ജൂണില്‍ തിയേറ്ററുകളില്‍ കടല്‍
സൂപ്പര്‍താരങ്ങളില്‍ സിനിമകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മമ്മൂട്ടിയാണ് മുന്നില്‍. 2006ല്‍ ഹിറ്റുകളുമായി മോഹന്‍ലാല്‍ മുന്നില്‍ നിന്നപ്പോഴും മമ്മൂട്ടിക്കായിരുന്നു കൂടുതല്‍ ചിത്രങ്ങള്‍. ഈ വര്‍ഷവും അങ്ങനെ തന്നെയാവുമെന്നാണ് മമ്മൂട്ടി തുടരെ പൂര്‍ത്തിയാക്കുന്ന പ്രൊജക്ടുകള്‍ നല്‍കുന്ന സൂചന.
ഈ വര്‍ഷം ഇതുവരെ മൂന്ന് മമ്മൂട്ടി ചിത്രങ്ങളാണ് റിലീസ് ചെയ്‌തത്- മായാവി, കയ്യൊപ്പ്, ബിഗ് ബി. മമ്മൂട്ടിയുടെ അടുത്ത ചിത്രം ജൂണില്‍ റിലീസ് ചെയ്യും. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഒരേ കടല്‍ ജൂണ്‍ മധ്യത്തോടെ തിയേറ്ററുകളിലെത്തും. ജൂലൈയില്‍ തന്നെ മമ്മൂട്ടിയുടെ അടുത്ത ചിത്രവും റിലീസ് ചെയ്യും. ചിത്രീകരണം നടന്നുവരുന്ന മിഷന്‍ 90 ഡേയ്‌സ് ജൂലൈയിലെത്തുന്നതോടെ ആറ് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രങ്ങളുടെ എണ്ണം അഞ്ചാവും. ജൂലൈക്കുള്ളില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഓരോ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ചിത്രങ്ങളുടെ എണ്ണത്തില്‍ മമ്മൂട്ടി തന്നെ മുന്നില്‍.
ഒരേ കടല്‍ സമാന്തര സിനിമാ വിഭാഗത്തില്‍പ്പെടുന്ന മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ്. കയ്യൊപ്പിനു ശേഷം ഒരേ കടല്‍- കച്ചവട സ്വഭാവം പരിഗണിക്കാതെ മികച്ച സിനിമകള്‍ക്കായി ഡേറ്റ് നീക്കിവയ്ക്കാനും ഇതിനിടയില്‍ മമ്മൂട്ടി ശ്രദ്ധിക്കുന്നു. മായാവി, ബിഗ് ബി എന്നീ സ്ഥിരം കച്ചവട ഫോര്‍മുലകള്‍ക്കൊപ്പിച്ചൊരുക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിക്ക് ഏറെ അഭിനയപ്രാധാന്യമുള്ള ഓഫ് ബീറ്റ് ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്.
മീരാ ജാസ്മിനാണ് ഒരേ കടലില്‍ മമ്മൂട്ടിയുടെ നായിക. മമ്മൂട്ടിയും മീരാ ജാസ്മിനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. നരേനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ജീവിത സങ്കീര്‍ണതകള്‍ മുറ്റിനില്‍ക്കുന്ന, കഥാപാത്രങ്ങളുടെ അന്തര്‍സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഒരേ കടല്‍.


Click it and Unblock the Notifications