For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യനും ജയറാമും വീണ്ടും

  By Staff
  |

  Jayaram
  ഒരിടവേളയില്‍ മോഹന്‍ലാലുമായി അകന്ന സത്യന്‍ അന്തിക്കാടിന്റെ ഇഷ്ടതാരമായിരുന്നു ജയറാം.

  പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തില്‍ സഹനടനായാണ് സത്യന്‍ സിനിമയില്‍ ജയറാം പ്രവേശിച്ചത്. തൊട്ടുപിന്നാലെയിറങ്ങിയ മഴവില്‍ക്കാവടിയില്‍ നായകനുമായി.

  പിന്നെ, അര്‍ത്ഥം, തലയണമന്ത്രം, എന്നും നന്മകള്‍, സന്ദേശം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ഇരട്ടക്കുട്ടികളുടെ അച്ഛന്‍, തൂവല്‍കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്കു്, മനസിനക്കരെ എന്നീ നല്ല ചിത്രങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അതോടെ ജയറാമിന്റെ കഷ്ടകാലവും തുടങ്ങി.

  എന്നാല്‍ തന്റെ പ്രിയപ്പെട്ട നായകനെത്തേടി വീണ്ടും സത്യന്‍ അന്തിക്കാട് എത്തുകയാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന അതിമനോഹരമായ ഒരു കുടുംബചിത്രമാണ് സത്യന്റെ മനസില്‍. രാജേഷ് ജയരാമന്റെ കഥയ്ക്ക് സത്യന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

  മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് സത്യന്‍ പറയുന്നത്. സത്യന് എന്നും പ്രിയപ്പെട്ട കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഈ ചിത്രവും പിറക്കുന്നത്.

  കുട്ടനാടിനെ പ്രകൃതിസ്നേഹികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന പുഞ്ചപ്പാടങ്ങളെയും കായലോരങ്ങളെയും ജീവനുളള കഥാപാത്രങ്ങളായി സത്യന്റെ ചിത്രത്തില്‍ കാണാം. കുറേക്കാലമായി സത്യന്‍ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിക്കുന്ന അഴകപ്പന്‍ വേണുവിനു വേണ്ടി ഈ ചിത്രത്തില്‍ വഴിമാറുന്നു.

  നായകനും നായികയുമൊഴിച്ച് സത്യന്റെ സിനിമകളിലെ മറ്റു കഥാപാത്രങ്ങളൊക്കെ അവതരിപ്പിക്കുന്നത് ഒരു സ്ഥിരം ടീമാണ്. കുടുംബചിത്രങ്ങളുടെ സംവിധായകന്‍ എന്ന വിളിപ്പേര് അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയും പാലിക്കുന്നുണ്ട് അദ്ദേഹം. അപൂര്‍വം ചിലര്‍ മാറുമെന്നല്ലാതെ ഒരു കുടുംബത്തിന്റെ അധ്വാനഫലമായി തന്റെ സിനിമയെ മാറ്റിയെടുക്കാനും ഈ സംവിധായകനറിയാം.

  നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, മാമുക്കോയ എന്നിവരെല്ലാം ഈ ചിത്രത്തിലും ഉണ്ടാകും. ഇപ്പോള്‍, ഓരോ പുതിയ സിനിമയെടുക്കുമ്പോഴും ഒരു നടന്റെ വേര്‍പാടോര്‍ത്ത് സത്യന്റെ മനസു വിങ്ങാറുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന തനി മലയാളിയുടെ നഷ്ടം സത്യന്‍ സിനിമകളുടെ തീരാനഷ്ടം തന്നെയാണ്.

  ഈ ചിത്രത്തിനും സംഗീതം ഇളയരാജയുടെ വക തന്നെ. ഇന്നത്തെ ചിന്താവിഷയത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ പോരായ്മ കൂടി നികത്തും വിധമാകും കുട്ടനാടന്‍ പശ്ചാത്തലത്തില്‍ സംഗീത ചക്രവര്‍ത്തിയുടെ ഉളളില്‍ നിന്ന് ഈണങ്ങളൊഴുകുന്നത്.

  ഇക്കുറി ഒരു പുതുമുഖനായികയെയാണ് സത്യന്‍ തേടുന്നത്. സിനിമാ വേദിയ്ക്ക് ഈ സംവിധായകന്‍ പരിചയപ്പെടുത്തിയ രണ്ടു നടിമാര്‍ - അസിനും നയന്‍താരയും - ഇന്ന് ഭാഷയ്ക്ക് അപ്പുറത്തേയ്ക്ക് വളര്‍ന്ന് പടര്‍ന്നിരിക്കുകയാണ്. രണ്ടുകോടിയോളം രൂപ പ്രതിഫലം പറ്റുന്ന ബോളിവുഡ് നടിയായി ഉയര്‍ന്ന അസിന്‍, സത്യന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലെ ഉപനായികാ വേഷത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്.

  മനസിനക്കരെയിലെ ഗൗരിയെ അവതരിപ്പിച്ച നയന്‍താരയുടെ ചരിത്രം ഇന്ന് തെന്നിന്ത്യയിലെ സിനിമാസ്വാദകര്‍ക്ക് കാണാപ്പാഠമാണ്. ഭാഗ്യാന്വേഷികളായ സിനിമാമോഹികള്‍, സത്യന്‍ അന്തിക്കാടിന്റെ വിളിക്കു വേണ്ടി കാതോര്‍ക്കുകയാകും ഇപ്പോള്‍.

  കലാ സംഗമം ബാനറിനു വേണ്ടി ഹംസ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. അടുത്ത വിഷുവിന് ഈ ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകുമെന്നാണ് സംവിധായകന്‍ പ്രതീക്ഷിക്കുന്നത്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X