For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചരിത്രമെഴുതാന്‍ വീണ്ടും മമ്മൂട്ടി

  By Staff
  |

  തിരക്കഥയെഴുതാന്‍ എംടി പേനയെടുത്തപ്പോഴൊക്കെ പ്രേക്ഷകര്‍ ഒരു പ്രാര്‍ത്ഥനയോടെ കാത്തിരുന്നിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ അഭിനയിക്കുന്നത് മമ്മൂട്ടിയും സംവിധാനം ചെയ്യുന്നത് ഹരിഹരനുമാണെങ്കില്‍ ചരിത്രത്തിന്റെ ഭാഗമാകും ആ സിനിമയെന്ന് മലയാളിക്കറിയാം.

  വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ പഴശിരാജയുടെ ജീവിതവും ചരിത്രവും എംടിയുടെ തൂലികയില്‍ നിന്ന് പിറന്നുവീഴുന്നതെങ്ങനെയെന്ന് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചരിത്രമായ മറ്റൊരു സിനിമ ഇന്നും ആവേശത്തോടെ, ഗൃഹാതുരത്വത്തോടെ മലയാളി ഓര്‍ത്തു വെച്ചിട്ടുണ്ട്.

  ചരിത്രം കുറിച്ച ഒരു വടക്കന്‍ വീരഗാഥയ്ക്കു ശേഷം എംടിയും ഹരിഹരനും മമ്മൂട്ടിയും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒന്നിക്കുന്നത്. ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതമാണ് എംടിയുടെ അവസാന മമ്മൂട്ടി ചിത്രം. മോഹവിലയും പ്രേക്ഷകപ്രീതിയുമുളള ത്രിമൂര്‍ത്തികള്‍ ഒന്നിക്കുന്നതു കാണാന്‍ കൊതിച്ച പ്രേക്ഷകന്റെ സുകൃതമായിരിക്കും പഴശിരാജയെന്നാണ് പ്രതീക്ഷ.

  എട്ടുകോടിക്കു മേല്‍ ചെലവിട്ടാണ് ഗോകുലം മൂവീസ് പഴശിരാജയുടെ ജീവിതവും പോരാട്ടവും തിരശീലയിലെത്തിക്കുന്നത്. പലപ്പോഴായി ചിത്രീകരണം മുടങ്ങിയ ഈ മെഗാപ്രോജക്ടില്‍ ഇനി വെറും 25 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് അവശേഷിക്കുന്നത്.

  പടിഞ്ഞാറേ കോവിലകത്തെ കേരള വര്‍മ പഴശി രാജയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യത്തെ സംഘടിത കലാപം നയിച്ച കേരളീയന്‍. കേരള സിംഹം എന്നറിയപ്പെടുന്ന പഴശിരാജ മലയാളത്തിന്റെ ദേശാഭിമാനചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.

  നിബിഢ വനങ്ങളെ മറയാക്കി ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പൊരുതി മരിച്ച പഴശിയുടെ ജീവിതകഥ അധിനിവേശത്തിന്റെ പുതിയകാലത്തും പ്രസക്തമാണ്. 1857ലെ ശിപായി ലഹളയ്ക്കും മുമ്പേ പഴശി ബ്രിട്ടീഷുകാര്‍ക്കെതിരെ വെടിപൊട്ടിച്ചിരുന്നു. 1796 ഏപ്രില്‍ മാസത്തിലായിരുന്നു പഴശിയെ പിടികൂടാന്‍ ബ്രിട്ടീഷ് സേന പടിഞ്ഞാറേ കോവിലകം വളഞ്ഞത്.

  അമ്പും വില്ലും വാളും കുന്തവുമായി ബ്രിട്ടീഷ് സേനയെ പഴശിരാജ പരാജയപ്പെടുത്തി. പരാജയം സമ്മതിച്ച് ഒപ്പു തീര്‍പ്പിന് തയ്യാറാകേണ്ടി വന്നു ബ്രിട്ടീഷുകാര്‍ക്ക്. 1797ല്‍ താല്‍ക്കാലിക വെടി നിര്‍ത്തലുണ്ടാക്കിയെങ്കിലും അതിന് രണ്ടുവര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുളളൂ.

  1799ല്‍ വീണ്ടും പഴശിയും ബ്രിട്ടീഷുകാരുമായി യുദ്ധമുണ്ടായി. ഇത്തവണ സായിപ്പിന്റെ പട്ടാളത്തിന് കൂടുതല്‍ കരുതലുണ്ടായിരുന്നു. ആദ്യപരാജയത്തില്‍ നിന്ന് പാഠം പഠിച്ച ഇംഗ്ലീഷ് സേന വര്‍ദ്ധിത വീര്യത്തോടെ ആഞ്ഞടിച്ചപ്പോള്‍ പഴശി രാജ്യവും കൊട്ടാരവുമുപേക്ഷിച്ച് കാട്ടില്‍ അഭയം തേടി. ആദിവാസികളായ കുറിച്യരെ സംഘടിപ്പിച്ച് പോരാട്ടം തുടര്‍ന്നു.

  1805 നവംബര്‍ 30ന് പഴശിയുടെ അമ്മയുടെ ശ്രാദ്ധദിനം. മാവില തോടിനു സമീപം കര്‍മ്മങ്ങള്‍ക്ക് തയ്യാറെടുക്കവെയാണ് തോമസ് ഹാര്‍വെ ബാബര്‍ സബ് കളക്ടറുടെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യം പഴശിയെയും സംഘത്തെയും വളഞ്ഞത്. നെഞ്ചില്‍ വെടിയുണ്ടയേറ്റ്, പരദേവതയായ ശ്രീപോര്‍ക്കലിയെ വിളിച്ച് പഴശി വീരചരമമടഞ്ഞു.

  മരണത്തിലും അന്തസും അഭിമാനവും കൈവിടാത്ത ഉജ്വലനായ ഒരു ദേശാഭിമാനിയുടെ കഥയാണ് മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകാരന്‍ ഏറ്റവും മികച്ച നടനിലൂടെ പറയുന്നത്. ശൈലീകൃതമായ അഭിനയമികവു കൊണ്ട് ചതിയന്‍ ചന്തുവിന്റെ ജാതകം തിരുത്തിയ മമ്മൂട്ടിയുടെ ഭാവത്തിലും ശരീരഭാഷയിലും പഴശിരാജ പുനര്‍ജനിക്കുമ്പോള്‍ ഒരു ചരിത്രപുരുഷന്റെ സ്മരണകൂടി ആഴത്തില്‍ മലയാളിയുടെ മനസില്‍ പതിഞ്ഞു കിടക്കും.

  അടുത്ത പേജില്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X