»   » വിവാഹമോചനം: കാവ്യ ഒത്തുതീര്‍പ്പിന്

വിവാഹമോചനം: കാവ്യ ഒത്തുതീര്‍പ്പിന്

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
നടി കാവ്യ മാധവന്റെ വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പിലേക്ക്. ഇതു സംബന്ധിച്ച് കാവ്യയുടെ കുടുംബവും ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ കുടുംബവും ധാരണപത്രത്തില്‍ ഒപ്പിട്ടതായാണ് വാര്‍ത്തകള്‍.

നിഷാല്‍ ചന്ദ്രയ്ക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളും കേസുകളും പിന്‍വലിക്കുമെന്ന തരത്തിലുള്ള ധാരണാപത്രത്തിലാണ് കാവ്യയും കുടുംബവും ഒപ്പുവെച്ചതെന്ന് സൂചനകളുണ്ട്. കോടതിയ്ക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന് നിഷാലിന്റെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിരുന്നു.

കേസ് ഒത്തുതീര്‍പ്പാകുന്നതോടെ കാവ്യയ്ക്കു നിഷാല്‍ ചാര്‍ത്തിയ താലിമാലയും, വിവാഹസമയത്ത് അണിയിച്ച മറ്റൊരു മാലയും കാവ്യയുടെ കുടുംബം തിരികെ നല്‍കും. കുവൈറ്റില്‍ നിന്നു മടങ്ങിയ സമയത്ത് കാവ്യയുടേതായി ഭര്‍തൃവീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെല്ലാം തിരികെ കൊടുക്കാമെന്നും ധാരണാപത്രത്തിലുണ്ട്. ധാരണാപത്രത്തില്‍ ഒപ്പിടുകയാണെങ്കില്‍ വിവാഹ മോചനത്തിന് തയാറാണെന്നാണ് നിഷാലിന്റെ കുടുംബം അറിയിച്ചിരിയ്ക്കുന്നത്.

അതേ സമയം എറണാകുളം ജില്ലാ കോടതിയിലും പിന്നീട് കുടുംബ കോടതിയിലും കാവ്യ നല്‍കിയ പരാതിപ്രകാരം നിഷാലിന്റെ കുടുംബത്തിന് നല്‍കിയ 95 ലക്ഷം രൂപ മടക്കി നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. ഈമാസം 23നും 28നും കോടതി വീണ്ടും കേസു പരിഗണിയ്ക്കുന്നതിന് മുമ്പെ പരാതി പിന്‍വലിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കാവ്യയുടെ കുടുംബം സമര്‍പ്പിയ്ക്കുമെന്നാണ് സൂചന.

2009 ഫെബ്രുവരി അഞ്ചിനു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു കാവ്യയുടേയും കുവൈത്തില്‍ സ്ഥിരതാമസമാക്കിയ നിഷാല്‍ ചന്ദ്രയുടേയും വിവാഹം. വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം കുവൈത്തിലേക്കുപോയ കാവ്യ ഏതാനും മാസങ്ങള്‍ക്കുശേഷം വീട്ടിലേക്ക് തിരികെ പോന്നു.

തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃ കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്ന് കാവ്യ വെളിപ്പെടുത്തിയത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. അതേ സമയം 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നാട്ടിലേക്കു മടങ്ങിയ കാവ്യയുടെ മനസ് മാറിയതെങ്ങനെയെന്ന് അറിയില്ലെന്നാണു നിഷാലിന്റെ കുടുംബം പറഞ്ഞിരുന്നത്. ഇരുകുടുംബങ്ങളും പിന്നീട് ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും വഴിതെളിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam