»   » ജയറാമിന്റെ വിന്റര്‍ എത്തുന്നു

ജയറാമിന്റെ വിന്റര്‍ എത്തുന്നു

Subscribe to Filmibeat Malayalam
Movie Winter
മലയാളത്തിലെ നവാഗത സംവിധായകന്‍മാരില്‍ ശ്രദ്ധേയനായ ദീപു കരുണാകരന്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ വിന്റര്‍ ജൂലായ്‌ 16ന്‌ പ്രദര്‍ശനത്തിനെത്തുന്നു. ദീപുവിന്റെ ആദ്യ ചിത്രമായ ക്രേസി ഗോപാലന്‍ തരക്കേടില്ലാത്ത അഭിപ്രായം നേടിയതിന്‌ ശേഷമാണ്‌ വിന്റര്‍ തിയറ്ററുകളിലെത്തുന്നത്‌.

യഥാര്‍ത്ഥത്തില്‍ ദീപു ആദ്യം സംവിധാനം ചെയ്‌ത സിനിമ വിന്റര്‍ ആയിരുന്നുവെങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത്‌ ക്രേസി ഗോപാലനായിരുന്നു. ജയറാമിന്റെ കരിയര്‍ പ്രതിസന്ധികളിലൂടെ കടന്നു പോയ കാലത്ത്‌ ചിത്രീകരിച്ച വിന്റര്‍ മൂന്ന്‌ വര്‍ഷത്തോളം പെട്ടിയിലിരുന്ന വിശ്രമിച്ചതിന് ശേഷമാണ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്‌.

പ്രേക്ഷകരെ ഹൊറര്‍ മൂഡില്‍ എത്തിയ്‌ക്കുന്ന ചിത്രത്തില്‍ ഭാവനയാണ്‌ നായിക. ഡോക്ടര്‍ രാംദാസ്‌ എന്ന കഥാപാത്രത്തെയാണ്‌ ജയറാം അവതരിപ്പിയ്‌ക്കുന്നത്‌. തിരക്കുകളില്‍ നിന്നെല്ലാം അകന്ന്‌ ഏകാന്തത തേടിയാണ്‌ ഡോക്ടര്‍ രാംദാസും കുടുംബവും നഗരത്തിന്‌ പുറത്തുള്ള ബംഗ്ലാവില്‍ താമസത്തിനെത്തിയത്‌. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങളാണ്‌ ഇവര്‍ക്കിവിടെ നേരിടേണ്ടി വന്നത്‌. ഇതെല്ലാം ചില ദുരന്തങ്ങളിലേക്ക്‌ ഈ കുടുംബത്തെ കൂട്ടിക്കൊണ്ടു പോവുകയാണ്‌. രാംദാസിന്റെ ഭാര്യയായ ശ്യാമയായി ഭാവനയും മക്കളായി രഹ്നയും മെറിനുമാണ്‌ അഭിനിയ്‌ക്കുന്നത്‌.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ്‌ വിന്റര്‍ ചിത്രീകരിച്ചത്‌. മാനസപുത്രി എന്ന സീരിയലിലെ വില്ലന്‍ കഥാപാത്രമായി തിളങ്ങിയ തോബിയാസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. രാംദാസിന്റെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ എന്ന കഥാപാത്രത്തെയാണ്‌ ജയന്‍ അവതരിപ്പിയ്‌ക്കുന്നത്‌. മനോജ്‌ കെ ജയനാണ്‌ ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

സംവിധാകനായ ദീപു തന്നെയാണ്‌ തിരക്കഥയും ഒരുക്കിയിരിക്കുന്നത്‌. ടോളിവുഡിലെ പ്രശസ്‌ത ഛായാഗ്രാഹകനായ ജയകൃഷ്‌ണ ഗുമ്മാഡിയാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്‌. എംജി രാധാകൃഷ്‌ണന്‍റെ മകന്‍ രാജ്‌കൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

ജയലക്ഷ്‌മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്‌ണനാണ്‌ വിന്ററിന്റെ നിര്‍മ്മാതാവ്‌. ജയറാമിന്റെ ഭാഗ്യദേവതയുടെ വിജയം തരുന്ന ആത്മവിശ്വാസത്തില്‍ രാധാകൃഷ്‌ണന്‍ തന്നെയാണ്‌ വിന്ററിന്റെ വിതരണം ഏറ്റെടുത്തിരിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam