ആരാധകപ്പല്ലികളോട് ഒരു വാക്ക്........
മലയാള സിനിമയിലെ വമ്പന്‍ താരങ്ങളെയും സിനിമാ സാമ്രാജ്യത്തിന്റെ മേല്‍ക്കൂരയെയും താങ്ങി നിര്‍ത്തുന്നത് തങ്ങളാണെന്ന മട്ടില്‍ കുറേ ആരാധകപ്പല്ലികള്‍ കേരള സമൂഹത്തില്‍ അരങ്ങു തകര്‍ക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മലയാള സിനിമയില്‍ നിലനില്‍ക്കുന്നതു പോയിട്ട് കഞ്ഞി കുടിച്ച് കഴിയുന്നതു പോലും തങ്ങള്‍ കുറേപ്പേരുളളതു കൊണ്ടാണെന്ന മട്ടിലാണ് ചില വിഢ്യാസുരന്മാരുടെ വാചകമേളം.
ഇഷ്ടതാരത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ അലങ്കരിക്കുക, സിനിമയില്‍ താരകഥാപാത്രത്തിന്റെ ആദ്യ സീനില്‍ പുഷ്പവൃഷ്ടി നടത്തുക, നിര്‍ത്താതെ കയ്യടിക്കുക എന്നിങ്ങനെയുളള നിര്‍ദ്ദോഷ കലാപരിപാടികളില്‍ നിന്ന് വെറുപ്പിന്റെ കേന്ദ്രക്കമ്മിറ്റി ഓഫീസുകളായി ഫാന്‍സ് അസോസിയേഷനുകള്‍ രൂപം മാറിയത് വളരെ പെട്ടെന്നാണ്. മതഭ്രാന്തന്മാരെ തോല്‍പിക്കും മട്ടില്‍ പരസ്പര വിദ്വേഷത്തിന്റെ വിഷപ്പുക പരത്തിയാണ് അവര്‍ രണ്ടാം പര്‍വത്തില്‍ അഴിഞ്ഞാടിയത്.
ഒരേ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ തമ്മില്‍ ഒരു പ്രൊഫഷണല്‍ മത്സരം ഉണ്ടാവുക സ്വാഭാവികമാണ്. മമ്മൂട്ടിയുടെ ചിത്രം വിജയിക്കുന്നത് മോഹന്‍ലാലിനോ മോഹന്‍ലാലിന്റെ സിനിമ മെഗാ ഹിറ്റാകുന്നത് മമ്മൂട്ടിക്കോ ഭീഷണിയല്ല. തന്റെ ചിത്രവും വിജയിക്കണമെന്ന, കൂടുതല്‍ നന്നായി വിജയിക്കണമെന്ന ഗുണകരമായ മത്സരം ആത്യന്തികമായി മലയാള സിനിമയെയാണ് പരിപോഷിപ്പിക്കേണ്ടത്.
എന്നാല്‍ താരങ്ങള്‍ക്ക് പരസ്പരമില്ലാത്ത പകയും വൈരാഗ്യവും വെച്ചുപുലര്‍ത്തുന്ന ചില ആരാധക കിരാതന്മാര്‍ക്ക് ഇതൊന്നും ബാധകമല്ല. എല്ലാവരും ഒരു താരത്തെ മാത്രം ആരാധിക്കുന്ന സമ്പൂര്‍ണ വിപ്ലവമാണ് അവരുടെ ലക്ഷ്യം. മോഹന്‍ലാലിന്റെ ചില ആരാധകരുടെ കടുത്ത ശത്രുവാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കുറേ ആരാധകര്‍ മോഹന്‍ലാലിനെ കാണുന്നത് കുടിപ്പകയോടെ.
മോഹന്‍ലാല്‍ ആരാധകര്‍ വെറുത്തെന്നു കരുതി മമ്മൂട്ടിയുടെ പ്രതിഫലം കുറയില്ല. മമ്മൂട്ടിയുടെ ആരാധകര്‍ ഇന്റര്‍നെറ്റ് ചാറ്റ് റൂമിലോ ഓര്‍ക്കുട്ടിലോ തെറിവിളിച്ചെന്നു കരുതി മോഹന്‍ലാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്താകുകയുമില്ല. വിവരവും വിദ്യാഭ്യാസവും സുജനമര്യാദയുമുളള ഏതൊരു മനുഷ്യനും ചെയ്യാനും പറയാനുമറയ്ക്കുന്നത് പിന്നെന്തിന് ഇക്കൂട്ടര്‍ കാട്ടിക്കൂട്ടുന്നുവെന്ന ചോദ്യത്തിന് മനോരോഗ വിദഗ്ധരാണ് മറുപടി പറയേണ്ടത്.
