സൂപ്പര്‍താരങ്ങളുടെ അച്ഛന്‍
മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും നല്ല വില്ലന്‍ നടനാരാണ്? സായികുമാറെന്ന് പറഞ്ഞാല്‍ മിക്കവരും അതിനോട് യോജിക്കും.
സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിരം വില്ലനായി സായികുമാര്‍ തുടര്‍ച്ചയായി വേഷമാടി. കഥാപാത്രങ്ങള്‍ക്ക് ആവര്‍ത്തനവിരസത വന്നപ്പോഴും തന്റേതായ ശൈലീമാറ്റങ്ങളിലൂടെ സായികുമാറിന് അത് അതിജീവിക്കാനായി. ഭരത്ചന്ദ്രന്‍ ഐപിഎസിലെ വില്ലന്‍ വേഷം ഉദാഹരണം.
മലയാളത്തിലെ ഏറ്റവും ഡിമാന്റുള്ള വില്ലന്‍ നടന് ഇപ്പോള്‍ പുതിയൊരു വേഷപ്പകര്‍ച്ച കൈവന്നിരിക്കുകയാണ്. സൂപ്പര്‍താരചിത്രങ്ങളിലെ നായകന്‍മാരുടെ ശത്രുവായി സ്ഥിരം വേഷമിട്ട സായികുമാര്‍ ഇപ്പോള്‍ സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ അച്ഛനാണ്!
രാജമാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ രണ്ടാനച്ഛനായാണ് സായികുമാര്‍ വേഷമിട്ടത്. മാണിക്യത്തിന്റെ അമ്മയുടെ ഭര്‍ത്താവായ മാടമ്പി. അയാള്‍ക്ക് മാണിക്യത്തോട് ഏറെ വാത്സല്യമുണ്ട്. ആ വേഷം സായികുമാര്‍ ഗംഭീരമാക്കി.
മോഹന്‍ലാലിനേക്കാള്‍ പ്രായം കുറവാണ് സായികുമാറിന്. എന്നിട്ടും ഛോട്ടാ മുംബൈയില്‍ സായികുമാര്‍ ചെയ്തത് മോഹന്‍ലാലിന്റെ അച്ഛന്‍ വേഷം. മുടി നരപ്പിച്ച് ലാലിന്റെ അച്ഛനായി സായികുമാര്‍ വേഷം കെട്ടിയപ്പോള്‍ അത് പ്രേക്ഷകര്‍ സ്വീകരിച്ചു.
ചിത്രീകരണം നടന്നുവരുന്ന സൂര്യന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ അച്ഛനായാണ് സായികുമാര്‍ വേഷമിടുന്നത്. സംഗീതോപാസകരായ ഹരിനാരായണന്റെയും മകന്‍ സൂര്യനാരായണന്റെയും വേഷങ്ങളിലാണ് ഈ ചിത്രത്തില്‍ സായികുമാറും ജയറാമും.


Click it and Unblock the Notifications