twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചീറ്റിപ്പോയ ട്വെന്റി 20 ബഹിഷ്കരണം

    By Staff
    |

    ആരാധകപ്പല്ലികളോട് ഒരു വാക്ക്........

    കാര്യങ്ങള്‍ കയ്യില്‍ നില്‍ക്കില്ലെന്ന് തിരിച്ചറിഞ്ഞാകണം, സിനിമയപ്പാടെ ബഹിഷ്കരിക്കുമെന്ന് വീമ്പിളക്കാത്തത്. ആദ്യ ദിനത്തില്‍ രണ്ടരക്കോടി രൂപ കളക്ഷന്‍ കിട്ടിയ റെക്കോര്‍ഡ് സൂചിപ്പിക്കുന്നത് ട്വെന്റി 20 ആദ്യദിനം ബഹിഷ്കരിക്കാനുളള മോഹന്‍ലാല്‍ ഫാന്‍സുകാരുടെ ആവശ്യം വലിയ ചലനമൊന്നുമുണ്ടാക്കിയില്ലെന്നാണ്.

    മോഹന്‍ലാലെന്ന അഭിനയകലയുടെ തമ്പുരാനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സിനിമാ പ്രേമികള്‍ ഫാന്‍സ് അസോസിയേഷന്‍ ഊച്ചാളികളുടെ ആവശ്യത്തെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞിരിക്കും. മൂന്നു ദിവസത്തെ ബഹിഷ്കരണം കഴിയുമ്പോള്‍ പോസ്റ്ററില്‍ തനിയേ പ്രാധാന്യം വരുമോ? ഒന്നാം ദിവസം ടിക്കറ്റു കിട്ടാത്തവന് ചിലപ്പോള്‍ സിനിമ കാണാന്‍ കഴിയുന്നത് മൂന്നാം ദിനമായേക്കാം. അതെങ്ങനെ ഒരു സിനിമയുടെ വിജയ പരാജയങ്ങളെ ബാധിക്കും? സിനിമ കാണുകയേയില്ലെന്ന് തീരുമാനിച്ചാല്‍ ലക്ഷ്യം നേടുന്ന ഒരു പ്രതിഷേധമെന്ന നിലയില്‍ പരിഗണിക്കാം.

    മലയാള സിനിമാ ചരിത്രത്തില്‍ പ്രതിഭയും അധ്വാനവും കൊണ്ട് സ്വന്തം സിംഹാസനങ്ങള്‍ നിര്‍മ്മിച്ച നല്ല നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും, ഇന്ത്യയിലെ മറ്റേതൊരു ഭാഷയിലെ താരങ്ങള്‍ക്കും മീതെ നില്‍ക്കുന്ന അഭിനയ ശേഷിയുടെ ഉടമകളാണെന്നതില്‍ ആരാധക രാജവെമ്പാലകളൊഴിച്ച് ആര്‍ക്കും തര്‍ക്കവുമില്ല. അനായാസമായ അഭിനയ ശൈലിയിലൂടെ മോഹന്‍ലാല്‍ സിനിമാസ്വാദകരുടെ മനം കവരുമ്പോള്‍ ഊതിക്കാച്ചിയെടുത്ത ശൈലീകൃതമായ അഭിനയമാണ് മമ്മൂട്ടിയുടേത്. ഇരുവര്‍ക്കും അവരവരുടേതായ മേന്മകളും കുറവുകളുമുണ്ട്. അത് ജന്മദത്തമായതുമാണ്. സംസ്ക്കാരശൂന്യനായ ഏതെങ്കിലും ആരാധക ഭ്രാന്തന് ആ മേന്മകളെ ഇടിച്ചു താഴ്ത്താനോ കുറവുകളെ നികത്താനോ കഴിയില്ല.

    ഇന്റര്‍നെറ്റിലെ വിവിധ ചാറ്റ് ഫോറങ്ങളിലും മറ്റും നിരന്നു കിടക്കുന്ന സംസ്ക്കാര ശൂന്യമായ അഭിപ്രായങ്ങള്‍ വായിച്ചാലറിയാം, വിവരമോ, മര്യാദയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറേ ജന്മങ്ങളാണ് ആരാധകപ്പൂതങ്ങളായി ഇളകിയാടുന്നതെന്ന്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രക്ഷക വേഷം കെട്ടിയാടുന്ന ഈ മന്ദബുദ്ധിക്കോലങ്ങളുടെ ഉളളം കൈയിലാണ് താരങ്ങളുടെ അതിജീവനം കുടികൊളളുന്നതെന്ന് വിശ്വസിക്കണമെങ്കില്‍ മലയാളികള്‍ മുഴുവന്‍ ഊളമ്പാറ നിവാസികളായിരിക്കണം.

    സിനിമ ജനിക്കുന്നത് തിരക്കഥാകാരന്റെയും സംവിധായകന്റേയുമൊക്കെ മനസിലാണ്. മലയാളം കണ്ട ഏറ്റവും പ്രതിഭാധനരായ സംവിധായകരുടെയും തിരക്കഥാകാരന്മാരുടെയും ഇഷ്ടതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ. മോഹന്‍ലാലിന്റെ രക്ഷകവേഷം കെട്ടിയ ചില ദുശാസനന്മാരുടെ അഭിപ്രായങ്ങളനുസരിച്ചാണെങ്കില്‍‍, അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ഫാസില്‍, ജോഷി, കമല്‍, ഷാജി കൈലാസ്, രഞ്ജിത്ത്, ശ്രീനിവാസന്‍ തുടങ്ങിയ പ്രതിഭാധനരായ സംവിധായകരെല്ലാം തിരുമണ്ടന്മാരാണ്. കാരണം ഇവരെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മമ്മൂട്ടിയെ നായകനാക്കി മികച്ച ചിത്രങ്ങളും ബോക്സോഫീസ് മെഗാ ഹിറ്റുകളും സമ്മാനിച്ചിട്ടുണ്ട്.

    സിനിമയെ ഒരു കലയായി കാണാനും താരങ്ങളെ കലാകാരന്മായി കരുതി ആദരിക്കാനും അംഗീകരിക്കാനും കഴിയാത്ത വെട്ടുപോത്തുകളുടെ മുന്നില്‍ ഒരു വേദവും വായിച്ചിട്ട് കാര്യമില്ല. സ്വന്തം മനസില്‍ അടിഞ്ഞു കൂടിയ അഴുക്കുകള്‍ ഇനിയും പല മട്ടില്‍ പുറത്തുവരും. തന്തയ്ക്കു വിളിച്ചും അമ്മയ്ക്കു പറഞ്ഞും കേമന്മാരാകാന്‍ ശ്രമിക്കുന്ന ഈ മനോരോഗികള്‍ക്കു ഒരിറ്റു സഹതാപം ചൊരിയുക.

    ഭീമമായ പ്രതിഫലവും സാമൂഹികാംഗീകാരവും നേടി കലാകേരളത്തിന്റെ തേജോരൂപങ്ങളായി വിലസുന്ന താരസൂര്യന്മാരെ താങ്ങി നിര്‍ത്തുന്നത് തങ്ങളാണെന്നു കരുതാനും വാദിക്കാനും ആരാധകപ്പല്ലികള്‍ക്ക് തീര്‍ച്ചയായും മൗലികാവകാശമുണ്ട്. അഗ്നിപര്‍വതം ജ്വലിക്കുന്നത് താന്‍ കത്തിച്ചെറിഞ്ഞ ഏറുപടക്കം വീണിട്ടാണെന്ന് വാദിക്കാന്‍ ഏത് മന്ദബുദ്ധിക്കുമുളള അതേ മൗലികാവകാശം. ആ അവകാശത്തില്‍ താരാരാധനയുടെ വിഷഭ്രാന്തും പുളച്ച് തിമിര്‍ക്കട്ടെ...

    മുന്‍ പേജില്‍

    ആരാധകപ്പല്ലികളോട് ഒരു വാക്ക്...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X