For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാട്യവൈഭവത്തിന്റെ വജ്രശോഭയോടെ വിമലാരാമന്‍

  By Staff
  |

  ഉടലൊതുങ്ങിയോള്‍ മധ്യം

  ചുരുങ്ങിയോള്‍,

  ചൊടികള്‍ തൊണ്ടിപ്പഴം പോല്‍ വിളങ്ങുവോള്‍,

  അരിയവെളളരിപ്പല്ലും ഭയന്ന മാന്‍-

  മിഴികളും നിമ്‌നനാഭിയുമുളളവള്‍,

  ചെറുതു ചായുവോള്‍ കൊങ്കയാല്‍,

  ശ്രോണി തന്‍-

  ഗുരുതകാരണം മന്ദം നടക്കുവോള്‍,

  പ്രമദമാരില്‍ വച്ചീശന്റെ

  സൃഷ്ടിയില്‍

  പ്രഥമയാണു നീ കാണുമാ

  ശ്യാമയാള്‍.

  മേഘസന്ദേശത്തിലെ നായികയെ കാളിദാസന്‍ വര്‍ണിക്കുന്ന വരികളാണ്‌ മുകളിലേത്‌. മലയാള സിനിമാനടിമാര്‍ക്കിടയിലെ പുതിയ സെന്‍സേഷനായ വിമലാ രാമന്റെ കാര്യത്തില്‍ അവസാന വരിയില്‍ മാത്രമാകും അഭിപ്രായവ്യത്യാസം. വെളുത്തു തുടുത്തിരിക്കുന്ന വിമലയെ ശ്യാമയാള്‍ എന്നു വിശേഷിപ്പിക്കാനാവില്ലല്ലോ.

  ആകാരഭംഗിയും മുഖസൗന്ദര്യവും ഒത്തിണങ്ങിയൊരു നടിയുടെ അഭാവം മലയാള സിനിമാ ലോകത്തുണ്ട്‌. കാവ്യാ മാധവനും മീരാ ജാസ്‌മിനും ഭാവനയുമൊന്നും കൗമാരത്തിന്റെ പരിമിതികള്‍ ഇനിയും കടന്നിട്ടില്ല. അവിടെയാണ്‌ വിമലാ രാമന്‍ മലയാള സിനിമാ പ്രേക്ഷകരുടെ കണ്ണുകളിലേയ്‌ക്ക്‌ അവര്‍ ഏറെ നാളായി കാത്തിരുന്ന കൊതിപ്പിക്കുന്നൊരു കാഴ്‌ച കോരി നിറയ്‌ക്കുന്നത്‌.

  നിഷ്‌കളങ്കതയും മാദകത്വവും ഒരേ സമയം സ്‌ഫുരിപ്പിക്കുന്ന വിടര്‍ന്നു നീണ്ട കണ്ണുകള്‍.ഹൃദയപേശികളില്‍ തുളച്ചു കയറുന്ന കൂര്‍ത്ത മുനകളുണ്ട് ഈ കണ്ണുകളില്‍ നിന്നും തെറിക്കുന്ന നോട്ടത്തിന്. കടഞ്ഞു വച്ചതു പോലുളള ഉയര്‍ന്ന നാസിക. ഒത്ത ശരീരം. അഴകളവുകളുടെ അപൂര്‍വമായ അനുപാതഭംഗി. എല്ലാം കൊണ്ടും വിമലാ രാമന്‍ അഭ്രപാളിയില്‍ വജ്രശോഭയോടെ തിളങ്ങും.

  ആസ്‌ട്രേലിയയിലാണ്‌ വിമലാ രാമന്‍ ജനിച്ചു വളര്‍ന്നത്‌. സിഡ്‌നിയിലെ നടനാലയ ഡാന്‍സ്‌ ആന്റ്‌ മ്യൂസിക്‌ അക്കാദമിയില്‍ നൃത്തവും സംഗീതവും പരിശീലിച്ചു. ഭരതനാട്യത്തില്‍ സവിശേഷമായ താല്‍പര്യമുളള വിമലാ രാമന്റെ ഗുരു ശ്രീമതി ജയലക്ഷ്‌മി കന്‍ഡിയയാണ്‌.

  2004ലെ മിസ്‌ ഇന്ത്യാ ആസ്‌ട്രേലിയ കിരീടം ചൂടിയ ഈ പെണ്‍കുട്ടി എണ്ണമറ്റ പരസ്യ ചിത്രങ്ങളില്‍ മോഡലായിട്ടുണ്ട്‌. അതേ വര്‍ഷം തന്നെ മിസ്‌ ഇന്ത്യ ഇന്ത്യ ആസ്‌ട്രേലിയ സൈബര്‍ ക്വീനായും വിമല തെരഞ്ഞെടുക്കപ്പെട്ടു. ആസ്‌ട്രേലിയ ഇന്ത്യാ ബിസിനസ്‌ ചേമ്പറിന്റെ യൂത്ത്‌ അംബാസഡര്‍ പദവിയും വിമലയെ തേടിയെത്തിയിട്ടുണ്ട്‌.

  തീര്‍ന്നില്ല വിമലയുടെ അരങ്ങിലെ പരിചയം. സിഡ്‌നി ഒളിംബിക്‌സിന്റെ ഉദ്‌ഘാടനത്തിന്‌ ചിലങ്കയണിഞ്ഞ്‌ നൃത്തമാടാനുളള അവസരവും ലഭിച്ചിട്ടുണ്ട്‌ ഭരതനാട്യത്തിലെ ഈ ബിരുദധാരിയ്‌ക്ക്‌. ചിന്മയ മിഷനു വേണ്ടിയും സായിബാബ മ്യൂസിക്കല്‍ പ്രോഗ്രാമിലുമൊക്കെ മനം നിറഞ്ഞാടിയ അനുഭവ പരിചയവും വിമലയ്‌ക്ക്‌ സ്വന്തം.

  കഴിഞ്ഞ 18 വര്‍ഷത്തെ നൃത്ത പരിചയമുണ്ട്‌ ഈ സുന്ദരിക്ക്‌. സ്‌പെഷ്യലൈസ്‌ ചെയ്‌തിരിക്കുന്നത്‌ ഭരതനാട്യത്തില്‍. ഭരതനാട്യത്തിലെ കലാക്ഷേത്ര ഇനത്തിലാണ്‌ വിമല വൈദഗ്‌ധ്യം നേടിയിരിക്കുന്നത്‌. നടനാലയയുടെ നൃത്തവേദിയില്‍ കഴിഞ്ഞ 18 വര്‍ഷമായി മുടങ്ങാതെ പ്രത്യക്ഷപ്പെടുന്നതിന്റെ അരങ്ങു പരിചയം സിനിമയില്‍ മുതല്‍ക്കൂട്ടാവുമെന്നതില്‍ ആര്‍ക്കുമില്ല സംശയം.

  ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തനായ നര്‍ത്തകരില്‍ ഒരാളാണ്‌ സി വി ചന്ദ്രശേഖര്‍. അദ്ദേഹത്തോടൊപ്പം ക്രീഡ എന്ന സംഗീത നൃത്ത പരിപാടിയില്‍ പങ്കെടുത്തത്‌ വിമലയാണ്‌. കാന്‍ബറയിലും സിഡ്‌നിയിലും ആയിരക്കണക്കിന്‌ നൃത്തപ്രേമികളുടെ മനസിന്റെ മണ്ഡപത്തില്‍ ഇപ്പോഴുമുണ്ട്‌ ഈ ചിലങ്കക്കിലുക്കം.

  ന്യൂയോര്‍ക്കിലെ ഗണപതി ക്ഷേത്രത്തിലും വിമല നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌. അമേരിക്കയിലെ എണ്ണമറ്റ വേദികളിലും. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും മുന്പു തന്നെ നൃത്തപ്രേമികളുടെ ഉളളു കവര്‍ന്നിട്ടുണ്ട്‌ വിമലാ രാമന്‍.

  സ്വന്തമായ വ്യക്തിത്വവും അനുഭവപരിചയവും നാട്യമിടുക്കു കൊണ്ട്‌ രാജ്യാന്തര പ്രശസ്‌തിയും നേടിയ ശേഷമാണ്‌ വിമലാ രാമന്‍ സ്‌ക്രീനിലെത്തുന്നത്‌. വിമലയുമായി താരതമ്യം ചെയ്യാന്‍ ഇപ്പോള്‍ നമുക്കൊരു ശോഭന മാത്രമേയുളളൂ. ശോഭന നിര്‍ത്തിയടത്തു നിന്നാണ്‌ വിമല തുടങ്ങുന്നത്‌.

  നൃത്തവേദികളുടെ വൈപുല്യം കൊണ്ടും ഇതുവരെ നേടിയ പരിചയം കൊണ്ടും ശോഭനയെക്കാള്‍ വിമല മുന്പിലാകാനേ തരമുളളൂ. മിസ്‌ ഇന്ത്യ ആസ്‌ട്രേലിയ പട്ടവും സിഡ്‌നി ഒളിംബിക്‌സിന്റെ ഉദ്‌ഘാടന വേദി നല്‍കിയ ആത്മവിശ്വാസവും യൂത്ത്‌ അംബാസിഡര്‍ പദവിയിലേയ്‌ക്കുയര്‍ത്തിയ കോര്‍പറേറ്റ്‌ പരിചയവും നമ്മുടെ നടിമാര്‍ക്കാരുടെ വിദൂരസ്വപ്‌നങ്ങളില്‍ പോലും ഉണ്ടാവില്ലല്ലോ.

  മലയാളത്തില്‍ ഇതുവരെ വിമലാ രാമന്റെ ഒരു ചിത്രവും റിലീസ്‌ ചെയ്‌തിട്ടില്ല. ജൂണ്‍ 11ന്‌ റിലീസ്‌ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്ന ടൈം ആണ്‌ അവരുടെ ആദ്യമലയാള ചിത്രം.

  നവാഗത സംവിധായകനായ ഉദയ്‌ ആനന്ദിന്റെ പ്രണയകാലം എന്ന സിനിമയും പൂര്‍ത്തിയായിട്ടുണ്ട്‌.

  മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന നസ്രാണി എന്ന ചിത്രത്തിലും വിമലയാണ്‌ നായിക. മോഹന്‍ലാലിന്റെ കോളജ്‌ കുമാരന്‍ എന്ന ചിത്രത്തിലേയ്‌ക്കും നായികാവേഷത്തില്‍ കരാറായിക്കഴിഞ്ഞു.

  ഷാജി കൈലാസിന്റെ അടുത്ത മോഹന്‍ലാല്‍ ചിത്രമായ അലിഭായിയിലും വിമലയായിരിക്കും നായികയെന്നറിയുന്നു. ഗോപികയെയാണ്‌ നേരത്തെ നായികയായി തീരുമാനിച്ചിരുന്നതെങ്കിലും നറുക്ക്‌ ഇവര്‍ക്കാകാനാണ്‌ സാധ്യത.

  മലയാള സിനിമാ ലോകത്തെ ഏറ്റവും സെന്‍സേഷനാവുന്ന നായികാ രംഗപ്രവേശമാണ്‌ വിമലയുടേത്‌. സമകാലീന നടിമാര്‍ക്കാര്‍ക്കുമില്ലാത്ത ഒട്ടേറെ സവിശേഷതകളുമായി വിമല സ്‌ക്രീനില്‍ നിറയുന്പോള്‍ നായികാദാരിദ്ര്യത്തെക്കുറിച്ച്‌ ഏറെ നാളായി കേള്‍ക്കുന്ന പരാതിയ്‌ക്ക്‌ പരിഹാരമാകുമെന്ന്‌ ഉറപ്പിക്കാം.

  ശോഭനയും മഞ്‌ജുവാര്യരും അരങ്ങൊഴിഞ്ഞതു മൂലം ഒഴിഞ്ഞുകിടക്കുന്ന, എല്ലാം തികഞ്ഞ ഒരു നടിയുടെ കസേരയുണ്ട്‌ മലയാള സിനിമാ ലോകത്തിന്റെ ഉമ്മറത്ത്‌. അതിലിരിക്കാനുളള സര്‍വയോഗ്യതയുമായി വരികയാണ്‌ വിമലാ രാമന്‍.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X