അലിഭായിയില്‍ 108 താരങ്ങള്‍!
ഐ.വി.ശശിയുടെ ചിത്രങ്ങള്‍ ഒരു കാലത്ത് താരസമ്പന്നമായിരുന്നു. മലയാളത്തിലെ ഏതാണ്ടെല്ലാ താരങ്ങളെയും അണിനിരത്തി അഹിംസ പോലുള്ള ചിത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇന്ന് സിനിമകള്‍ താരസമൃദ്ധമായ ആകാശങ്ങളല്ല. എന്നാല്‍ ഷാജി കൈലാസ് ഐ.വി.ശശിയെ വെല്ലും വിധം താരസമൃദ്ധിയുമായി ഒരു ചിത്രമൊരുക്കുകയാണ്.
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന അലിഭായി എന്ന ചിത്രത്തില്‍ 108 താരങ്ങളാണ് അണിനിരക്കുന്നത്. സമീപകാലത്തൊന്നും ഇത്രയേറെ അഭിനേതാക്കള്‍ അണിനിരക്കുന്ന ഒരു ചിത്രം മലയാളത്തിലുണ്ടായിട്ടില്ല.
മോഹന്‍ലാല്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും മീശ പിരിയന്‍ വേഷത്തിലെത്തുന്ന അലിഭായിയിലെ നായിക ഗോപികയാണ്. തമിഴ് ചിത്രം വെയിലിലൂടെ ശ്രദ്ധേയയായ പ്രിയങ്കയാണ് ഉപനായിക. ഹിന്ദി, തെലുങ്ക്, തമിഴ് നടന്‍ ആര്യമണ്‍ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നു.
കോഴിക്കോട് അങ്ങാടിയിലെ തൊഴിലാളികളുടെ നേതാവായ അലിഭായി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ സമൃദ്ധമായ അലിഭായി മറ്റൊരു ടിപ്പിക്കല്‍ ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രമായിരിക്കും.
കോഴിക്കോട്ടും പൊള്ളാച്ചിയിലുമായാണ് അലിഭായി ചിത്രീകരിക്കുന്നത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications