»   » പുറത്താക്കിയ കാരണം അറിയില്ല- മോഹന്‍ലാല്‍

പുറത്താക്കിയ കാരണം അറിയില്ല- മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
'സാത് ഖൂന്‍ മാഫ്' എന്ന ബോളിവുഡ് ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയില്ലെന്ന് മോഹന്‍ലാല്‍. വിശാല്‍ ഭര്‍ദ്വാജ് സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് എന്നെ തീരുമാനിച്ചിരുന്നു. കരാറൊപ്പിടുകയും ചെയ്തു. എന്നാല്‍ എന്തിന് എന്നെ ഒഴിവാക്കിയെന്ന കാര്യം മാത്രം അവര്‍ അറിയിച്ചില്ല. പക്ഷേ ഇതേക്കുറിച്ച് സംസാരിയ്ക്കാന്‍ താത്പര്യമില്ലെന്നും ലാല്‍ വ്യക്തമാക്കി. പ്രിയങ്ക ചോപ്ര നായികയാവുന്ന ചിത്രത്തിലെ ഏഴ് ഭര്‍ത്താക്കന്മാരിലൊരാളായാണ് ലാലിനെ നിശ്ചയിച്ചിരുന്നത്.

അതേ സമയം പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ഒരിയ്ക്കല്‍ കൂടി മടങ്ങി വരാനുള്ള ഒരുക്കത്തിലാണ് ലാല്‍. പ്രിയന്റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ മൂവിയില്‍ ഒരു അതിഥി വേഷത്തിലാണ് ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

അജയ് ദേവ്ഗണ്‍ നായകനാവുന്ന സിനിമയുടെ കഥാപശ്ചാത്തലം അതിവേഗത്തിലോടുന്ന ഒരു ട്രെയിനാണ്. മലയാളിയായ ബ്രിട്ടീഷ് പൊലീസ് ഓഫീസറുടെ വേഷമാണ് ലാല്‍ അവതരിപ്പിയ്ക്കുക. ലാല്‍-പ്രിയന്‍ ടീം ഒന്നിയ്ക്കുന്ന നാല്‍പതാം ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനില്‍ ഉടന്‍ ആരംഭിയ്ക്കും.

ഇതിന് മുമ്പ് ആര്‍ജിവിയുടെ കമ്പനിയിലും ലാല്‍ ഒരു ദക്ഷിണേന്ത്യന്‍ പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തരം വേഷങ്ങള്‍ അവതരിപ്പിയ്ക്കുമ്പോള്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്ന് ലാല്‍ പറയുന്നു. പുതിയ ചിത്രമായ കാണ്ടഹാര്‍ ഹിന്ദിയും മലയാളവും ഇംഗ്ലീഷും ഒക്കെ കൂടിക്കുഴഞ്ഞതാണ്. എല്ലാവിധത്തിലുള്ള ഭാഷ പരിമിതികളെയും മറികടക്കുന്ന ചിത്രമായിരിക്കും കാണ്ടഹാറെന്നും ലാല്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam