ഇനി ഒരു സൂപ്പര്‍താര ചിത്രമാവാം
അച്ഛന്‍ ഉറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ- സൂപ്പര്‍താരങ്ങളില്ലാതെ മൂന്ന് ചിത്രങ്ങളാണ് ലാല്‍ ജോസ് ഒരുക്കിയത്. മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ്, ദിലീപ് നായകനായ മീശ മാധവന്‍, ചാന്തുപൊട്ട് എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ലാല്‍ ജോസ് സൂപ്പര്‍താരങ്ങളെ തീര്‍ത്തും ഒഴിവാക്കിയാണ് മൂന്ന് ചിത്രങ്ങളൊരുക്കിയത്.
ചാന്തുപൊട്ടിന്റെ വന്‍വിജയത്തിനു ശേഷമാണ് ലാല്‍ ജോസ് അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സൂപ്പര്‍താരചിത്രമൊരുക്കിയത്. ആ ചിത്രത്തിലൂടെ സലിംകുമാറിന് ആദ്യമായി ഗൗരവസ്വഭാവമുള്ള നായകവേഷം നല്‍കി. അച്ഛന്‍ ഉറങ്ങാത്ത വീട് സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും മികച്ച ചിത്രമെന്ന പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്റെയും നിരൂപകരുടെയും പ്രശംസ നേടിയെടുത്തു.
അടുത്ത ചിത്രം ക്ലാസ്മേറ്റ്സില്‍ യുവനടന്‍മാരായിരുന്നു നായകര്‍. അഛ്ഛന്‍ ഉറങ്ങാത്ത വീടിന് സാമ്പത്തിക വിജയം നേടാനാവാത്തതിന്റെ കോട്ടം ലാല്‍ ജോസ് ക്ലാസ്മേറ്റ്സില്‍ തീര്‍ത്തു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ക്ലാസ്മേറ്റ്സ് മാറി.
ഇപ്പോള്‍ ചിത്രീകരണം നടത്തിവരുന്ന ലാല്‍ ജോസിന്റെ അറബിക്കഥയില്‍ ശ്രീനിവാസനാണ് നായകന്‍. നായിക ഒരു ചൈനീസ് പെണ്‍കുട്ടി. ഫോര്‍മുലാ ചിത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന മറ്റൊരു സിനിമാസംരംഭം.
തുടര്‍ച്ചയായി മൂന്ന് പരീക്ഷണചിത്രങ്ങള്‍ ചെയ്തതിനു ശേഷം ലാല്‍ ജോസ് വീണ്ടും സൂപ്പര്‍താരങ്ങളിലേക്ക് തിരിയുകയാണ്. ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദിലീപാണ്. ചിത്രത്തിന്റെ പേര് മുല്ല. ഗോപികയാണ് നായിക. ലാല്‍ജോസ്-ദിലീപ് ചിത്രം ചാന്തുപൊട്ടിലും ഗോപികയായിരുന്നു നായിക. പാലക്കാടന്‍ ഗ്രാമങ്ങളിലായാണ് ചിത്രീകരണം.


Click it and Unblock the Notifications