»   » യോദ്ധക്ക്‌ രണ്ടാം ഭാഗമൊരുങ്ങുന്നു

യോദ്ധക്ക്‌ രണ്ടാം ഭാഗമൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Yodha
തൈപ്പറമ്പില്‍ അശോകനെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടനെയും മലയാളി ഒരിയ്‌ക്കലും മറക്കാനിടയില്ല. നാട്ടിലും മറുനാട്ടിലും വെച്ച്‌ അപ്പുക്കുട്ടന്‍ നടത്തിയ ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊന്നും അശോകനെ വീഴ്‌ത്താനായില്ലെന്ന്‌ മാത്രമല്ല. അതെല്ലാം പാരകളായി തിരിച്ചടിച്ചപ്പോള്‍ മതിമറന്ന്‌ ചിരിച്ചവരാണ്‌ നമ്മള്‍.

ഇപ്പോഴിതാ പതിനെട്ട്‌ കൊല്ലത്തിന്‌ ശേഷം തൈപ്പറമ്പില്‍ അശോകനെ വീഴ്‌ത്താന്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ ഒരിയ്‌ക്കല്‍ കൂടി കച്ചകെട്ടുകയാണ്‌. അതേ മോളിവുഡിലെ ഏറ്റവും പുതിയ ട്രെന്‍ഡായ പരമ്പര സിനിമകളിലേക്ക്‌ ഒന്നു കൂടി. 1992ല്‍ സംഗീത്‌ ശിവന്റെ സംവിധാനത്തില്‍ മോഹന്‍ലാലും ജഗതിയും തകര്‍ത്തഭിനയിച്ച യോദ്ധയ്‌ക്കും ഒടുവില്‍ രണ്ടാം ഭാഗമൊരുങ്ങുകയാണ്‌.

യോദ്ധയ്‌ക്ക്‌ ശേഷം ബോളിവുഡിലേക്ക്‌ ചുവടു മാറ്റിയ സംഗീത്‌ ശിവന്‍ തന്നെയാണ്‌ പുതിയ ചിത്രത്തിനും രണ്ടാം ഭാഗമൊരുക്കുന്നത്‌. യോദ്ധ 2 എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍-ജഗതി ടീം തന്നെ കേന്ദ്രകഥാപാത്രങ്ങളാവും. രണ്ടാംഭാഗത്തിന്‌ ലാല്‍ ഡേറ്റ്‌ നല്‍കിക്കഴിഞ്ഞുവെന്ന്‌ തന്നെയാണ്‌ അറിയുന്നത്‌.

ആദ്യഭാഗം അവസാനിച്ച ഇടത്തു നിന്നു തന്നെയാണ്‌ രണ്ടാം ഭാഗത്തിന്റെയും കഥ ആരംഭിയ്‌ക്കുന്നതെന്ന്‌ സൂചനകളുണ്ട്‌. യോദ്ധയില്‍ വില്ലന്‍ കഥാപത്രത്തെ മനോഹരമാക്കിയ പുനീത്‌ ഇസാര്‍ പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്‌. മിത്തും ഫാന്റസിയും കൂട്ടിക്കലര്‍ത്തി നേപ്പാളില്‍ വെച്ച്‌ ചിത്രീകരിച്ച യോദ്ധയിലെ നായികയായി അഭിനയിച്ചത്‌ ഉര്‍വശിയും മധുബാലയുമായിരുന്നു. എന്നാല്‍ വമ്പന്‍ ബജറ്റില്‍ വിദേശ ലൊക്കേഷനുകളില്‍ ചിത്രീകിരയ്‌ക്കുന്ന യോദ്ധ രണ്ടിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ലക്ഷ്‌മി റായിയെ നായികയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ വാര്‍ത്തകളുണ്ട്‌.

എആര്‍ റഹ്മാന്റെ മാസ്‌മരിക സംഗീതത്തിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ യോദ്ധയുടെ രണ്ടാം ഭാഗത്തിന്‌ സംഗീതമൊരുക്കുന്നത്‌ ഹാരിസ്‌ ജയരാജാണ്‌. റഹ്മാന്‍ സംഗീതം പകര്‍ന്ന ഏകമലയാളം ചിത്രം കൂടിയായിരുന്നു യോദ്ധ. സംഗീത്‌ ശിവന്റെ സഹോദരനും പ്രശസ്‌ത ഛായാഗ്രാഹകനുമായ സന്തോഷ്‌ ശിവനായിരിക്കും യോദ്ധ 2ന്റെ ക്യാമറ കൈകാര്യം ചെയ്യുക. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പുറത്തുവരും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam