ആരാണ് നല്ല സുഹൃത്ത്?
ഉറ്റ സുഹൃത്തെന്നു കരുതുന്നവര്‍ പലപ്പോഴും ജീവിതത്തില്‍ പല പ്രശ്നങ്ങളും വരുത്തിവയ്ക്കുന്നവരായിരിക്കും. അതില്‍ നിന്നൊക്കെ ഊരിപ്പോരാന്‍ തുണയായുണ്ടാവുക ഭാര്യ മാത്രം. യഥാര്‍ത്ഥത്തില്‍ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്ത് ഭാര്യയാണ്- വേണു നാഗവള്ളി ഒരുക്കുന്ന സുഹൃത്ത് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് പകരുന്ന സന്ദേശം ഇതാണ്.
ഗള്‍ഫില്‍ നിന്ന് ധാരാളം പണമുണ്ടാക്കി നാട്ടിലെത്തിയ ഒരു സമ്പന്നനാണ് കറിയാച്ചന്‍. ഭാര്യ മോളിയുമായി ചേര്‍ന്ന് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുകയാണ് അയാള്‍ ഇപ്പോള്‍. കറിയാച്ചന്റെ സുഹൃത്താണ് ഗിരിജാ വല്ലഭന്‍. ജീവിതത്തെ ആഘോഷമാക്കണമെന്ന് കരുതുന്ന ഗിരിജാ വല്ലഭന്‍ കറിയാച്ചനില്‍ ചെലുത്തുന്ന സ്വാധീനം അയാളുടെ ജീവിതത്തില്‍ തന്നെ പല മാറ്റങ്ങളുമുണ്ടാക്കി.
മുണ്ടും ജുബ്ബയും മാത്രം ധരിച്ചിരുന്ന കറിയാച്ചന്‍ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും ഷൂസും ധരിക്കാന്‍ തുടങ്ങി. അയാളുടെ ജീവിതത്തില്‍ തന്നെ പല മാറ്റങ്ങളുമുണ്ടായി. പണമിടപാട് സ്ഥാപനത്തില്‍ കറിയാച്ചന് ശ്രദ്ധ ഇല്ലാതാവുകയാണെന്ന് മോളിക്കു തോന്നിത്തുടങ്ങി.
ലക്ഷ്മിശ്രീ ടെക് സ്റ്റൈല്‍സ് നടത്തുന്ന ഗിരിജാ വല്ലഭന്‍ സ്ത്രീകളുമായി അടുത്തിടപഴകാന്‍ താത്പര്യപ്പെടുന്നയാളാണ്. ഇത് പലപ്പോഴും ഭാര്യ ലക്ഷ്മിശ്രീയില്‍ സംശയങ്ങളുണര്‍ത്തുന്നു. കറിയാച്ചന്റെയും ഗിരിജാ വല്ലഭന്റെയും ജീവിതത്തിലുണ്ടാവുന്ന ചില പ്രശ്നങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.
കറിയാച്ചനായി ജഗതി ശ്രീകുമാറും മോളിയായി ഉര്‍വശിയുമാണ് അഭിനയിക്കുന്നത്. ഗിരിജാ വല്ലഭനെ മുകേഷും ലക്ഷ് മിശ്രീയെ പത്മപ്രിയയും അവതരിപ്പിക്കുന്നു. തിലകന്‍, ഹരിശ്രീ അശോകന്‍, വിജയ് മോഹന്‍, ലിസി ജോസ്, ശ്രുതി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
വേണു നാഗവള്ളിയും ചെറിയാന്‍ കല്പകവാടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒ.എന്‍.വി. കുറുപ്പിന്റെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം നമ്പ്യാതിരി. മിസ്റ്റിക് ഐയുടെ ബാനറില്‍ കൃഷ്ണകുമാറും ബിജു ഷംസുദ്ദീനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications