ലാലിന്റെ രൂപമാറ്റങ്ങള്‍
ലാല്‍ പുതിയ രൂപമാറ്റങ്ങളിലാണ്. ഛോട്ടാ മുംബൈയില്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മോഹന്‍ലാലിന്റെ അടിപൊളി വേഷം. ഹലോയില്‍ ലാലിന്റെ മറ്റൊരു വ്യത്യസ്ത രൂപം. റിലീസിംഗിന് തയ്യാറായി ഇരിക്കുന്ന പരദേശിയില്‍ ലാലിന്റെ പല വേഷപ്പകര്‍ച്ചകള്‍. അലിഭായിയിലെത്തുമ്പോള്‍ വീണ്ടും മീശ പിരിച്ച അതിമാനുഷകന്‍.
കാര്‍ണിവല്‍ മൂഡിലുള്ള ആക്ഷന്‍ കോമഡിയായ ഛോട്ടാ മുംബൈയിലെ ചെത്തുവേഷത്തോടെയാണ് ഈ വര്‍ഷം മോഹന്‍ലാല്‍ തുടങ്ങിയത്. ഫോര്‍ട്ട് കൊച്ചിയിലെ അടിപൊളി പയ്യന്‍മാരുടെ വിചിത്ര വേഷം മോഹന്‍ലാല്‍ കടമെടുത്തപ്പോള്‍ ആരാധകര്‍ക്ക് അത് ഏറെ രസിച്ചു.
റാഫി മെക്കാര്‍ട്ടിന്റെ ഹലോയിലെത്തിയപ്പോള്‍ കാണുന്നത് ഹെയര്‍ സ്റ്റൈലിലും രൂപത്തിലും മാറ്റം വരുത്തിയ മറ്റൊരു ലാലിനെ. അലസമായ ചെമ്പിച്ച മുടിയും കണ്ണടയുമായി ലാലിന് മറ്റൊരു രൂപമാറ്റം. ഒരു മദ്യപാനിയുടെ ചേഷ്ടകളും കൂടിയാവുമ്പോള്‍ ലാല്‍ ആരാധകര്‍ക്ക് തമാശയുടെ മറ്റൊരു വിരുന്ന്.
ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിംഗിന് തയ്യാറായിരിക്കുന്ന പരദേശിയില്‍ ലാലിന്റെ പല വേഷപ്പകര്‍ച്ചകളാണ് കാണാനാവുക. യുവാവായും മധ്യവയസ്കനായും വൃദ്ധനായും ലാലിന്റെ പല മുഖങ്ങള്‍. കച്ചവട സിനിമയിലെ കസര്‍ത്തുകള്‍ക്കിടയില്‍ ലാല്‍ എന്ന നടന്റെ അഭിനയമികവ് മാറ്റുരയ്ക്കുന്ന പരീക്ഷണം കൂടിയാവുന്നു ഈ ചിത്രം.
ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞ ഷാജി കൈലാസിന്റെ അലിഭായിയില്‍ മീശ പിരിച്ച് തിമര്‍ത്താടുന്ന മോഹന്‍ലാലിന്റെ പഴയ അമാനുഷിക വേഷമാണ് കാണാവുക. പിരിച്ച മീശയും കടുംനിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമായി റൗഡി പരിവേഷത്തില്‍ അലിഭായി പ്രത്യക്ഷപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ബോക്സോഫീസിലെ വന്‍വിജയത്തിലേക്കാണ് ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications