ ജഗതിയുടെ കഥാപാത്രത്തിന്റെ പേര്‌. മലമ്പുഴയിലെ ഫാന്റസി പാര്‍ക്കിന്റെ പരിസരങ്ങളിലാണ്‌ ജഗതിയുടെ കഥാപാത്രമുള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കുന്നത്‌.

മുപ്പത്തിയഞ്ച്‌ വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ പതിനഞ്ചോളം സന്യാസ വേഷങ്ങള്‍ ജഗതി അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ കേന്ദ്ര കഥയുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ഒരു സന്യാസ വേഷം അവതരിപ്പിക്കുന്നത്‌ ഇതാദ്യമായിട്ടാണ്‌.

ജഗതി ശ്രീകുമാറിന്റെ സൂക്ഷ്മമായ ഭാവാഭിനയം ഈ കഥാപാത്രത്തെ അതിന്റെ പൂര്‍ണതയിലെത്തിക്കുമെന്ന്‌ ഉറപ്പാണ്‌. ഇതിന്‌ മുമ്പ്‌ നന്ദനം എന്ന ചിത്രത്തില്‍ ജഗതി കൈകാര്യം ചെയ്‌ത കപട സന്യാസിയുടെ വേഷവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam