»   » തിലകനുമായി സഹകരിയ്ക്കില്ല: ഫെഫ്ക

തിലകനുമായി സഹകരിയ്ക്കില്ല: ഫെഫ്ക

Posted By:
Subscribe to Filmibeat Malayalam
ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് തിലകന്‍ ഖേദം പ്രകടിപ്പിക്കുന്നതുവരെ അദ്ദേഹവുമായി സഹകരിക്കേണ്ടതില്ലെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തിലകനൊപ്പം ജോലി ചെയ്യാന്‍ തയാറല്ലെന്ന് ഫെഫ്കയിലെ എല്ലാ അംഗങ്ങളും യോഗത്തില്‍ അറിയിച്ചു.

മാഫിയ സംഘമെന്ന് വിളിക്കുകയും സംഘടനാ അംഗങ്ങളെ ആക്ഷേപിക്കുകയും ചെയ്ത നടപടിയെ ജനറല്‍ കൗണ്‍സില്‍ യോഗം അപലപിക്കുന്നതായി ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനും സിബി മലയിലും പറഞ്ഞു.

എന്നാല്‍ മലയാള സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും വേണ്ട ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്ന് തിലകന്‍ വ്യക്തമാക്കി. ഫെഫ്കയുടെ നിസഹകരണം മറികടന്ന് അഭിനയിക്കാന്‍ പരമാവധി ശ്രമിക്കും. താര സംഘടനയായ അമ്മയുടെ കളികളാണ് ഇതിന് പിന്നില്‍. അമ്മ ഭാരവാഹികളാരും തന്നോട് പ്രശ്‌നം എന്താണെന്ന് അന്വേഷിച്ചിട്ടില്ല. ബാക്കി കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ താരസംഘടനയായ അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തിലകന്‍ മറുപടി നല്‍കി. മാപ്പു ചോദിക്കാന്‍ തക്ക യാതൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് തിലകന്‍ മറുപടി കത്തു നല്‍കിയത്.

മറുപടിക്കത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ അമ്മയ്‌ക്കെതിരെ തിലകന്‍ ഉന്നയിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്കു സംരക്ഷണം നല്‍കേണ്ട അമ്മ തനിക്കു തൊഴില്‍ നിഷേധിക്കപ്പെട്ടതിനെതിരെ യാതൊരു നടപടിയും എടുത്തില്ല. ചില ഫാന്‍സ് അസോസിയേഷന്‍ തനിക്കു ഭ്രാന്താണെന്ന് പ്രചരിപ്പിച്ചു. തനിക്കെതിരെ വധഭീഷണി വരെയുണ്ടായി. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെയൊന്നും അമ്മയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് തിലകന്‍ ആരോപിയ്ക്കുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ ഇടവേള ബാബു അര്‍ഹനല്ലെന്നും കത്തിലുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam