ഹാര്‍ട്ട് ബീറ്റ്സ് കൂട്ടാന്‍ സിമ്രാനെത്തുന്നു
മലയാളത്തില്‍ ഒരു സിനിമയില്‍ മാത്രമേ സിമ്രാന്‍ അഭിനയിച്ചിട്ടുള്ളൂ- ഇന്ദ്രപ്രസ്ഥം. സിമ്രാന്‍ തെന്നിന്ത്യന്‍ മനസ് കീഴടക്കുന്നതിന് മുന്പാണത്. ആദ്യ മലയാള ചിത്രത്തില്‍ തന്നെ പ്രേക്ഷകരുടെ ഹാര്‍ട്ട് ബീറ്റ്സ് കൂട്ടാന്‍ വേണ്ടതൊക്കെ സിമ്രാന്‍ ചെയ്തു. ഗാനരംഗങ്ങളില്‍ മേനി തുറന്നുകാട്ടി പഞ്ചാബ് സുന്ദരി നയം വ്യക്തമാക്കി.
സിമ്രാന് തമിഴിലെ നന്പര്‍ വണ്‍ നായികയാവാനുള്ള അരങ്ങൊരുക്കി കൊടുത്തത് ഇന്ദ്രപ്രസ്ഥം എന്ന അവരുടെ ആദ്യ തെന്നിന്ത്യന്‍ സിനിമയാണ്. ഹിന്ദിയില്‍ അഭിനയിച്ച ആദ്യചിത്രം പരാജയമായതോടെ ബോളിവുഡില്‍ ഇനി വലിയ പ്രതീക്ഷകളര്‍പ്പിക്കേണ്ടെന്ന ബോധ്യവുമായി മലയാളത്തിലെത്തിയ സിമ്രാന് ഇന്ദ്രപ്രസ്ഥത്തിനു ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇന്ദ്രപ്രസ്ഥത്തിലെ രംഗങ്ങള്‍ കണ്ട് തമിഴ് സിനിമക്കാര്‍ സിമ്രാനെ നായികയാവാന്‍ ക്ഷണിച്ചതോടെ ഖുശ് ബുവിനു ശേഷം തമിഴ് പ്രേക്ഷകരുടെ ഏറ്റവും വലിയ ആരാധനാപാത്രമായ നായിക ജനിക്കുകയായിരുന്നു.
വിവാഹത്തിനു ശേഷമാണ് സിമ്രാന്‍ തമിഴകത്തോടും സിനിമയോടും വിട പറഞ്ഞത്. പക്ഷേ മറ്റു പല നടിമാരെയും പോലെ വിവാഹത്തിനു ശേഷം സിമ്രാന് വീട്ടിലിരിപ്പുറച്ചില്ല. സിമ്രാന്‍ വീണ്ടും അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നു. പക്ഷേ തമിഴില്‍ സിമ്രാന്‍ രണ്ടാം വരവിനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്കൊന്നും തുടര്‍ച്ചയുണ്ടായില്ല. സിമ്രാനെ നായികയായി പ്രഖ്യാപിച്ച പ്രൊജക്ടുകളൊന്നും യാഥാര്‍ത്ഥ്യമായില്ല.
ഇപ്പോള്‍ സിമ്രാന്‍ തന‍്റെ ആദ്യവരവിനെ ഓര്‍മിപ്പിക്കും വിധം രണ്ടാം വരവിനും മലയാളത്തില്‍ തുടക്കം തേടുകയാണ്. വിനു ആനന്ദ് സംവിധാനം ചെയ്യുന്ന ഹാര്‍ട്ട് ബീറ്റ്സ് എന്ന മലയാള ചിത്രത്തില്‍ സിമ്രാന്‍ നായികയാവുന്നു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനു ശേഷം സിമ്രാന്‍ അഭിനയിക്കുന്ന ചിത്രമാണിത്.
തങ്കം ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് സിമ്രാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത്, മണിക്കുട്ടന്‍, ഗോവിന്ദന്‍കുട്ടി, ചാരുഹാസന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, അരുണ്‍, അനു പരുമല, അനൂപ് എന്നിവരും വേഷമിടുന്നു.
ഇന്ദ്രപ്രസ്ഥത്തിലും പിന്നീട് ഒട്ടേറെ തമിഴ് സിനിമകളിലും മേനിയഴക് തുറന്നുകാട്ടി പ്രേക്ഷകരുടെ ഹാര്‍ട്ട് ബീറ്റ്സ് കൂട്ടിയ സിമ്രാന്‍്റെ രണ്ടാം വരവില്‍ അവരുടെ ആരാധകര്‍ക്ക് പ്രതീക്ഷകളേറെ.


Click it and Unblock the Notifications











