ജാക്കിയ്ക്കും ഗോവിന്ദന്‍കുട്ടിക്കും പുനര്‍ജനി
ആക്ഷന്‍ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താരമായി വളരുന്നതിന് തുടക്കം കുറിച്ച ചിത്രങ്ങളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ അലിയാസ് ജാക്കി എന്ന കഥാപാത്രം അധോലോക നായകനു ചേര്‍ന്ന സവിശേഷതകളുള്ള വേഷമായിരുന്നു.
സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ വില്ലന്‍. മുഖ്യമന്ത്രിയുടെ മകനായ ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രം. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഈ രണ്ടു കഥാപാത്രങ്ങളും വീണ്ടും പുനര്‍ജനിക്കുന്നു. ചിത്രത്തിന്റെ പേര് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
മോഹന്‍ലാലും സുരേഷ് ഗോപിയും നായകനും വില്ലനുമായി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്തത് കെ.മധുവായിരുന്നു. അതേ സമയം ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന് രചന നിര്‍വഹിച്ച എസ്.എന്‍.സ്വാമി തന്നെയാണ്.
പഴയ കഥാപാത്രങ്ങള്‍ പുതിയ ചിത്രങ്ങളില്‍ പുനര്‍ജനിക്കുന്നത് പുതുമയല്ലെങ്കിലും ഒരു പഴയകാല ഹിറ്റ് ചിത്രത്തിലെ നായകനും വില്ലനും പുനര്‍ജനിക്കുകയും ആ കഥാപാത്രങ്ങളെ രണ്ട് സൂപ്പര്‍താരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് ആദ്യമായാണ്. ഇന്‍സ്പെക്ടര്‍ ബല്‍റാം, അതിരാത്രം എന്നീ ചിത്രങ്ങളിലെ നായകന്‍മാര്‍ പുനര്‍ജനിപ്പിച്ചാണ് ബല്‍റാം വേഴ്സസ് താരാദാസ് ഒരുക്കിയത്. പക്ഷേ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് മമ്മൂട്ടി തന്നെയായിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ചിത്രത്തനു ശേഷം മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications