തിരക്കഥ സംഭാഷണം ജഗദീഷ്
ഏതാനും സിനിമകള്‍ക്ക് കഥയും തിരക്കഥയുമെഴുതിയിട്ടുള്ള നടന്‍ ജഗദീഷ് നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒരു സിനിമക്ക് രചന നിര്‍വഹിക്കാനായി തൂലികയെടുക്കുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന നാഴിയൂരിപ്പാല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ജഗദീഷ് തിരക്കഥ രചിക്കുന്നത്.
പ്രിയദര്‍ശന്റെ ഹിന്ദി ചിത്രം മല്‍മല്‍ വീക്ക് ലിയുടെ മലയാളത്തിലെ റീമേക്കാണ് നാഴിയൂരിപ്പാല്‍. ഒരു ഗ്രാമീണന് ഒരു കോടി രൂപയുടെ ലോട്ടറിയടിക്കുന്നതും സന്തോഷാധിക്യത്താല്‍ അയാള്‍ മരണമടയുന്നതു തുടര്‍ന്ന് ലോട്ടറി തട്ടിയെടുക്കാന്‍ ഗ്രാമത്തിലെ ഒരു കൂട്ടം പേര്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
മല്‍മല്‍ വീക്ക് ലിയുടെ കഥ പ്രിദയര്‍ശന്റേതു തന്നെ. തന്റെ കഥയ്ക്ക് മലയാളത്തില്‍ തിരക്കഥയും സംഭാഷണവും രചിക്കാന്‍ പ്രിയന്‍ തന്നെയാണത്രെ ജഗദീഷിന്റെ പേര് നിര്‍ദേശിച്ചത്.
17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജഗദീഷ് ഒരു ചിത്രത്തിനു വേണ്ടി തിരക്കഥ രചിക്കുന്നത്. മോഹന്‍ലാല്‍ നായകനായ കെ.മധുവിന്റെ അധിപനു വേണ്ടിയാണ് ഒടുവിലായി ജഗദീഷ് തിരക്കഥ രചിച്ചത്.
ജഗദീഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ലോട്ടറിയടിച്ചതിന്റെ സന്തോഷാധിക്യത്താല്‍ മരിക്കുന്ന ഗ്രാമീണനായി മല്‍മല്‍ വീക്ക് ലിയില്‍ അഭിനയിച്ചത് ഇന്നസെന്റായിരുന്നു. ഇന്നസെന്റിന്റെ ആദ്യ ഹിന്ദി ചിത്രമാണ് മല്‍മല്‍ വീക്ക് ലി. ചിത്രം മലയാളത്തിലെത്തുമ്പോഴും ഇന്നസെന്റ് വേഷമിടുന്നുണ്ട്.
ഇന്നസെന്റിനെയും ജഗദീഷിനെയും കൂടാതെ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സലിംകുമാര്‍, മംമ്താ മോഹന്‍ദാസ്, വാണി വിശ്വനാഥ് എന്നിവരും നാഴിയൂരിപ്പാലില്‍ വേഷമിടുന്നു.
ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. സംഗീതം ബേണി ഇഗ്നേഷ്യസ്. മെയ് 31ന് കാരക്കുടിയില്‍ ചിത്രീകരണം ആരംഭിക്കും. ആഗസ്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications