അഷ്നയ്ക്ക് സഹായവുമായി ബാബു ആന്റണി
അഷ്നയ്ക്ക് സഹായവുമായി ബാബു ആന്റണി
സപ്തംബര്‍ 30, 2000
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബോംബേറില്‍ പരിക്കേറ്റ അഞ്ചു വയസ്സുകാരി അഷ്നയ്ക്ക് സഹായ ഹസ്തവുമായി ആക്ഷന്‍ താരം ബാബു ആന്റണി. ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട് സ്പെഷ്യലിസ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഷ്നയെ കാണാനെത്തിയപ്പോഴാണ് ബാബു ആന്റണി സഹായം വാഗ്ദാനം ചെയ്തത്.
ഭാര്യ കാതറിനോടൊപ്പം ആശുപത്രിയില്‍ എത്തിയ ബാബു ആന്റണി അവിടെ വെച്ചു തന്നെ അഷ്നയുടെ വല്യച്ഛന്‍ രാഘവനു പതിനായിരം രൂപയുടെ ചെക്ക് കൊടുത്തു.
മലയാള സിനിമയില്‍ വില്ലനായി കടന്നുവന്ന് നായക നിരയിലെത്തിയ ബാബു ആന്റണി അഷ്നയുടെ ദുരിതം മാധ്യമങ്ങളില്‍ക്കൂടി അറിഞ്ഞാണ് ആശുപത്രിയിലെത്തിയത്. അഷ്നയുടെ ചികിത്സാവിവരങ്ങള്‍ ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്‍. രാജപ്പനില്‍ നിന്നും ബാബു ആന്റണി ചോദിച്ചു മനസ്സിലാക്കി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരിലെ പാട്യത്ത് സപ്തംബര്‍ 27-ന് ബുധനാഴ്ചയുണ്ടായ ബോംബാക്രമണത്തിലാണ് അഷ്നയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ബോംബ് ആക്രമണത്തില്‍ അഷ്നയുടെ വലതുകാല്‍മുട്ടിനു താഴെ ചിതറിപ്പോയിരുന്നു. സംഭവത്തില്‍ പരിക്കേറ്റ അഷ്നയുടെ അച്ഛനും അമ്മയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വല്ല്യച്ഛനാണ് ഇപ്പോള്‍ അഷ്നയുടെ സമീപമുള്ളത്.


Click it and Unblock the Notifications