»   » രാജുവും അമ്മയും ഇനി അഭ്രപാളികളില്‍

രാജുവും അമ്മയും ഇനി അഭ്രപാളികളില്‍

Posted By:
Subscribe to Filmibeat Malayalam
Sukumari
രാജുവിനെയും അമ്മയെയും തൃശൂര്‍ നിവാസികള്‍ മറന്നിട്ടുണ്ടാവില്ല. നഗരത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ് ജീവിതം തള്ളിനീക്കിയ ഈ അമ്മയും മകന്റെയും കഥ ആരിലും കൗതുകമുണര്‍ത്തും.

വയസ്സായ ഈ അമ്മയും മനസ്സിന്റെ സമനില നഷ്ടപ്പെട്ട നിലയിലുള്ള മുതര്‍ന്ന മകനും എന്നും മുതലാണ് നഗരത്തിന്റെ ഭാഗമായതെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. മുംബൈയിലെ വീട്ടില്‍ നിന്നും മകനെയും അമ്മയെയും മകള്‍ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. എവിടെയൊക്ക അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ ഇവര്‍ തൃശൂരിലെത്തി ചേര്‍ന്നു. ഇതുമാത്രം ചിലര്‍ക്കറിയാം.

നഗരഹൃദയമായ തേക്കിന്‍കാട് മൈതനവും കടത്തിണ്ണകളും ഇവര്‍ക്ക് അഭയമേകി. തുണയില്ലാതെ സമനില തെറ്റിയ മകനടൊപ്പം നഗരത്തിരക്കില്‍ അലഞ്ഞുതിരിയുമ്പോഴും ആരുടെയും പക്കല്‍ നിന്ന് ഭിക്ഷ യാചിയ്ക്കാന്‍ അമ്മ തയാറായിരുന്നില്ല. ഒരുകാലത്ത് നല്ല നിലയില്‍ ജീവിച്ചതു കൊണ്ടാവും അതിനവര്‍ മടി കാണിച്ചത്.എന്നാല്‍ നഗരത്തിലെത്തുന്ന സഹൃദയര്‍ ഇവരെ സഹായിക്കാന്‍ തയാറായി.

വീട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കിയെങ്കിലും അമ്മയുടെ പേരില്‍ മകള്‍ കൃത്യമായി മണിയോഡര്‍ അയക്കുമായിരുന്നു. സ്ഥിരമായി മേല്‍വിലാസം ഇല്ലാതിരുന്നിട്ടും പോസ്റ്റ്മാന്‍ ഇവര്‍ക്ക് കൃത്യമായി മണിയോഡറുകള്‍ എത്തിച്ചുകൊടുത്തിരുന്നുവെന്ന കാര്യം പെട്ടെന്നാരും വിശ്വസിച്ചുവെന്ന് വരില്ല.

കുറച്ചുവര്‍ഷം മുമ്പ് അമ്മയെ തനിച്ചാക്കി രാജു ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. മൂന്ന് വര്‍ഷം മുമ്പ് ആ അമ്മയും മകന് പിന്നാലെ പോയി. എന്നാല്‍ നഗരവാസികളുടെ ഓര്‍മ്മകളിലിപ്പോഴും ഈ അമ്മയും മകന്റെയും ജീവിതം തങ്ങിനില്‍ക്കുന്നു.

മനോനില തെറ്റിയ മകനെ കൈവിടാതെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അവഗണിച്ച് നഗരത്തിരക്കില്‍ ജീവിതം തള്ളിനീക്കിയ അമ്മയുടെ കഥ ഇപ്പോഴിതാ അഭ്രപാളികളിലേക്കെത്തുകയാണ്.

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രാജുവും അമ്മയും എന്ന പേരില്‍ ദേവരാജനാണ് അമ്മയുടെയും മകന്റെയും ജീവിതകഥയ്ക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. മാടമ്പ് കുഞ്ഞിക്കുട്ടന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അമ്മയുടെ വേഷം സുകുമാരിയും മകനായ രാജുവിന്റെ വേഷം ജഗതി ശ്രീകുമാറും അവതരിപ്പിയ്ക്കും.

ഊര്‍മ്മിള ഉണ്ണി, അനൂപ് മേനോന്‍, ശിവാജി ഗുരുവായൂര്‍, കെപിഎസി ലളിത എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. സംവിധായകനായ ദേവരാജന്‍ തന്നെയാണ് രാജുവും അമ്മയും നിര്‍മ്മിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam