മലയാളത്തിന് ഗ്ലാമറേകാന്‍ അന്യഭാഷാ നടിമാര്‍
അന്യഭാഷാ നായികമാരുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുകയാണ് മലയാള സിനിമയില്‍. നയന്‍താരയും ഭാവനയുമൊക്കെ തമിഴിലെയും തെലുങ്കിലെയും തിരക്കുകളില്‍ മുഴുകുന്പോള്‍ പുതിയ ചിത്രങ്ങളിലെ നായികമാരെ സംവിധായകര്‍ തേടുന്നത് അന്യഭാഷയില്‍ നിന്നാണ്.
ചിത്രീകരണം നടന്നുവരുന്ന മമ്മൂട്ടിയുടെ വന്ദേമാതരത്തില്‍ തമിഴിലെ മുന്‍നിര നടി സ്‌നേഹയാണ് നായിക. തുറുപ്പുഗുലാനു ശേഷം മമ്മൂട്ടിയുടെ നായികയാവാന്‍ സ്‌നേഹ വീണ്ടും മലയാളത്തിലെത്തുകയാണ്. സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ഗോപീകൃഷ്‌ണനായി മമ്മൂട്ടിയും ഭാര്യ നന്ദിനിയായി സ്‌നേഹയും അഭിനയിക്കുന്നു.
ഹരിഹരന്‍-എം.ടി ടീമിന്റെ മമ്മൂട്ടി ചിത്രം പഴശിരാജയിലും സ്‌നേഹയാണ് നായിക. മമ്മൂട്ടി പഴശിരാജയായി വേഷമിടുന്ന ചിത്രത്തില്‍ പഴശിരാജയുടെ ഭാര്യയായാണ് സ്‌നേഹ അഭിനയിക്കുന്നത്.
ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായ റാഫി മെക്കാര്‍ട്ടിന്റെ ഹലോയില്‍ മോഹന്‍ലാലിന്റെ നായിക പാര്‍വതി മില്‍ട്ടണാണ്. യുഎസില്‍ താമസിക്കുന്ന പാര്‍വതി മില്‍ട്ടന്‍ തെലുങ്കില്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചതിനു ശേഷമാണ് മലയാളത്തിലെത്തുന്നത്.
ബാലചന്ദറിന്റെ പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തിയ വിമലാ രാമന്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ ടൈമിലും ജയറാം നായകനായ സൂര്യനിലും നായിക വിമലാ രാമനാണ്. പ്രണയകാലമാണ് വിമലാ രാമന്‍ നായികയായ മറ്റൊരു ചിത്രം.
ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നോവല്‍ എന്ന ചിത്രത്തില്‍ നായികയാവുന്നത് തമിഴിലെ ഗ്ലാമര്‍ ഗേള്‍ സദയാണ്. തീവ്രമായ ഒരു പ്രണയബന്ധത്തിന്റെ കഥ പറയുന്ന നോവല്‍ സദ നായികയാവുന്ന ആദ്യ മലയാള ചിത്രമാണ്.
ചിത്രീകരണം പുരോഗമിക്കുന്ന ജോഷി ചിത്രം ജൂലൈ നാലില്‍ ദിലീപിന്റെ നായിക റോമയാണ്. ചെന്നൈയില്‍ താമസമാക്കിയ ഉത്തരേന്ത്യക്കാരിയായ ഈ നടി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത നോട്ട്‌ബുക്കില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചോക്കളേറ്റ് എന്ന ചിത്രത്തിലും റോമയാണ് നായിക.


Click it and Unblock the Notifications