ഇരുതാരങ്ങളുടെയും ആരാധകര്‍ പരസ്പരം പുലഭ്യം പറയുന്നത് കേട്ടാല്‍ മതഭ്രാന്തന്മാര്‍ പോലും നാണിച്ചു പോകും. ഇത്രയും വിദ്വേഷം പരത്താന്‍ തങ്ങള്‍ക്ക് കഴിയാത്തതില്‍ അസൂയ പൂണ്ട് അവര്‍ ആത്മഹത്യ ചെയ്യാനും മതി. മമ്മൂട്ടിയുടെ സിനിമകള്‍ പരാജയപ്പെട്ട് അദ്ദേഹം മലയാള സിനിമയില്‍ നിന്ന് പുറത്താകുന്ന നാളുകളാണ് മോഹന്‍ലാല്‍ ഫാന്‍സുകാര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ പരാജയപ്പെട്ടാല്‍ ആഘോഷിച്ച് അര്‍മാദിക്കുന്നവരാണ് മമ്മൂട്ടിയുടെ ആരാധകര്‍.
എന്തുതരം ആരാധനയാണ് ഇതെന്ന് പടച്ച തമ്പുരാനു പോലും നിശ്ചയമില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ അഭിനയം ആസ്വദിക്കുന്നതും അയാളുടെ ചിത്രങ്ങളുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും മനസിലാക്കാന്‍ സാമാന്യബുദ്ധി മതി. എന്നാല്‍ മറ്റൊരു താരത്തിന്റെ ചിത്രം പരാജയപ്പെടണമെന്നും അയാള്‍ മലയാള സിനിമയില്‍ ഒന്നുമല്ലെന്നുമൊക്കെ വാദിച്ചു ജയിക്കാന്‍ കാണിക്കുന്ന ഉത്സാഹം വിരല്‍ചൂണ്ടുന്നത് ഗുരുതരമായ മനോരോഗത്തിലേയ്ക്കു തന്നെ.
ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ സ്ഥാപിക്കുന്ന ഫ്ലക്സ് ബോര്‍ഡുകളിലും ബാനറുകളിലും എഴുതിക്കൂട്ടിയിരിക്കുന്ന വാചകങ്ങള്‍ ഈ മനോവൈകല്യത്തിന്റെ നേര്‍സാക്ഷ്യമാണ്. തങ്ങളുടെ ആരാധനാ പാത്രത്തിന്റെ അഭിനയ മേന്മയല്ല, എതിര്‍താരത്തിനു മേല്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് ആനന്ദിക്കുന്നവരാണ് ഇവര്‍. മാടമ്പിയും പരുന്തും റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സുകാര്‍ പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും വഴി നടത്തിയ വാക് യുദ്ധം മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തനിക്കു മീതെ പറക്കുന്ന പരുന്തിന്റെ ചിറകരിയുമെന്ന മാടമ്പിയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രഖ്യാപനത്തോടെ യുദ്ധം മൂര്‍ദ്ധന്യത്തിലെത്തി. ഇതിനു ബദല്‍ ഡയലോഗ് പരുന്തില്‍ ഉണ്ടാകണമെന്ന ആവശ്യവുമായി മമ്മൂട്ടി ഫാന്‍സുകാര്‍ തന്നെ സമീപിച്ച കഥയും ആവശ്യം കയ്യോടെ നിരസിച്ച കാര്യവും പരുന്തിന്റെ സംവിധായകന്‍ പത്മകുമാര്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.
അമ്മയുടെ ബ്രഹ്മാണ്ഡ ചിത്രമായ ട്വെന്റി 20യുടെ പോസ്റ്ററില്‍ മോഹന്‍ലാലിന്റെ പ്രാധാന്യം കുറഞ്ഞു പോയെന്ന് നെഞ്ചത്തടിച്ച്, ആദ്യ മൂന്നു ദിവസം സിനിമ ബഹിഷ്കരിക്കുമെന്ന വിചിത്രമായ പ്രഖ്യാപനവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയതാണ് മറ്റൊരു തമാശ. അമ്മ നിര്‍മ്മിച്ച ചിത്രത്തിന്റെ പോസ്റ്ററില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ പടം എവിടെ വെയ്ക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു ജാഡ. അപഹാസ്യമായ ഇത്തരം നിലപാടുകള്‍ ഒരു സമൂഹത്തിന്റെ മുന്നില്‍ പ്രഖ്യാപിക്കുന്ന ഉളുപ്പില്ലായ്മയ്ക്കു മുന്നില്‍ നല്ല നമസ്കാരം പറയുകയല്ലാതെ എന്തു ചെയ്യാന്‍.
അടുത്ത പേജില്‍
ചീറ്റിപ്പോയ ട്വെന്റി 20 ബഹിഷ്കരണം


Click it and Unblock the Notifications